വൈദ്യുതി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു
text_fieldsഅക്ബർ അലി
മംഗളൂരു: ബെൽത്തങ്ങാടി താലൂക്കിലെ ഇന്ദബെട്ടു കജെബൈലുവിൽ വൈദ്യുതി ലൈൻ നന്നാക്കൽ ജോലിയിൽ ഏർപ്പെട്ട കരാർ തൊഴിലാളി തൂണിൽനിന്ന് വീണ് മരിച്ചു. ബണ്ട്വാളിലെ കവാലമുദുരു ഗ്രാമത്തിലെ എൻ.സി റോഡിൽ താമസിക്കുന്ന ഇസ്മായിലിന്റെ മകൻ അക്ബർ അലിയാണ് (22) മരിച്ചത്. വൈദ്യുതി കരാർ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന യുവാവ് ബണ്ട്വാളിലെ കവാലമുദുരു ഗ്രാമത്തിൽ എൻ.സി റോഡിലായിരുന്നു താമസം.
മെസ്കോം ഉജിരെ സബ്ഡിവിഷന് കീഴിലുള്ള കജെബൈലുവിൽ മരം വൈദ്യുതി ലൈനിൽ വീണതിനെത്തുടർന്ന് വൈദ്യുതിത്തൂൺ ഒടിയുകയും രണ്ടെണ്ണം വളയുകയും ചെയ്തിരുന്നു. ഉജിരെയിൽനിന്നുള്ള കരാറുകാരനാണ് അറ്റകുറ്റപ്പണികൾ ഏറ്റെടുത്തത്. അക്ബർ അലിയും സ്ഥാപനത്തിലെ മറ്റ് ജീവനക്കാരും ലൈൻ പുനഃസ്ഥാപിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്നു.
പണി ആരംഭിക്കുന്നതിനുമുമ്പ് ജി.ഒ.എസ് വഴി ലൈനിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായി അധികൃതർ അവകാശപ്പെട്ടു. എന്നാൽ, തൂണിലിരിക്കുമ്പോൾ അക്ബർ അലിക്ക് വൈദ്യുതാഘാതമേറ്റതായി കൂടെയുണ്ടായിരുന്നവർ പറഞ്ഞു. ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ യുവാവ് വീഴുകയായിരുന്നു. വൈദ്യുതി വിതരണം വിച്ഛേദിച്ചിട്ടും തൊഴിലാളിക്ക് എങ്ങനെയാണ് ഷോക്കേറ്റതെന്നോ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റേതെങ്കിലും കാരണത്താലാണോ വീണതെന്നോ ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് മെസ്കോം ഉദ്യോഗസ്ഥർ അന്വേഷണം നടത്തുന്നുണ്ട്. ഇസ്മായിലിന്റെ നാല് മക്കളിൽ ഏക മകനായിരുന്നു അക്ബർ അലി. അവിവാഹിതനാണ്. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ജോലിക്ക് പോയിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ ബെൽത്തങ്ങാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

