കെ.ബി.ഡി.സിയിൽ ഇ.ഡി പരിശോധന; 97 കോടിയുടെ ക്രമക്കേട് കണ്ടെത്തി
text_fieldsബംഗളൂരു: കർണാടക ഭോവി ഡെവലപ്മെന്റ് കോർപറേഷൻ (കെ.ബി.ഡി.സി) അഴിമതിയുമായി ബന്ധപ്പെട്ട് ബംഗളൂരു മേഖല ഓഫിസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ വ്യാപക റെയ്ഡുകൾ നടത്തി. 97 കോടി രൂപയുടെ സർക്കാർ ഫണ്ട് വകമാറ്റിയതുമായി ബന്ധപ്പെട്ട് നിർണായക ഡിജിറ്റൽ രേഖകളും സ്വത്ത് വിശദാംശങ്ങളും പരിശോധനയിൽ പിടിച്ചെടുത്തു.
2002 ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പി.എം.എൽ.എ) വ്യവസ്ഥകൾ പ്രകാരമാണ് ബംഗളൂരുവിലുടനീളം ഒന്നിലധികം സ്ഥലങ്ങളിൽ റെയ്ഡുകൾ നടത്തിയത്. വി.വി ടവറിൽ സ്ഥിതി ചെയ്യുന്ന കെ.ബി.ഡി.സി ഓഫിസിലും നിരീക്ഷണത്തിലുള്ള മുൻ കോർപറേഷൻ ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി വ്യക്തികളുടെ വസതികളിലും റെയ്ഡ് നടന്നു.
ഭോവി സമുദായത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി നീക്കിവെച്ചിരുന്ന 97 കോടി രൂപ 500ലധികം വ്യാജ ഗുണഭോക്തൃ അക്കൗണ്ടുകൾ സൃഷ്ടിച്ച് തട്ടിയെടുത്തതായി ഇ.ഡി വൃത്തങ്ങൾ സ്ഥിരീകരിച്ചു. മുതിർന്ന ഉദ്യോഗസ്ഥരടക്കം തട്ടിപ്പിൽ ഉൾപ്പെട്ടതായാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്. കർണാടക പൊലീസ് ഫയൽ ചെയ്ത ഒന്നിലധികം എഫ്.ഐ.ആറുകളിൽ നടപടി സ്വീകരിച്ച ഇ.ഡി പണമിടപാട് കണ്ടെത്തുന്നതിനും സമ്പാദിച്ച സ്വത്തുക്കൾ കണ്ടെത്തുന്നതിനുമായി അന്വേഷണം ആരംഭിച്ചു.
പരിശോധനകളിൽ ശേഖരിച്ച ഡിജിറ്റൽ തെളിവുകളും സ്വത്ത് രേഖകളും ഇ.ഡിയുടെ സൂക്ഷ്മ പരിശോധനയിലാണ്. കർണാടക ലോകായുക്തയുടെ പ്രാഥമിക കണ്ടെത്തലുകളെ തുടർന്നാണ് ഇ.ഡിയുടെ ഇടപെടൽ. വായ്പ വിതരണ ക്രമക്കേട്, അനധികൃത ഫണ്ട് കൈമാറ്റം, രേഖകൾ കൈകാര്യം ചെയ്യുന്നതിലെ അലംഭാവം എന്നിവയുമായി ബന്ധപ്പെട്ട് കെ.ബി.ഡി.സി ഇതിനകം വിവാദത്തിൽ അകപ്പെട്ട സ്ഥാപനമാണ്. ഗുണഭോക്താക്കളെക്കുറിച്ചുള്ള സെൻസിറ്റിവ് ഡേറ്റ അടങ്ങിയ 200 ലധികം ഫയലുകൾ ദുരൂഹമായി അപ്രത്യക്ഷമായതായി ഇ.ഡി പരിശോധനയിൽ സൂചന ലഭിച്ചു.
2016ൽ സ്ഥാപിതമായ കർണാടക ഭോവി വികസന കോർപറേഷൻ പരമ്പരാഗതമായി കല്ലുഖനനം, കുളം വൃത്തിയാക്കൽ, നിർമാണം തുടങ്ങിയ കൈവേലകളിൽ ഏർപ്പെട്ട പട്ടികജാതി വിഭാഗമായ ഭോവി സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടാണ് രൂപവത്കരിച്ചത്. ഭോവി കുടുംബങ്ങളുടെ പ്രത്യേകിച്ച് ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുടെ സാമൂഹിക-സാമ്പത്തിക പുരോഗതിയെ പിന്തുണക്കുന്നതിനാണ് കോർപറേഷൻ വിഭാവനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

