കർണാടക മുഖ്യമന്ത്രിയുടെ വാഹനം തടയാൻ ശ്രമിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ
text_fieldsമംഗളൂരുവിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു
മംഗളൂരു: സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാളിനെ സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വാഹനം തടയാൻ ശ്രമിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നട ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനമായി നീങ്ങിയ പ്രവർത്തകരെ പാദുവ ജങ്ഷനിൽ പൊലീസ് തടഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. നരിങ്ങന കമ്പളയിലേക്കുള്ള യാത്രാമധ്യേ സിദ്ധരാമയ്യ വൈകീട്ട് അഞ്ചിനും അഞ്ചരക്കുമിടയിൽ കടന്നുപോയതിന്റെ മുന്നോടിയായിരുന്നു പ്രതിഷേധം. പാദുവ ജങ്ഷനിൽ നേരത്തെ തന്നെ കനത്ത പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.
അറസ്റ്റ് ചെയ്ത് കൊണ്ടുപോയ പൊലീസ് വാഹനത്തിനകത്തും ‘സംഘി കമീഷണർ ഗോ ബാക്ക്...’ മുദ്രാവാക്യം മുഴക്കി. ജനകീയ ആക്ഷൻ കമ്മിറ്റി സംഘടിപ്പിച്ച ടോൾ ബൂത്ത് പിക്കറ്റിങ്ങിൽ പങ്കെടുത്തവരിൽ ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ മുനീർ കാട്ടിപ്പള്ളക്കെതിരെ മാത്രം കേസെടുത്തതായി ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്റ് ബി.കെ. ഇംതിയാസ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഇതിന് നിർദേശം നൽകിയ സിറ്റി പൊലീസ് കമീഷണർക്കെതിരെ ഡി.വൈ.എഫ്.ഐ നടത്തിയ സമരങ്ങളുമായി ബന്ധപ്പെട്ടും കേസ് രജിസ്റ്റർ ചെയ്യുകയാണ്. തനിക്കെതിരെ അഞ്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അതേസമയം സംഘ്പരിവാർ സംഘടനകൾ നടത്തുന്ന സമരങ്ങളിൽ വ്യക്തികളെ തിരിച്ച് കേസെടുക്കുന്നില്ലെന്ന് ഇംതിയാസ് ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.