അമിത കൂലി, ഓട്ടം പോകാതിരിക്കൽ: ഓട്ടോക്കാർക്കെതിരെ കർശന നടപടി
text_fieldsനഗരത്തിലെ ഓട്ടോകൾ
ബംഗളൂരു: അമിത കൂലി ഈടാക്കുന്ന ഓട്ടോ ഡ്രൈവർമാർക്കെതിരെ കർശന നടപടിക്കൊരുങ്ങി പൊലീസ്. ഓട്ടോ ഡ്രൈവര്‍മാര്‍ അമിതനിരക്ക് ചോദിച്ചാലും യാത്ര പോകാന്‍ വിസമ്മതിച്ചാലും യാത്രക്കാര്‍ പരാതി നൽകണമെന്ന് നിർദേശിച്ചിരിക്കുകയാണ് ട്രാഫിക് പൊലീസ്. അമിതനിരക്ക് ഈടാക്കുന്ന ഡ്രൈവര്‍മാരെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കാനുള്ള സൗകര്യവും ഉണ്ട്.
ഡ്രൈവര്‍മാര്‍ കൂടിയ നിരക്ക് ആവശ്യപ്പെട്ടാല്‍ ഓട്ടോമേറ്റഡ് ഐ.വി.ആര്.എസില്‍ പരാതി രജിസ്റ്റര്‍ ചെയ്യാം. 080 22868550, 22868444 എന്നീ നമ്പറുകളിലേക്കാണ് വിളിക്കേണ്ടത്. ഓട്ടോറിക്ഷയുടെ രജിസ്ട്രേഷന് നമ്പറും വിളിക്കുന്ന സ്ഥലവും ദിവസവും തീയതിയും പരാതിയില്‍ വ്യക്തമാക്കണം. ഓട്ടോ ഡ്രൈവര്‍മാര്‍ ഡ്യൂട്ടി സമയത്ത് ഓട്ടം പോകാന്‍ തയാറായില്ലെങ്കിലും പരാതി രജിസ്റ്റര്‍ ചെയ്യാമെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, ഇത്തരം ടാക്സികൾ നിയമവിരുദ്ധമാണെന്ന് പറഞ്ഞ് നിരോധിക്കാനുള്ള നടപടികളിലാണ് സംസ്ഥാനസർക്കാർ.
നഗരത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ അമിതനിരക്ക് ഈടാക്കുന്നുവെന്ന പരാതി വ്യാപകമാണ്. ഇതേച്ചൊല്ലി യാത്രക്കാരും ഡ്രൈവറും തമ്മില്‍ വഴക്കുണ്ടാകുന്നതും പതിവാണ്. പലപ്പോഴും ഡ്രൈവര്‍ ചോദിക്കുന്ന കൂലി കൊടുക്കാന്‍ യാത്രക്കാര്‍ നിര്‍ബന്ധിതരാകുന്നു.
മലയാളികളുള്‍പ്പെടെയുള്ള ഇതരസംസ്ഥാനക്കാരും കര്‍ണാടകയിലെ മറ്റു ജില്ലകളില്നിന്നുള്ളവരുമാണ് ഇതിന് കൂടുതൽ ഇരയാകുന്നത്. ഈ പ്രശ്നം ഒഴിവാക്കാനായി ഒലെ, ഉബർപോലുള്ള ആപ്പുകൾ ഉപയോഗിച്ച് ടാക്സികൾ വിളിക്കുകയാണ് പലരും ചെയ്യുന്നത്. എന്നാൽ പെട്ടെന്ന് വിളിച്ചാൽ ഇത്തരത്തിൽ ഓട്ടോകൾ കിട്ടാൻ പ്രയാസമാണ്. ഉൾപ്രദേശങ്ങളിൽനിന്ന് ഒലെയോ ഉബറോ ഉപയോഗിച്ച് വിളിച്ചാൽ ഓട്ടോകൾ വരാനും മടിക്കുന്നുണ്ട്. ഈ സൗകര്യം ഉപയോഗിക്കാൻ കഴിയുന്നത് യുവതീയുവാക്കൾക്കാണ്. പ്രായമായവർക്ക് ഇത്തരത്തിൽ ടാക്സി വിളിക്കാൻ അറിയാത്ത പ്രശ്നവുമുണ്ട്.
