നാഗര്‍ഹോളെ വനത്തില്‍നിന്ന് ആദിവാസികളെ ഒഴിപ്പിക്കാന്‍ ശ്രമം
text_fields1. നാഗര്‍ഹോളെ വനത്തിലെ കരടികല്ലു ഹട്ടു കൊല്ലേഹാദി ഗ്രാമത്തിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ സേനയെ വിന്യസിച്ചപ്പോൾ 2. കരടികല്ലു ഹട്ടു കൊല്ലേഹാദി ഗ്രാമത്തിലെ ആദിവാസികൾ
ബംഗളൂരു: നാഗർഹോളെ കടുവ സംരക്ഷണ കേന്ദ്രത്തിന്റെ പരിധിയിലെ വനമേഖലയിൽനിന്ന് ആദിവാസികളെ നിർബന്ധിച്ച് കുടിയൊഴിപ്പിക്കാൻ ശ്രമം. ചൊവ്വാഴ്ച രാവിലെ നഗര്‍ഹോളെ വനത്തിലെ കരടികല്ലു ഹട്ടു കൊല്ലേഹാദി ഗ്രാമത്തിലെ ജെനു കുറുബ ആദിവാസി വിഭാഗത്തില്‍പെട്ട സ്ത്രീകളും കുട്ടികളും പുരുഷന്മാരുമടക്കം 150 ഓളം പേരടങ്ങുന്ന 52 കുടുംബങ്ങളെ പുറത്താക്കാനാണ് ശ്രമം നടന്നത്.
കര്‍ണാടക വനം വകുപ്പ്, കര്‍ണാടക പൊലീസ്, കര്‍ണാടക സ്റ്റേറ്റ് ടൈഗര്‍ പ്രൊട്ടക്ഷന്‍ ഫോഴ്സസ് (എസ്.ടി.പി.എഫ്) എന്നിവരടങ്ങിയ 120 അംഗ സംഘമാണ് കുടിയൊഴിപ്പിക്കലിനെത്തിയത്. എന്നാൽ, ആദിവാസി കുടുംബങ്ങൾ ചെറുത്തുനിന്നതോടെ കുടിയൊഴിപ്പിക്കൽ നടന്നില്ല. ഉദ്യോഗസഥരുടെ നിയമവരുദ്ധ നീക്കത്തെ ഒറ്റക്കെട്ടായി നേരിടുമെന്നും വനത്തില്‍നിന്ന് സേന പിന്മാറണമെന്നും വനാവകാശ നിയമം പുനഃസ്ഥാപിക്കണമെന്നുമുള്ള ആവശ്യവുമായി സംരക്ഷിത വനമേഖലയിൽ കഴിയുന്ന ആദിവാസി സമൂഹങ്ങളുടെ ദേശീയ കൂട്ടായ്മയായ കമ്യൂണിറ്റി നെറ്റ്വർക്ക്സ് എഗെയ്ൻസ്റ്റ് പ്രൊട്ടക്റ്റഡ് ഏരിയാസ് (സി.എൻ.എ.പി.എ) ആവശ്യപ്പെട്ടു.
2006ലെ വനാവകാശ നിയമപ്രകാരം സ്വന്തം സ്ഥലത്തു വീട് നിർമിച്ച 52 കുടുംബങ്ങളാണ് ഇപ്പോള്‍ കുടിയിറക്ക് ഭീഷണി നേരിടുന്നത്. ഇവരുടെ ആരാധന സ്ഥലമടക്കം വനത്തിലെ ഗ്രാമത്തിലുണ്ട്. തിങ്കളാഴ്ച വൈകീട്ട് ഗ്രാമത്തിലെത്തിയ വനംവകുപ്പിലെ ഉദ്യോഗസ്ഥർ, ഫോറസ്റ്റ് ഗാർഡുമാർ എന്നിവർക്കൊപ്പമെത്തിയ വനം അസി. കൺസർവേറ്റർ ആദിവാസികളുടെ ആചാരങ്ങള്‍ നിർവഹിക്കുന്നത് തടയുകയും വനനിയമപ്രകാരം ആരാധനാലയങ്ങള്‍ പണിയാൻ അനുമതി നല്‍കിയിട്ടില്ലെന്ന് അറിയിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ വനംവകുപ്പിലെ 120 പാരാമിലിറ്ററി അംഗങ്ങളും പൊലീസ് സേനയുമടക്കം ഗ്രാമത്തിലെത്തി നിർബന്ധപൂർവം ആദിവാസികളെ കുടിയൊഴിപ്പിക്കാൻ ശ്രമം നടത്തി.
