ഇ-സ്വത്തു 2.0 സോഫ്റ്റ് വെയര്‍ പ്രവര്‍ത്തനരഹിതമായി
text_fieldsബംഗളൂരു: ഗ്രാമീണ വാസികൾക്ക് ഡിജിറ്റൽ പ്രോപ്പർട്ടി രേഖകൾ നൽകുന്നതിനായി ആരംഭിച്ച ഇ-സ്വത്തു 2.0 സോഫ്റ്റ്വെയർ ഒരു മാസം തികയുന്നതിന് മുമ്പെ സാങ്കേതിക തകരാര്‍ മൂലം പ്രവര്‍ത്തനരഹിതമായി. ഇതുമൂലം ഭൂമി സംബന്ധമായ രേഖകള്‍ ലഭിക്കാന്‍ അപേക്ഷകര്‍ക്ക് കാലതാമസം നേരിട്ടു. സുതാര്യത ഉറപ്പാക്കുന്നതിനും സ്വത്തിന്റെ ഉടമസ്ഥാവകാശം സംരക്ഷിക്കുന്നതിനുമായി ഡിസംബർ ഒന്നു മുതലാണ് സംസ്ഥാന സർക്കാർ ഇ-സ്വത്തു 2.0 ആരംഭിച്ചത്. സാങ്കേതിക തകരാറുകൾ കാരണം, 36,000ത്തിലധികം അപേക്ഷകർക്ക് ഇതുവരെ ഇ-ഖാത സർട്ടിഫിക്കറ്റുകൾ ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇ-സ്വത്തു 2.0 പ്രകാരം 2025ലെ കർണാടക ഗ്രാമ സ്വരാജ്, പഞ്ചായത്ത് രാജ് നിയമങ്ങൾ അനുസരിച്ച് ഫോം 11 എ, 11 ബി തുടങ്ങിയ ഭൂമി രേഖകൾക്കായി ജനങ്ങള്‍ ഓൺലൈനായി അപേക്ഷിക്കാം.
പുതിയ ലേഔട്ടുകൾ, അപ്പാർട്മെന്റുകള്‍, ഭൂമി വിഭാഗത്തിലുള്ള മാറ്റം എന്നിവക്കുള്ള അപേക്ഷകളും സോഫ്റ്റ്വെയറില് ലഭ്യമാണ്. നേരത്തേ ഗ്രാമപഞ്ചായത്ത് ഓഫിസുകളില്‍ രേഖകള്‍ സൂക്ഷിച്ചുവെക്കുകയായിരുന്നു പതിവ്. ഇതുമൂലം ആവശ്യങ്ങള്‍ക്കായി അപേക്ഷകര്‍ ഗ്രാമപഞ്ചായത്ത് ഓഫിസില്‍ നേരിട്ട് എത്തേണ്ട സ്ഥിതിവിശേഷമായിരുന്നു. ഡിജിറ്റലൈസേഷന് നിലവില്‍വന്നതോടെ 97 ലക്ഷത്തിലധികം വസ്തുക്കള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചു. തന്മൂലം ഓഫിസ് സന്ദര്‍ശിക്കാതെ രേഖകള്‍ നേടാന്‍ ജനങ്ങള്‍ക്ക് സാധിച്ചു. സോഫ്റ്റ് വെയറിന്റെ സാങ്കേതിക തകരാര്‍മൂലം പൊതുജനങ്ങള്‍ക്ക് രേഖകള്‍ നേടാന്‍ കാലതാമസം നേരിടുകയും സര്‍ക്കാറിന് വലിയ തോതില്‍ വരുമാനനഷ്ടവും സംഭവിക്കാന്‍ ഇടയായി.
ഭൂമി രജിസ്ട്രേഷന്, സെയില്‍ ഡീഡുകള്‍, മോര്‍ട്ട്ഗേജ് പ്രക്രിയ എന്നിവ സ്തംഭിച്ചതിനാല്‍ ഡിസംബര്‍ മുതല്‍ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷന് ഫീസ് പിരിവ് എന്നിവ കുത്തനെ ഇടിഞ്ഞു. സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചുവരുകയാണെന്നും പ്രശ്നം പരിഹരിച്ചുകഴിഞ്ഞാല്‍ തീര്‍പ്പാകാതെ കിടക്കുന്ന എല്ലാ അപേക്ഷകളും പരിഗണിക്കുമെന്നും ഗ്രാമ വികസന പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. അപേക്ഷ പരിഗണിക്കുന്നതിന് പ്രായപരിധിയില്ലെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. 36,362 അപേക്ഷകള്‍ അംഗീകാരം ലഭിക്കാന്‍ കാത്തിരിക്കുകയാണ്. ഇതുവരെ 6823 അപേക്ഷകള്‍ക്ക് അംഗീകാരം നല്‍കിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

