ഇ സഞ്ജീവനി ടെലി മെഡിസിന് തീരദേശ കര്‍ണാടകയില്‍ മികച്ച പ്രതികരണം
text_fieldsബംഗളൂരു: ഗ്രാമീണ മേഖലയില്‍ ആരോഗ്യ സംരക്ഷണം നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഇ സഞ്ജീവനി ടെലി മെഡിസിന് സേവനത്തിന് തീരദേശ കര്‍ണാടകയില്‍ മികച്ച പ്രതികരണം. ജില്ല ആരോഗ്യ ഉദ്യോഗസ്ഥരുടെ കണക്കുകള്‍ പ്രകാരം രണ്ട് വര്‍ഷത്തിനിടെ ദക്ഷിണ കന്നടയിലും ഉഡുപ്പിയിലുമായി 3.5 ലക്ഷത്തിലധികം രോഗികള്‍ക്ക് പരിചരണം ലഭിച്ചു. ഇതില്‍ 27,756 രോഗികള്‍ തീരദേശമേഖലയിലാണ്.
കോവിഡ് സമയത്ത് ആശുപത്രി സന്ദര്‍ശനം ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് ഇ സഞ്ജീവനി ടെലി മെഡിസിന് ആരംഭിച്ചത്. പൊതുജനങ്ങളുടെ ആവശ്യപ്രകാരം കോവിഡിന് ശേഷവും സേവനം തുടരുകയായിരുന്നു. ടെലി മെഡിസിന് മുഖേന ഗ്രാമപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് വിഡിയോ കോളിലൂടെ വിദഗ്ധ ഡോക്ടര്‍മാരുമായി സംസാരിക്കാന്‍ സാധിക്കും.
പ്ലേ സ്റ്റോറില്‍നിന്ന് ആപ് ഡൗണ്‍ ലോഡ് ചെയ്ത് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. ടോക്കണ്‍ അനുസരിച്ച് ഡോക്ടറുമായി വിഡിയോ കോളിലൂടെ സംസാരിക്കാന്‍ അവസരം ലഭിക്കും. മരുന്നിന്റെ കുറിപ്പടി ഡോക്ടര്‍ മൊബൈലിലേക്ക് നേരിട്ട് അയക്കും. ഈ സംവിധാനം ഡോക്ടര്‍മാരും രോഗികളും തമ്മിലുള്ള അന്തരം കുറക്കുന്നുവെന്നും കൂടുതല്‍ ആളുകള്‍ സേവനം പ്രയോജനപ്പെടുത്തണമെന്നും ദക്ഷിണ കന്നട ജില്ല ആരോഗ്യ ഓഫിസര്‍ ഡോ. തിമ്മയ്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

