എം.പിയുടെയും എം.എൽ.എമാരുടെയും വീടുകളിൽ ഇ.ഡി റെയ്ഡ്; നിയമലംഘനത്തെ പിന്തുണക്കില്ല -മുഖ്യമന്ത്രി
text_fieldsമുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കുന്നു
ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷണഭാഗമായി കർണാടകയിലെ കോൺഗ്രസ് എം.പിയുടെയും മൂന്ന് എം.എൽ.എമാരുടെയും വീടുകളിൽ ബുധനാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംഘം റെയ്ഡ് നടത്തി. ബെല്ലാരിയിൽനിന്നുള്ള കോൺഗ്രസ് ലോക്സഭാംഗം ഇ. തുക്കാറാം, കോൺഗ്രസ് എം.എൽ.എമാരായ നര ഭാരത് റെഡ്ഡി (ബെല്ലാരി സിറ്റി), ജെ.എൻ. ഗണേഷ് (കാംപ്ലി), എൻ.ടി. ശ്രീനിവാസ് (കുഡ്ലിഗി) എന്നിവരുടെ വീടുകളിലാണ് പരിശോധന നടന്നത്.
നിയമലംഘനങ്ങൾ ആര് നടത്തിയാലും താനോ സർക്കാറോ പിന്തുണക്കില്ലെന്ന് റെയ്ഡിനോടുള്ള പ്രതികരണമായി മുഖ്യമന്ത്രി സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു. നിയമം നടപ്പാക്കുന്നതിൽ സർക്കാർ തടസ്സമാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇ. തുക്കാറാം എം.പി, നര ഭാരത് റെഡ്ഡി എം.എൽ.എ, ജെ.എൻ. ഗണേഷ് എം.എൽ.എ, എൻ.ടി. ശ്രീനിവാസ് എം.എൽ.എ
വാൽമീകി കോർപറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ അന്വേഷണ ഭാഗമായാണ് കോൺഗ്രസ് എം.പിയുടെയും എം.എൽ.എ.മാരുടെയും വീടുകളിൽ റെയ്ഡ് നടത്തിയതെന്ന് ഇ.ഡി അധികൃതർ അറിയിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പി.എം.എൽ.എ) വ്യവസ്ഥകൾ പ്രകാരം ബെല്ലാരിയിലെ അഞ്ച് സ്ഥലങ്ങളിലും ബംഗളൂരു നഗരത്തിലെ മൂന്ന് സ്ഥലങ്ങളിലും പരിശോധന നടത്തിയതായി ഇ.ഡി അറിയിച്ചു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബല്ലാരി സീറ്റിലെ വോട്ടർമാർക്കും കോൺഗ്രസ് പ്രവർത്തകർക്കും പണം വിതരണം ചെയ്യുന്നതിനായി കർണാടക മഹർഷി വാൽമീകി പട്ടികവർഗ വികസന കോർപറേഷന്റെ (കെ.എം.വി.എസ്.ടി.ഡി.സി) അക്കൗണ്ടുകളിൽനിന്ന് പണം തട്ടിയെടുത്തുവെന്ന ആരോപണത്തിൽ തെളിവുകൾ ശേഖരിക്കുന്നതിനാണ് റെയ്ഡ് നടത്തുന്നതെന്നാണ് ഇ.ഡിയുടെ വിശദീകരണം. പുലർച്ച അഞ്ചിനാണ് അഞ്ചിടങ്ങളിലും ഇ.ഡി സംഘങ്ങൾ പരിശോധനക്കെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

