നഗരസഭ കമീഷണറെ കോൺഗ്രസ് നേതാവ് ഭീഷണിപ്പെടുത്തിയെന്ന്; പ്രതിഷേധവുമായി ജീവനക്കാർ
text_fieldsഅമൃത ഗൗഡയും പ്രതിഷേധിക്കുന്ന ജീവനക്കാരും
ബംഗളൂരു: ചിക്കബെല്ലാപുര ജില്ലയിലെ ഷിഡ്ലഘട്ട നഗരസഭ കമീഷണർ അമൃത ഗൗഡയെ ഭീഷണിപ്പെടുത്തിയ കോൺഗ്രസ് നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് കൗൺസിൽ ജീവനക്കാർ ബുധനാഴ്ച ഓഫിസിന് പുറത്ത് പ്രകടനം നടത്തി. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി സംസ്ഥാന കൺവീനർ രാജീവ് ഗൗഡ അമൃത ഗൗഡയെ ഫോണിൽ വിളിച്ച് പട്ടണത്തിലെ തന്റെ ബാനർ നീക്കം ചെയ്തതിന് അസഭ്യം പറയുകയും ഭീഷണി മുഴക്കുകയും ചെയ്തതായി പ്രതിഷേധക്കാർ ആരോപിച്ചു.
അമൃത ഗൗഡയെ ഷിഡ്ലഘട്ടയിൽ നിന്ന് സ്ഥലം മാറ്റുമെന്ന് രാജീവ് ഗൗഡ ഭീഷണിപ്പെടുത്തുന്നതായി ആരോപിക്കപ്പെടുന്ന സംഭാഷണത്തിന്റെ ഓഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ബാനർ അപകടങ്ങൾക്ക് കാരണമാകുന്നതിനാലാണ് അത് നീക്കം ചെയ്തതെന്ന് അമൃത, ഗൗഡയോട് വിശദീകരിക്കാൻ ശ്രമിക്കുന്നത് ഓഡിയോവിൽ കേൾക്കാം. നേതാവ് അത് കേൾക്കാൻ തയാറാവാതെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
എന്റെ ബാനർ നീക്കം ചെയ്‌താൽ ഞാൻ വന്ന് സാധനങ്ങൾക്ക് തീയിടും. ഒരു സാധാരണക്കാരനോടെന്നപോലെ എന്നോട് പെരുമാറരുത്. നിങ്ങൾ ജോലി ഉപേക്ഷിച്ച് താലൂക്കിൽ നിന്ന് ഓടിപ്പോകാൻ ഞാൻ ആളുകളെ (മുനിസിപ്പൽ ഓഫിസിലേക്ക്) കൊണ്ടുവരും. 31 വാർഡുകളിലും ഞാൻ കലാപം സൃഷ്ടിക്കും, ആളുകളെക്കൊണ്ട് നിങ്ങളെ ചെരിപ്പുകൊണ്ട് അടിപ്പിക്കും എന്നിങ്ങനെയാണ് ഗൗഡ ഭീഷണിപ്പെടുത്തിയത്.
കോൺഗ്രസ് നേതാവ് മോശമായി പെരുമാറിയതിനെത്തുടർന്ന് കമീഷണർ കരയുകയും ഇതു കണ്ട ജീവനക്കാർ കാരണം തിരക്കുകയും അമൃതക്ക് പിന്തുണയുമായി പ്രതിഷേധിക്കുകയുമായിരുന്നു. അമൃത ഗൗഡക്ക് പിന്തുണയുമായി നിരവധി പേർ പ്രതിഷേധ പ്രകനത്തിൽ അണിനിരന്നു.
അതേസമയം, സംഭവത്തോട് പ്രതികരിച്ച രാജീവ് ഗൗഡ, എല്ലാ അനുമതികളും താൻ നേടിയിട്ടുണ്ടെന്നും ആരെയും അപമാനിക്കുന്ന വാക്കുകളോ അധിക്ഷേപങ്ങളോ ഒരിക്കലും ഉപയോഗിച്ചിട്ടില്ലെന്നും അവകാശപ്പെട്ടു. തന്റെ ഓഡിയോ എഡിറ്റ് ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