നിയമങ്ങൾ പാലിച്ചാണ് തങ്ങള്‍ ജീവിക്കുന്നതെന്നും വനംവകുപ്പാണ് ഫോറസ്റ്റ് ആക്ട് പ്രകാരമുള്ള മൂന്നു മാസത്തെ കാലാവധി പാലിക്കാത്തതെന്നും കരടികല്ലു ഗ്രാമത്തിലെ ജെനു കുറുബ നേതാക്കള്‍ അറിയിച്ചു. വ്യക്തിഗത വനാവകാശ നിയമം (ഐ.എഫ്.ആർ), സാമൂഹിക വനാവകാശ നിയമം (സി.എഫ്.ആർ), സാമൂഹിക വനവിഭവ അവകാശ നിയമം (സി.എഫ്.ആർ.ആർ) എന്നിവ പ്രകാരം, നാഗർഹോളെ വനത്തിലെ തുണ്ടുമുണ്ടഗെ കൊല്ലി, ഗദ്ദേഹാദി, കാന്തൂരുഹാദി, കരടികല്ലു ഹട്ടൂര് കൊല്ലി ഹാദി, ബാലെ ക്കൊവുഹാദി എന്നീ ആദിവാസി ഊരുകളിലെ ജനങ്ങള്‍ നൽകിയ അപേക്ഷയിൽ വനംവകുപ്പ് മറുപടി നല്‍കണമെന്നും സി.എൻ.എ.പി.എ നേതാക്കള്‍ ആവശ്യപ്പെട്ടു.
വനാവകാശങ്ങള്‍ സ്ഥാപിച്ചു കിട്ടുന്നതിനായി കരടികല്ലുവിലെ ജെനു കുറുബ സമുദായം ഐ.എഫ്.ആര്, സി.എഫ്.ആര്, സി.എഫ്.ആർ.ആര് എന്നിവ പ്രകാരം 2021 മുതൽ അവകാശമുന്നയിച്ചുവരുകയാണ്. സർക്കാറിലെ മുതിർന്ന ഉദ്യോഗസഥർക്ക് നിവേദനങ്ങൾ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. പഞ്ചായത്ത് വകുപ്പും ആദിവാസി ക്ഷേമവകുപ്പും റവന്യൂ വകുപ്പും വനംവകുപ്പും ചേർന്ന് സംയുക്ത പരിശോധനയും ജി.പി.എസ് സർവേയും നടത്തിയെങ്കിലും വനംവകുപ്പ് അന്തിമ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് വനാവകാശങ്ങള്‍ സ്ഥാപിച്ചു നൽകിയിട്ടില്ല.
ഇനി കാത്തിരിക്കാനാവില്ല -സമര നേതാക്കൾ
ബംഗളൂരു: വനംവകുപ്പ് മനഃപൂര്‍വം കാലതാമസം വരുത്തുകയാണെന്നും ഇനിയും തങ്ങള്‍ക്ക് കാത്തിരിക്കാനാകില്ലെന്നും കരടികല്ല് ഫോറസ്റ്റ് റൈറ്റ്സ് കമ്മിറ്റിയുടെയും (എഫ്.ആർ.സി) നാഗര്‍ഹോളെ ആദിവാസി ജമ്മ പാലെ ഹക്കു സ്ഥാപന സമിതി നേതാവുമായ ജെ.എ. ശിവു പറഞ്ഞു.
‘‘വനാവകാശ നിയമം നടപ്പാക്കുന്നില്ല. എന്നാൽ വനഭൂമിയിൽ ഞങ്ങൾക്ക് നിലവിൽ അവകാശമുണ്ട്. അതിനാൽ ഞങ്ങളുമായി ചർച്ചക്ക് താൽപര്യപ്പെടുന്ന ഏത് അധികാരികൾക്കും ചർച്ചക്കായി മുന്നോട്ടുവരാം. ഞങ്ങളുടെ ഗ്രാമമായ കാരാടിക്കല്ലിലെ ഗ്രാമസഭയിൽ അവർ ചർച്ചക്കുവരട്ടെ. ഞങ്ങളെ കൈയേറ്റക്കാരെന്ന് വിളിക്കുകയും ഞങ്ങളുടെ ഭൂമിയിൽനിന്ന് ഞങ്ങളെ പുറത്താക്കാൻ ശ്രമിക്കുകയും ചെയ്യുന്ന വനംവകുപ്പിനെതിരെ ഗ്രാമസഭ ശക്തമായി പ്രതിരോധിക്കും..’’- അവർ വ്യക്തമാക്കി. വനത്തിനുള്ളില്‍ താമസിക്കുന്ന ആദിവാസി സമൂഹങ്ങള്‍ കാലങ്ങളായി അനീതി നേരിടുകയാണെന്നും വനാവകാശ നിയമ പ്രകാരമുള്ള എല്ലാ വ്യവസ്ഥകളും പൂർണമായും നടപ്പാക്കണമെന്നും വനാവകാശ നിയമത്തിന്റെ ആമുഖത്തില്‍ പറയുന്നുവെന്ന് ജെനു കുറുബ വനിതവിഭാഗം നേതാവ് ജെ.കെ. പുട്ടി പറഞ്ഞു. ഇതൊരു സാമൂഹികനീതിയുടെ പ്രശ്നമാണെന്നും എന്നാൽ, സര്‍ക്കാര്‍ ഇതിനെ ക്രമസമാധാന പ്രശ്നമായാണ് കാണുന്നതെന്നും അവർ പറഞ്ഞു. ഞങ്ങളെ ഭീഷണിപ്പെടുത്തുന്നതിനായാണ് നൂറുകണക്കിന് ഉദ്യോഗസ്ഥരെയും സേനയെയും വിന്യസിച്ചിട്ടുള്ളതെന്നും ഞങ്ങളുടെ പൂർവികർ ഉറങ്ങുന്ന മണ്ണുവിട്ട് മറ്റെവിടേക്കുമില്ലെന്നും അവര്‍ പറഞ്ഞു.
ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ (എൻ.ടി.സി.എ) നിർദേശപ്രകാരം, കർണാടക വനംവകുപ്പ് കർണാടകയിലെ വനങ്ങളിൽ കഴിയുന്ന ആദിവാസികളുടെ അവകാശങ്ങൾ ലംഘിക്കുകയാണെന്ന് സി.എൻ.എ.പി നേതാവായ പ്രണബ് ദോലെ പറഞ്ഞു. അസമിലെ കാസിരംഗ നാഷനൽ പാർക്കിലെ ഗോത്രവിഭാഗങ്ങളുടെ അവകാശങ്ങൾക്കായി പോരാടുന്ന നേതാവുകൂടിയാണ് പ്രണബ് ദോലെ. വനങ്ങളിൽ കഴിയുന്ന ആദിവാസികളുടെ മൗലികമായ മനുഷ്യാവകാശങ്ങൾ നിഷേധിക്കുകയും വ്യാജ കേസുകൾ ചുമത്തുകയും വനത്തിന് പുറത്തുകഴിയണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്. ജെനു കുറുബ സമുദായം തേൻ, നെല്ലിക്ക, മെഴുക്, കാട്ടുപുല്ല് തുടങ്ങിയ വന വിഭവങ്ങള്‍ ശേഖരിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുകയും വാസസ്ഥലത്തേക്ക് വൈകീട്ട് ആറിനുശേഷം പ്രവേശിക്കുന്നതിനും പുറത്തുപോകുന്നതിനും ചെക്ക് പോസ്റ്റുകളും സോളാര്‍ ലൈറ്റ് ഗേറ്റുകളടക്കം സ്ഥാപിച്ച് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തതായും അവർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി വനാവകാശ നിയമം നടപ്പാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുകയാണെന്ന് എൻ.എ.ജെ.എച്ച്.എസ്.എസ് പ്രസിഡന്റ് ജെ.കെ തിമ്മ പറഞ്ഞു. 1972ൽ വനാവകാശ നിയമം നടപ്പില്‍ വന്നപ്പോള്‍ കരടികല്ലു ഗ്രാമത്തില്‍ നിന്നും നിരവധി കുടുംബങ്ങള്‍ കാടുവിട്ടു പുറത്തു പോകേണ്ടി വന്നു.
കാടിനുമേൽ നിയമപരമായ അവകാശം ഞങ്ങൾക്കുണ്ടായിട്ടും നിരവധി കുടുംബങ്ങള്‍ ഇപ്പോഴും കുടിയിറക്കല്‍ ഭീഷണി നേരിടുകയാണ്. വനം വകുപ്പ് നിലവില്‍വരുന്നതിന് മുമ്പ് കാട് സംരക്ഷിച്ചിരുന്നത് ജെനു കുറുബ, യെരന, പണിയ, ആദിവാസി വിഭാഗങ്ങളാണ്. കാട്ടിലെ മനുഷ്യരും മൃഗങ്ങളും തുല്യരാണെന്ന് പൂര്‍വികര്‍ പറഞ്ഞുതന്നിട്ടുണ്ടെന്നും വനത്തിലെ തങ്ങളുടെ അവകാശങ്ങള്‍ തടയാന്‍ ഒരു ശക്തിക്കും സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. സി.എന്‍.എ.പി.എ നഗര്‍ഹോളെ വനത്തിലെ ആദിവാസികളോടൊപ്പമാണെന്നും കുടിയൊഴിപ്പിക്കാനെത്തിയ സേന ഉടന്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

