എത്-ഇന്ത്യ ഹാക്കത്തോൺ: മലയാളി വിദ്യാർഥിയടങ്ങുന്ന സംഘത്തിന് മികച്ചനേട്ടം
text_fieldsഎത്-ഇന്ത്യ (ETHIIndia) 22 ഹാക്കത്തോണിൽ ജേതാക്കളായ വിദ്യാർഥികൾ. വലത്തേയറ്റത്ത് അസിം ജവാഹിർ
ബംഗളൂരു: ബംഗളൂരുവിൽ നടന്ന എത്-ഇന്ത്യ (ETHIIndia) 22 ഹാക്കത്തോണിൽ മലയാളി വിദ്യാർഥിയടങ്ങുന്ന സംഘത്തിന് മികച്ചനേട്ടം. വിവിധ രാജ്യങ്ങളിലെ 459 ടീമുകളോട് മത്സരിച്ച് വിജയിച്ച ആദ്യ 12 സംഘത്തിൽ ഇവർ ഉൾപ്പെട്ടു. തൃശൂർ ചാവക്കാട് പാലുവായ് അമ്പലത്ത് വീട്ടിൽ അസിം ജവാഹിർ ആണ് മലയാളിമിടുക്കൻ.
ഖത്തർ ഗ്യാസിൽ ജോലിചെയ്യുന്ന ജവാഹിറിന്‍റേയും വെൻമേനാട് എം.എ.എസ്.എം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക സബീനയുടേയും മകനാണ്. ഡിസംബർ രണ്ടു മുതൽ മൂന്നു ദിവസമാണ് ബംഗളൂരുവിൽ ഹാക്കത്തോൺ നടന്നത്. ലോകത്തിലെ ഏറ്റവും വലിയ ഏതരീയം ഹാക്കത്തോൺ ആണിത്.
അസിം ജവാഹിറിനൊപ്പം ആശിഷ് ഭരത്, അഭിരാജ് മങ്കെടെ, പാർഥ് മിത്തൽ എന്നിവരുടെ സംഘമാണ് നേട്ടം കൊയ്തത്. മംഗളൂരുവിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി -കർണാടക (എൻ.ഐ.ടി-കെ) വിദ്യാർഥികളാണിവർ. ഇന്ദ്രപ്രസ്ഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടി) ഡൽഹിയിലെ രാഹുൽ പൂജാരിയും ഈ സംഘത്തിലുണ്ട്.
69 രാജ്യങ്ങളിലെ 20,000 പ്രോഗ്രാം ഡെവലപർമാരിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട രണ്ടായിരം പേരാണ് ഹാക്കത്തോണിൽ പങ്കെടുത്തത്. ഇവരിൽനിന്നാണ് മലയാളിയടങ്ങുന്ന സംഘം വിജയം സ്വന്തംപേരിലാക്കിയത് എന്നത് മാറ്റുകൂട്ടുന്നു.ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ബാറ്ററി സ്വാപ്പിങ് സാങ്കേതികവിദ്യയാണ് ഇവർ രൂപപ്പെടുത്തിയത്. നിലവിലുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സംവിധാനം സമയനഷ്ടം വരുത്തുന്നതും ചെലവേറിയതുമാണ്.
തങ്ങൾ രൂപപ്പെടുത്തിയ സംവിധാനത്തിലൂടെ ഈ രംഗത്തെ സമയവും സാമ്പത്തിക ചെലവും ഏറെ കുറക്കാനാകുമെന്ന് അസിം ജവാഹിർ പറഞ്ഞു. ഹാക്കത്തോണിലെ ബെസ്റ്റ് ന്യൂ മൊഡ്യൂൾ വിഭാഗത്തിലെ പുരസ്കാരവും ഇവർ നേടി. തങ്ങളുടെ സാങ്കേതികവിദ്യ വ്യാവസായികാടിസ്ഥാനത്തിൽ പ്രയോജനപ്പെടുത്തുന്നതിനായി ഇവർ വിവിധ സ്ഥാപനങ്ങളെ സമീപിച്ചിട്ടുണ്ട്. 2018ലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്സ് ഇന്ത്യ ഖത്തറിന്‍റെ യങ് സയന്‍റിസ്റ്റ് അവാർഡും അസിം നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

