തെരഞ്ഞെടുപ്പ് ബഹിഷ്കരണം; ഗ്രാമവാസികൾക്ക് ഉറപ്പുനൽകി ചാമരാജ്നഗർ ജില്ല ഭരണകൂടം
text_fieldsതെരഞ്ഞെടുപ്പ് ബഹിഷ്കരണത്തെത്തുടർന്നുണ്ടായ പ്രതിഷേധത്തിൽ നാട്ടുകാർ തകർത്ത പോളിങ് ബൂത്ത്
ബംഗളൂരു: അടിസ്ഥാന സൗകര്യ വികസനമില്ലായ്മയുടെ പേരിൽ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച ചാമരാജ് നഗറിലെ ഇന്ദിഗണത ഗ്രാമം സന്ദർശിച്ച് ചാമരാജ്നഗർ ജില്ല ഭരണകൂടം. തിങ്കളാഴ്ചയാണ് സംഘം ഗ്രാമത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടിങ് മെഷീനടക്കം പോളിങ് ബൂത്ത് തകർത്ത സംഭവത്തിൽ അറസ്റ്റ് ഭീതിയിലുള്ള പ്രദേശത്തുകാർ പൊലീസിനെ കണ്ടതോടെ ഭയന്നു. 40 പേരെ സംഭവത്തെത്തുടർന്ന് അറസ്റ്റ് ചെയ്തതിനു പിറകെ അറസ്റ്റ് ഭയന്ന് പലരും ഗ്രാമം വിട്ടുപോയിരുന്നു.
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് ഏപ്രിൽ 26ലെ തെരഞ്ഞെടുപ്പ് ഇവർ ബഹിഷ്കരിച്ചത്. അതിനെത്തുടർന്ന് ഏപ്രിൽ 29ന് റീ പോളിങ് നടത്തിയെങ്കിലും അതും നാട്ടുകാർ ബഹിഷ്കരിച്ചിരുന്നു. ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണ് ചാമരാജ് നഗർ മണ്ഡലം.
ഇനിയാരുടെ പേരിലും കേസെടുക്കില്ലെന്നും ഗ്രാമം വിട്ട് പോയവർ മടങ്ങി വരണമെന്നും ജില്ല കമീഷണർ അഭ്യർഥിച്ചു. ഗ്രാമ വികസനത്തിനായുള്ള നിർദേശങ്ങൾ ജില്ല ഭരണകൂടം റവന്യൂ, വനം, പഞ്ചായത്ത് രാജ്, മൃഗസംരക്ഷണം തുടങ്ങി വിവിധ സർക്കാർ വകുപ്പുകളുടെ അംഗീകാരത്തിനായി അയച്ചിട്ടുണ്ടെന്നും സർക്കാർ അനുമതി ലഭിച്ചാലുടൻ പ്രവൃത്തികൾ ആരംഭിക്കുമെന്നും ഉദ്യോഗസ്ഥർ ഉറപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

