ബംഗളൂരുവിൽ തെരഞ്ഞെടുപ്പ് പ്രചാരണവുമായി മലയാളികൾ
text_fieldsബംഗളൂരു സെൻട്രൽ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി മൻസൂർ അലിഖാനൊപ്പം പ്രചാരണം നയിക്കുന്ന കെ.പി.സി.സി മൈനോറിറ്റി ജനറൽ സെക്രട്ടറി മുനീർ ഹെബ്ബാൾ
ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിൽ ബംഗളൂരു സെൻട്രൽ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന മൻസൂർ അലിഖാനുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി മലയാളികൾ. കെ.പി.സി.സി മൈനോറിറ്റി ജനറൽ സെക്രട്ടറി മുനീർ ഹെബ്ബാളിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് കർണാടകയുടെയും മറ്റു മലയാളി സംഘടനകളുടെയും പ്രവർത്തകരാണ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചാരണം നടത്തിയത്.
മലയാളി വോട്ടർമാരെ നേരിട്ട് കണ്ടും വോട്ടർമാർക്ക് നോട്ടീസുകൾ നൽകിയും കൺവെൻഷനുകൾ സംഘടിപ്പിച്ചും മണ്ഡലത്തിൽ കോൺഗ്രസിന്റെ പ്രചാരണത്തിൽ ശക്തമായ സാന്നിധ്യമാവുകയാണ് മലയാളി കൂട്ടായ്മ. സ്ഥാനാർഥി മൻസൂർ അലി ഖാൻ, മുൻ മന്ത്രി എച്ച്. നാഗേഷ്, ബംഗളൂരു ഈസ്റ്റ് ഡി.സി.സി പ്രസിഡന്റ് നന്ദകുമാർ, ഈസ്റ്റ് ഡി.സി.സി അംഗങ്ങളായ ബോബി ഓണാട്ട്, ജോജോ ജോർജ്, ഹൂഡി ബ്ലോക്ക് പ്രസിഡന്റ് അനിൽകുമാർ, കുഞ്ഞുമോൾ വർഗീസ് തുടങ്ങി വിവിധ നേതാക്കളും പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.

