ശരാവതി പദ്ധതി ചരിത്രസ്മാരകങ്ങളുടെ നിലനിൽപിന് ഭീഷണിയെന്ന് പരിസ്ഥിതി പ്രവർത്തകർ
text_fieldsബംഗളൂരു: ശരാവതി ലയൺ ടെയിൽഡ് മക്കാക്ക് (എല്‍.ടി.എം) മേഖലയിലെ ജല വൈദ്യുത പദ്ധതി ചരിത്ര സ്മാരകങ്ങളുടെ നിലനിൽപിന് ഭീഷണിയാകുമെന്ന് പരിസ്ഥിതി പ്രവർത്തകർ. വൈദ്യുതി പദ്ധതിക്കായുള്ള പൊതു ഹിയറിങ്ങിന് മുന്നോടിയായി പുരാവസ്തു വകുപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തിയ നാല് ചരിത്ര സ്മാരകങ്ങളുടെ നാശത്തിന് കാരണമാകുന്ന പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവർത്തകർ സംസ്ഥാന സർക്കാറിനെതിരെ പരാതി നൽകി.
കർണാടക പവർ കോർപറേഷൻ ലിമിറ്റഡ് (കെ.പി.സി.എൽ) പദ്ധതി പ്രകാരം തലക്കലെ റിസർവോയറിൽനിന്നും ഗെരുസോപ്പ റിസർവോയറിൽനിന്നും വെള്ളം പമ്പ് ചെയ്ത് വൈദ്യുതി ഉൽപാദിപ്പിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിക്കായി 133.81 ഏക്കര്‍ വനം ആവശ്യമാണ്. അതിലെ 16,041 മരങ്ങളും മുറിച്ചുനീക്കണം. ഇത് സംബന്ധിച്ച പബ്ലിക് ഹിയറിങ് ചൊവ്വാഴ്ച ശിവമൊഗ്ഗയിലും വ്യാഴാഴ്ച ഉത്തര കന്നഡയിലും നടക്കും. പൗരാണിക സ്മാരകങ്ങളുടെ സംരക്ഷണം അധികൃതര്‍ അവഗണിക്കുന്നുവെന്ന് ചരിത്രകാരന് അജയ കുമാര്‍ ബി.എസ് പറഞ്ഞു.
1552 മുതല്‍ 1606 വരെ പ്രദേശം ഭരിച്ചിരുന്ന റാണി ചെന്നഭൈരാദേവിയുടെ കാലത്തെ ചരിത്രസ്മാരകങ്ങൾ പദ്ധതി നിലവില്‍വരുന്നതോടെ വിസ്മൃതിയിലാകും. ഇന്ത്യന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച രാജ്ഞിയാണിവര്. കെ.പി.സി.എൽ നൽകിയ നിർമാണ പ്രവര്‍ത്തനം നടത്തുന്ന മാപ്പില്‍ വനഭാഗം ഉള്‍പ്പെടുന്ന സ്ഥലം ഗെറൂസോപ്പാ രാജവംശം ഭരണം നടത്തിയ പ്രദേശമാണ്. കൂടാതെ ചതുര്മുഖി ബസദി, വര്‍ദ്ധമാന സ്വാമി ക്ഷേത്രം, വീരഭദ്ര ക്ഷേത്രം കൂടാതെ ചരിത്ര ലിഖിതങ്ങളും ഇവിടെ ഉണ്ട്.
ഇവയെല്ലാം തന്നെ പരിസ്ഥിതി ആഘാത റിപ്പോര്‍ട്ടില്‍ (ഇ.ഐ.എ) ഉള്‍പ്പെടുത്തണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി ഈ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും വനംവകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
നരവംശശാസ്ത്രപരമോ പുരാവസ്തുപരമോ ആയ സ്ഥലങ്ങളിലോ അതിന് പരിസര പ്രദേശങ്ങളിലോ ആണോ പദ്ധതി നടത്തുന്നത് എന്ന പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയം ഉന്നയിച്ച ചോദ്യത്തിന് കെ.പി.സി. എൽ ‘ഇല്ല’ എന്ന് മറുപടി നൽകിയതായും ഇത് തികച്ചും വസ്തുത വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

