ദുര്‍ഗാപൂജ ആഘോഷങ്ങള്‍ക്ക് വിപുല ഒരുക്കം
text_fieldsബംഗളൂരു: ദുര്‍ഗാപൂജ ആഘോഷങ്ങള്‍ക്ക് നഗരത്തില്‍ ഒരുക്കങ്ങള്‍ തകൃതി. പ്രധാന മാര്‍ക്കറ്റുകളിലെല്ലാം പൂജാസാധനങ്ങളും ദുര്‍ഗ വിഗ്രഹങ്ങളും നിരന്നുകഴിഞ്ഞു.വിവിധ പ്രദേശങ്ങളില്‍ വിഗ്രഹങ്ങള്‍ സ്ഥാപിക്കാനുള്ള പന്തലുകളുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. കോവിഡ് ആശങ്കയൊഴിഞ്ഞതിന് ശേഷം നടക്കുന്ന ആദ്യ പൂജ ആഘോഷമാണ് ഇത്തവണത്തേത്. വ്യത്യസ്തമായ ആഘോഷങ്ങളാണ് നഗരത്തിലെ വിവിധ സംഘടനകള്‍ ആസൂത്രണം ചെയ്യുന്നത്.പരിസ്ഥിതിസൗഹൃദ സന്ദേശം ഉയര്‍ത്തുക ലക്ഷ്യമിട്ട് ഇത്തവണ വിഗ്രഹത്തിന് ചണം കൊണ്ടുള്ള വസ്ത്രങ്ങളാണ് ചാര്‍ത്തുകയെന്ന് ആര്‍.ടി നഗര്‍ സര്‍ബജനിന്‍ ദുര്‍ഗാപൂജ സമിതി അറിയിച്ചു.പ്രമുഖ ചിത്രകാരനായിരുന്ന ജമിനി റോയുടെ ദുര്‍ഗാചിത്രങ്ങള്‍ മാത്രം ഉപയോഗിച്ച് പൂജ നടത്താനാണ് സൗത്ത് ബെംഗളൂരു കള്‍ച്ചറല്‍ സമിതിയുടെ തീരുമാനം.
നഗരത്തിലെ ക്ഷേത്രങ്ങളിലും പൂജ ആഘോഷങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നടക്കും. വിവിധ ക്ഷേത്രങ്ങളില്‍ ആയുധപൂജക്കും എഴുത്തിനിരുത്താനുമുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.ചുരുങ്ങിയത് 140 പൂജാപന്തലുകളെങ്കിലും നഗരത്തില്‍ ഉയരുമെന്നാണ് ബി.ബി.എം.പിയുടെ കണക്ക്. രണ്ടുദിവസത്തിനുള്ളില്‍ കൂടുതല്‍ അപേക്ഷകള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും പരിസ്ഥിതി സൗഹൃദ വിഗ്രഹങ്ങള്‍ സ്ഥാപിക്കണമെന്നും പ്ലാസ്റ്റിക് ഉപഭോഗം പാടില്ലെന്നതുമുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ ബി.ബി.എം.പി പുറപ്പെടുവിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

