രണ്ടു കർഷകരുടെ ജീവനെടുത്ത ആനയെ പിടികൂടി
text_fieldsകുദ്രേമുഖ് ദേശീയോദ്യാനത്തിലെ ഭഗവതി നേച്ചർ ക്യാമ്പിനടുത്തുള്ള കാട്ടിൽനിന്ന് മയക്കുവെടിവെച്ച് ആനയെ പിടികൂടിയപ്പോൾ
മംഗളൂരു: കുദ്രേമുഖ് ദേശീയോദ്യാന മേഖലയിലെ കെരേകട്ടെക്ക് സമീപം രണ്ട് കർഷകരുടെ ജീവൻ അപഹരിച്ച കാട്ടാനയെ രണ്ടു ദിവസത്തെ വിപുലമായ യജ്ഞത്തിനു ശേഷം മയക്കുവെടിവെച്ച് പിടികൂടി. കുദ്രേമുഖ് ദേശീയോദ്യാനത്തിലെ ഭഗവതി നേച്ചർ ക്യാമ്പിനടുത്തുള്ള കാട്ടിലായിരുന്നു ഒറ്റയാൻ. മംഗളൂരു വനം ഡിവിഷനിലെയും കുദ്രേമുഖ് വന്യജീവി ഡിവിഷനിലെയും ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരുന്നു ദൗത്യം.
ശിവമൊഗ്ഗ ജില്ലയിലെ സക്രെബെയിൽ, കുടക് ജില്ലയിലെ ദുബാരെ, നാഗരഹോള ആന ക്യാമ്പ് എന്നിവിടങ്ങളിൽനിന്നുള്ള പരിചയസമ്പന്നരായ സംഘവും പരിശീലനം ലഭിച്ച അഞ്ച് ആനകളും 50ൽ അധികം വനം ഉദ്യോഗസ്ഥരും ജീവനക്കാരും ദൗത്യത്തിൽ പങ്കെടുത്തു. കുദ്രേമുഖിലെ കുന്നിൻ പ്രദേശങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ച് വ്യാപക തിരച്ചിൽ നടത്തി. ഭഗവതി ക്യാമ്പിന് സമീപം പുലർച്ചയാണ് ആനയെ കണ്ടെത്തിയത്.
കെരേകട്ടെക്കടുത്തുള്ള കെരേകട്ടെ പ്രദേശത്ത് അടുത്തിടെ ഹരീഷ് ഷെട്ടി (44), ഉമേഷ് (48) എന്നീ കർഷകരെയാണ് ആന കൊലപ്പെടുത്തിയത്. സംഭവത്തെത്തുടർന്ന് ആനയെ ഉടൻ പിടികൂടണമെന്നും ഇരകളുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ എസ്.കെ. അതിർത്തി ഉപരോധിച്ചിരുന്നു.
പിടികൂടിയ ആനയെ വൈദ്യചികിത്സക്ക് വിധേയമാക്കിയ ശേഷം മാത്രമേ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനെക്കുറിച്ച് തീരുമാനമെടുക്കൂ എന്ന് വനംവകുപ്പ് വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

