പ്രവേശന നിരോധനം; വൃന്ദാവൻ ഉദ്യാനത്തിൽ വിനോദസഞ്ചാരികൾ പ്രതിഷേധിച്ചു
text_fieldsവൃന്ദാവൻ ഉദ്യാനകവാടത്തിൽ നടന്ന പ്രതിഷേധം
ബംഗളൂരു: ലോകപ്രശസ്ത കൃഷ്ണരാജ സാഗർ (കെ.ആർ.എസ്) അണക്കെട്ടിലെ വൃന്ദാവൻ ഗാർഡനിൽ ശനിയാഴ്ച രാത്രി 60ലധികം വിനോദസഞ്ചാരികൾക്ക് പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് പ്രതിഷേധം.
സംഗീത ജലധാര പ്രദർശനം അവസാനിച്ചതിന് പിന്നാലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. ഔദ്യോഗിക പ്രവേശനം അവസാനിക്കുന്നത് ഓഫ് രാത്രി ഒമ്പതിന് ആയിരുന്നെങ്കിലും, അടച്ചിടൽ സംബന്ധിച്ച് മുൻകൂർ അറിയിപ്പ് നൽകാതെ ടോൾ, പാർക്കിങ് ഫീസ് പിരിച്ചതായി സന്ദർശകർ ആരോപിച്ചു.
പാലത്തിൽ ടോൾ പിരിക്കുന്ന ജീവനക്കാർപോലും കട്ട് ഓഫ് വിവരം അറിയാതെ പണം പിരിക്കുന്നത് തുടരുകയും ചെയ്തു. പ്രവേശനത്തിനും പാർക്കിങ്ങിനും വാഹനത്തിന് 300 മുതൽ 500 രൂപവരെ ഈടാക്കിയതായി വിനോദസഞ്ചാരികൾ പറഞ്ഞു. എന്നാൽ, ടിക്കറ്റ് നൽകാതെ ഗാർഡൻ ഗേറ്റിൽനിന്ന് അവരെ തിരിച്ചയച്ചു. ഇതിൽ പ്രകോപിതരായവർ കർണാടക സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (കെ.എസ്.ഐ.എസ്.എഫ്) ജീവനക്കാരുമായും സർക്കാർ ടെൻഡർ പ്രകാരം പ്രവേശനം നിയന്ത്രിക്കുന്ന സ്വകാര്യ ഏജൻസി ജീവനക്കാരുമായും വാക്കേറ്റമുണ്ടായി.
കോപാകുലരായ വിനോദസഞ്ചാരികൾ ടിക്കറ്റ് കൗണ്ടറിന്റെ ഗ്ലാസ് തകർക്കുകയും ഫർണിച്ചറിന് കേടുപാടുകൾ വരുത്തുകയും ചെയ്തതോടെ സ്ഥിതിഗതികൾ വഷളായി. കെ.എസ്.ഐ.എസ്.എഫ് ഉദ്യോഗസ്ഥരും കെ.ആർ.എസ് പൊലീസും ഇടപെട്ട് ക്രമസമാധാനം പുനഃസ്ഥാപിച്ചെങ്കിലും ജനക്കൂട്ടം പ്രവേശനം ആവശ്യപ്പെട്ടുകൊണ്ടിരുന്നു.
കാവേരി നീരാവരി നിഗം ലിമിറ്റഡ് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ ഫാറൂഖ് അഹമ്മദ് അബു സ്ഥലത്തെത്തി 50-60 വിനോദസഞ്ചാരികൾക്ക് സൗജന്യ പ്രവേശനം അനുവദിക്കാൻ ജീവനക്കാരോട് നിർദേശിക്കുകയും പ്രദർശനസമയം രാത്രി 9.30ന് അപ്പുറത്തേക്ക് നീട്ടുകയും ചെയ്തു. പിന്നീട് വിനോദസഞ്ചാരികൾ സമാധാനപരമായി പിരിഞ്ഞുപോയി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

