കന്നട പഠന കേന്ദ്രങ്ങളിലേക്കുള്ള അധ്യാപക പരിശീലനം തുടങ്ങി
text_fieldsകന്നട പഠന കേന്ദ്രങ്ങളിലേക്കുള്ള അധ്യാപകരുടെ പരിശീലനത്തിന്റെ സാക്ഷ്യപത്രം ഡോ. സുഷമ ശങ്കർ ഏറ്റുവാങ്ങുന്നു
ബംഗളൂരു: കന്നട വികസന അതോറിറ്റിയും മലയാളം മിഷൻ കർണാടക ചാപ്റ്ററും ചേർന്ന് ആരംഭിക്കുന്ന കന്നട പഠന കേന്ദ്രങ്ങളിലേക്കുള്ള അധ്യാപകരുടെ പരിശീലനം വിധാൻ സഭയിൽ തുടങ്ങി. രണ്ടു ദിവസത്തെ ക്യാമ്പിന്റെ ആദ്യ ബാച്ചിൽ 37 പേർ പങ്കെടുത്തു.
കന്നടയിലെ പ്രസിദ്ധ എഴുത്തുകാരനും അധ്യാപകനുമായ ഡോ. ഹമ്പ നാഗരാജയ്യ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കന്നട വികസന അതോറിറ്റി അധ്യക്ഷൻ പുരുഷത്തോമൻ ബിളിമല, ജനറൽ സെക്രട്ടറി സന്തോഷ് ഹാനഗൽ എന്നിവർ സംസാരിച്ചു. ഡോ. അബ്ദുൽ റഹ്മാൻ പാഷ ക്ലാസെടുത്തു. മൂന്നു മാസത്തെ ക്ലാസുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഒന്നര മണിക്കൂർ വീതം ആഴ്ചയിൽ മൂന്നുദിവസം പരിശീലന ക്ലാസുകൾ നടക്കും.
16 വർഷങ്ങളായി വേനൽക്കാല സൗജന്യ കന്നട പഠന ക്യാമ്പുകൾ നടത്തിവന്നിരുന്ന വൈറ്റ്ഫീൽഡ് ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റിൽ ഡോ. സുഷമ ശങ്കർ ഇനി മുതൽ കർണാടക സർക്കാറിന്റെ കന്നട പഠന ക്ലാസുകൾ നയിക്കും. കർണാടകയിലെ വിവിധ ജില്ലകളിൽ നിന്നുള്ള അധ്യാപകരോടൊപ്പം പരിശീലനം നേടിയ ഏക മലയാളിയാണ് ഡോ. സുഷമ ശങ്കർ. എജുക്കേഷൻ ട്രസ്റ്റിലെ അധ്യാപകരായ പ്രഫ. രാകേഷ് വി.എസും റെബിൻ രവീന്ദ്രനും പരിശീലനം നേടി. ഒരു പഠനകേന്ദ്രത്തിന് മൂന്ന് അധ്യാപകർക്കാണ് പരിശീലനം.
വിവാഹത്തിനുശേഷം ഭർത്താവ് ശങ്കറിൽ നിന്ന് കന്നട അക്ഷരങ്ങൾ മുതൽ പഠിച്ച് കന്നട സാഹിത്യ പരിഷത്തിൽ നിന്ന് ജാണ, കാവ, കന്നട രത്ന പരീക്ഷകൾ ജയിച്ച സുഷമ, മൈസൂർ ഓപൺ യൂനിവേഴ്സിറ്റിയിൽ നിന്ന് കന്നടയിൽ എം.എയും കുപ്പം ദ്രാവിഡ യൂനിവേഴ്സിറ്റിയിൽ നിന്ന് എം.ഫിൽ, പിഎച്ച്.ഡിയും നേടിയിട്ടുണ്ട്.
കന്നട സാഹിത്യത്തിൽ പിഎച്ച്.ഡി നേടിയ ആദ്യ മലയാളിയാണ് ഡോ. സുഷമ ശങ്കർ. കന്നട കുട്ടികളുടെ മാസികയായ തൊദൽനുടിയുടെ ചീഫ് എഡിറ്ററും ദ്രാവിഡഭാഷ ട്രാൻസിലേറ്റേഴ്സ് അസോസിയേഷന്റെ പ്രസിഡന്റുമാണ് ഈ എഴുത്തുകാരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

