ഒഴിയാതെ സന്ദർശകർ; ദസറ എക്സിബിഷൻ ജനുവരി 12വരെ തുടരും
text_fieldsബംഗളൂരു: കർണാടകയുടെ സംസ്ഥാന ഉത്സവമായ മൈസൂരു ദസറ അവസാനിച്ചുവെങ്കിലും സന്ദർശകർക്ക് കുറവില്ല. ഇപ്പോഴും തുടരുന്ന ദസറ എക്സിബിഷൻ, ദീപാലങ്കാരം എന്നിവ കാണാൻ ആയിരക്കണക്കിനാളുകളാണ് സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി എത്തുന്നത്. ഞായറാഴ്ച മാത്രം 40,000 പേരാണ് എത്തിയത്. ജനുവരി 12വരെ എക്സിബിഷൻ തുടരുമെന്ന് കർണാടക എക്സിബിഷൻ അതോറിറ്റി (കെ.ഇ.എ) സി.ഇ.ഒ രാജേഷ് ജി. ഗൗഡ പറഞ്ഞു.
സാംസ്കാരിക പരിപാടികളും ജനുവരി 12 വരെ തുടരും. ദിനേന വ്യത്യസ്തങ്ങളായ സാംസ്കാരിക പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്.
ജനങ്ങൾക്ക് സൗകര്യപ്രദമായി കാഴ്ചകൾ കാണാനാണ് പ്രദർശനം നീട്ടിയത്. മൈസൂരു ദസറയുടെ ഭാഗമായ ദീപാലങ്കാരം നവംബർ നാലുവരെയാണ് തുടരുക. 120 കിലോമീറ്റർ റോഡിലും 98 ജങ്ഷനുകളിലുമായാണ് വിവിധ മാതൃകയിലുള്ള ദീപാലങ്കാരങ്ങളുള്ളത്.
വൈകീട്ട് ആറുമുതൽ 10 വരെയാണ് ദീപാലങ്കാരം. ചാമുണ്ഡേശ്വരി ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ആറരക്കോടി രൂപയാണ് ഇതിന് ചെലവിടുന്നത്.
നഗരത്തിലെ ഹോട്ടലുകളും റിസോർട്ടുകളിലും വൻതിരക്കാണ്. ശനി, ഞായർ ദിവസങ്ങളിലാണ് കൂടുതൽ സന്ദർശകർ എത്തുന്നത്. ശനി, ഞായർ ദിവസങ്ങളിൽ രാത്രി 10 മണിവരെയും അല്ലാത്ത ദിവസങ്ങളിൽ രാത്രി 9.30 വരെയും എക്സിബിഷൻ പ്രവേശന ടിക്കറ്റുകൾ ലഭിക്കും. 11 മണിക്കാണ് എക്സിബിഷൻ അവസാനിക്കുക.
വിവിധതരം ഗെയിമുകൾ, റൈഡുകൾ, ഭക്ഷണങ്ങൾക്കുള്ളവയടക്കം 200ഓളം സ്റ്റാളുകൾ, വിവിധ സംസ്ഥാനങ്ങളിലെ കരകൗശല ഉൽപന്നങ്ങൾ, തുണിത്തരങ്ങൾ, ആഭരണങ്ങൾ, പാദരക്ഷകൾ തുടങ്ങിയവ ലഭിക്കുന്ന ഷോപ്പുകൾ എന്നിവയാണ് എക്സിബിഷനിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