പരാതിപ്പെട്ടാലും നടപടിയില്ല, ഫോൺ എടുക്കുക പോലുമില്ല
ബംഗളൂരു: ഓട്ടോ ഡ്രൈവർമാർ അമിതനിരക്ക് വാങ്ങിയാൽ പരാതിപ്പെടണമെന്ന് ട്രാഫിക് പൊലീസ് നിർദേശിക്കുന്നുണ്ടെങ്കിലും പരാതിയിൽ നടപടിയുണ്ടാകുന്നില്ലെന്ന് യാത്രക്കാർ ആരോപിക്കുന്നു. പരാതിപ്പെടാനുള്ള നമ്പറുകൾ അടക്കം നൽകിയ ബംഗളൂരു ട്രാഫിക് പൊലീസിന്റെ ഫേസ്ബുക്ക് പേജിലും ഇത്തരം ആരോപണങ്ങളാണ് യാത്രക്കാർ പങ്കുവെക്കുന്നത്.
നിരവധി തവണ നമ്പറുകളിലേക്ക് വിളിക്കുന്നുണ്ടെങ്കിലും ഒരു തവണ പോലും ഫോൺ എടുക്കുന്നില്ലെന്നാണ് ഒരാളുടെ പരാതി. ഇതിനാൽ ഈ നമ്പർ തന്നെ നിലവിൽ ഇല്ലേ എന്ന സംശയവും ചിലർ ഉന്നയിക്കുന്നു. കോൾ എടുത്താൽ തന്നെ പരാതിയിൽ പൊലീസ് നടപടിയെടുക്കുന്നില്ലെന്നും യാത്രക്കാർ പറയുന്നു. ഇതിനാൽ തന്നെ ഓട്ടോ ഡ്രൈവർമാരും ഇതിനെ ഭയക്കുന്നില്ല. പരാതിയിൽ എന്തുനടപടിയെടുത്തുവെന്ന് പരാതിക്കാരനെ അറിയിക്കണമെന്നും മിക്കവരും ആവശ്യപ്പെടുന്നുണ്ട്. യാത്രക്കാരോട് പല ഓട്ടോക്കാരും മോശമായാണ് പെരുമാറുന്നതെന്നും വ്യാപക പരാതിയുണ്ട്.
ഓട്ടോറിക്ഷ നിരക്ക് ഇങ്ങനെ
യാത്രക്കാർക്ക് ഓട്ടോകളുടെ യാത്രക്കൂലി സംബന്ധിച്ച് അറിയാത്ത പ്രശ്നവുമുണ്ട്. ഇതോടെ ഡ്രൈവർമാർ പറയുന്ന കൂലിയിൽനിന്ന് കുറച്ചുകൊടുത്താലും യഥാർഥ നിരക്കിനേക്കാൾ കൂടുതലായിരിക്കും യാത്രക്കാരൻ കൊടുക്കുന്നത്. കഴിഞ്ഞ നവംബറില്‍ സംസ്ഥാനത്തെ ഓട്ടോറിക്ഷ നിരക്ക് സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. ആദ്യ രണ്ടു കിലോമീറ്ററിനുള്ള നിരക്ക് 25 രൂപയില്‍നിന്ന് 30 രൂപയായാണ് ഉയര്‍ത്തിയത്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 13 രൂപയില്‍നിന്ന് 15 രൂപയായും ഉയര്‍ത്തി.
രാത്രി പത്തിനും പുലര്‍ച്ച അഞ്ചിനുമിടയിലുള്ള യാത്രക്ക് 50 ശതമാനം അധിക നിരക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ യാത്രക്കാരനും 20 കിലോയുള്ള ബാഗേജ് സൗജന്യമായി ഓട്ടോയില്‍ കൊണ്ടുപോകാം. എന്നാൽ, അധികമായിവരുന്ന ഓരോ 20 കിലോക്കും അഞ്ചുരൂപ വീതം നല്‍കണം. കാത്തുനില്‍ക്കുന്നതിന് ഓരോ 15 മിനിറ്റിനും അഞ്ചു രൂപ വീതവുമാണ് ഈടാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

