ആഴ്ചയിൽ ആറ് ദിനം മുട്ട; സ്കൂൾ ഹാജറിൽ നിഷ്ഠ
text_fieldsബംഗളൂരു: കർണാടക സർക്കാർ ഉച്ചഭക്ഷണ പദ്ധതിയിൽ അധിക പോഷകമായി ആഴ്ചയിൽ ആറ് ദിവസം മുട്ട നൽകാനുള്ള പദ്ധതി സ്കൂൾ ഹാജർനിലയിൽ ഗണ്യമായ വർധനക്ക് കാരണമായതായി സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് പറയുന്നു.
മുമ്പ് ആഴ്ചയിൽ രണ്ടുതവണ മുട്ട നൽകിയപ്പോൾ വിദ്യാർഥികളുടെ ഹാജർനില 93.5 ശതമാനമായിരുന്നു. ആഴ്ചയിൽ ആറ് ദിവസം മുട്ട നൽകിയതിനുശേഷം ഹാജർനില 98.97 ശതമാനമായി വർധിച്ചു. സ്കൂളുകളിൽ നൽകുന്ന മറ്റൊരു അധിക പോഷകമായ വാഴപ്പഴം കഴിക്കുന്ന വിദ്യാർഥികളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ മുട്ട കഴിക്കുന്ന കുട്ടികളുടെ എണ്ണം ഏകദേശം നാലിരട്ടി വർധിച്ചു.
സ്കൂൾ കുട്ടികൾക്കിടയിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം മുട്ട, വാഴപ്പഴം, നിലക്കടല, ചിക്കി എന്നിവ അനുബന്ധ പോഷകങ്ങളായി വിതരണം ചെയ്തിട്ടുണ്ട്. അസിം പ്രേംജി ഫൗണ്ടേഷൻ ഫോർ ഡെവലപ്മെന്റിന്റെ പിന്തുണയോടെ 2024 സെപ്റ്റംബറിൽ സംസ്ഥാനം ആഴ്ചയിൽ ആറ് ദിവസം മുട്ട നൽകാൻ തുടങ്ങി. മുട്ട കഴിക്കാത്ത വിദ്യാർഥികൾക്ക് വാഴപ്പഴവും ചിക്കിയും നൽകിയിട്ടുണ്ട്. എന്നാൽ, ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്കകൾ കാരണം സർക്കാർ അടുത്തിടെ ചിക്കി വിതരണം നിർത്തിവെച്ചു. മുട്ട നൽകുന്നതിലൂടെ കുട്ടികൾക്ക് പോഷണം മാത്രമല്ല അക്കാദമികമായും വികസിക്കുമെന്ന് ഡി.പി.ഐ കമീഷണർ കെ.വി. ത്രിലോക് ചന്ദ്ര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

