സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട ഫണ്ട് കേന്ദ്രം കൈമാറണം -സിദ്ധരാമയ്യ
text_fieldsബംഗളൂരു സാം മനേക് ഷാ പരേഡ് മൈതാനത്ത് നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ സല്യൂട്ട് സ്വീകരിക്കുന്നു
ബംഗളൂരു: സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട ഫണ്ട് കാലതാമസമില്ലാതെ കൈമാറാൻ കേന്ദ്ര സർക്കാർ തയാറാവണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു. സംസ്ഥാനതല സ്വാതന്ത്ര്യദിന ചടങ്ങുകൾ ബംഗളൂരു ഫീൽഡ് മാർഷൽ സാം മനേക് ഷാ പരേഡ് മൈതാനത്ത് ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേന്ദ്രം ഭരണഘടന തത്ത്വങ്ങളെ അവഗണിക്കുകയാണെന്നും സംസ്ഥാനങ്ങൾക്ക് ആവശ്യമായ വിഭവങ്ങൾ കൃത്യമായി വീതിച്ചു നൽകുന്നതിൽ കേന്ദ്രം പരാജയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന രാഷ്ട്രീയത്തിൽ പ്രതിപക്ഷ പാർട്ടികൾ സർക്കാറിനെതിരെ പ്രതിഷേധത്തിനിറങ്ങിയതിനെയും സിദ്ധരാമയ്യ വിമർശിച്ചു. പിൻവാതിൽ രാഷ്ട്രീയത്തെ ജനം തള്ളിയ ചരിത്രമാണുള്ളത്. ജനാധിപത്യ സംവിധാനത്തിൽ പ്രതിപക്ഷം ജനവിധി മാനിച്ചും ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുമാണ് പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമര പോരാട്ടത്തിൽ രക്തസാക്ഷികളായവരെയും പോരാളികളെയും മുഖ്യമന്ത്രി അനുസ്മരിച്ചു. അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്കു വേണ്ടി മഹാത്മ ഗാന്ധിയും ഡോ. ബി.ആർ. അംബേദ്കറും ചെയ്ത സംഭാവനകളെയും അദ്ദേഹം ഓർമിച്ചു. കർണാടക സർക്കാർ നടപ്പാക്കിയ അഞ്ചിന സാമൂഹിക സുരക്ഷ പദ്ധതികൾ തുടരുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. എൻ.സി.സി, സ്കൗട്ട്, പൊലീസ്, സൈനിക വിഭാഗങ്ങളുടെ മാർച്ച് പാസ്റ്റ്, സാംസ്കാരിക അവതരണങ്ങൾ, സൈനികരുടെ അഭ്യാസ പ്രകടനം തുടങ്ങിയവ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

