ദസറ ആഘോഷത്തിന് ഇന്ന് തിരിതെളിയും
text_fieldsതിങ്കളാഴ്ച ആരംഭിക്കുന്ന ദസറ ആഘോഷത്തിന് മുന്നോടിയായി മൈസൂരു നഗരം വൈദ്യുത ദീപാലങ്കാരത്തിൽ
മുങ്ങിയപ്പോൾ
ബംഗളൂരു: കര്ണാടകയുടെ സാംസ്കാരിക തലസ്ഥാനമായ മൈസൂരു നഗരത്തിൽ 415ാമത് നാടഹബ്ബ മൈസൂരു ദസറക്ക് തിങ്കളാഴ്ച തുടക്കം. ദസറക്ക് മുമ്പെ സുപ്രീംകോടതി വരെയെത്തിയ വിവാദങ്ങൾക്ക് വിടപറഞ്ഞ് സംസ്ഥാന സർക്കാറിന്റെ ക്ഷണിതാവായ സാഹിത്യകാരി ബാനു മുഷ്താഖ് രാവിലെ 10.10 മുതൽ 10.40 വരെ ചാമുണ്ഡി മലയിൽ നടക്കുന്ന ചടങ്ങിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കംകുറിക്കും. ചാമുണ്ഡേശ്വരി ദേവിക്ക് പൂക്കൾ അർപ്പിച്ച് നവരാത്രിക്ക് തുടക്കമിടും.
ദസറ ഉദ്ഘാടന ചടങ്ങ് നടക്കുന്ന ചാമുണ്ഡി ഹിൽസിൽ പൊലീസ് സുരക്ഷ ശക്തമാക്കിയപ്പോൾ
മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ചാമുണ്ഡി മലമുകളിലെ ക്ഷേത്രപരിസരത്ത് ഉദ്ഘാടന ചടങ്ങിനായി വമ്പിച്ച വേദിതന്നെ ഒരുക്കിയിട്ടുണ്ട്. 1000 അതിഥികൾക്ക് ഇരിപ്പിട സൗകര്യം ഒരുക്കിയിട്ടുണ്ട്. വെള്ളി രഥത്തിൽ (ബെല്ലി രഥ) സ്ഥാപിച്ചിട്ടുള്ള ഉത്സവമൂർത്തിയെ ‘ബ്രഹ്മി അലങ്കാര’ത്തിൽ അലങ്കരിച്ച്, പൂക്കൾ അർപ്പിക്കുന്നതോടെ ചടങ്ങ് ആരംഭിക്കും.
ഇതിന് മുന്നോടിയായി ക്ഷേത്രത്തിനകത്ത് ഞായറാഴ്ച ശുദ്ധീകരണ ചടങ്ങുകൾ പൂർത്തിയാക്കി. ഉദ്ഘാടന ചടങ്ങിൽ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം നടക്കാൻ സാധ്യതയുണ്ടെന്നത് പരിഗണിച്ച് 6000ത്തിലധികം പൊലീസുദ്യോഗസ്ഥരെ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കമാൻഡോ, ആർ.എഫ്, കെ.എസ്.ആർ.പി, സിവിൽ, ട്രാഫിക് പൊലീസ് എന്നിവർ രംഗത്തുണ്ടാവും. ദസറ ആഘോഷം വീക്ഷിക്കാനായി നിരവധി സഞ്ചാരികളാണെത്തുക. ചാമുണ്ഡി മലയിലും മൈസൂർ കൊട്ടാരത്തിലും മൈസൂർ മൃഗശാലയിലും വിനോദസഞ്ചാരികളുടെ തിരക്ക് വർധിച്ചിട്ടുണ്ട്.
മൈസൂരു ദസറ ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പുഷ്പമേളയുടെ മുന്നൊരുക്കത്തിൽനിന്ന്
ഹോട്ടലുകൾ, റിസോർട്ടുകൾ തുടങ്ങിയവയിൽ ബുക്കിങ് തകൃതിയാണ്. കൊട്ടാരവും പൈതൃക കെട്ടിടങ്ങളും നഗരത്തിലെ പ്രധാന പാതകളും ഭംഗിയായി വിളക്കുകളാൽ അലങ്കരിച്ചിട്ടുണ്ട്. പുഷ്പ പ്രദർശനങ്ങൾ, ദസറ പ്രദർശനം എന്നിവയും വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. 135 കി.മീ വൈദ്യുത ദീപാലങ്കാരം ഒരുക്കിയിട്ടുണ്ട്. മൈസൂരു നഗരത്തിലെ 118 ജങ്ഷനുകളിൽ വിവിധ മാതൃകകളിൽ അലങ്കാരമൊരുക്കി. 27ന് ദസറ എയർഷോ ബന്നിമണ്ഡപ് മൈതാനത്തിന് മുകളിൽ അരങ്ങേറും.
ഇതര സംസ്ഥാന ടൂറിസ്റ്റ് വാഹനങ്ങൾക്ക് പ്രവേശന ടാക്സ് ഒഴിവാക്കി
ദസറ നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ഗതാഗത വകുപ്പ് ഇതര സംസ്ഥാനങ്ങളിൽനിന്ന് മൈസൂരിലേക്ക് വരുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക് എൻട്രി ടാക്സും പെർമിറ്റ് ടാക്സും ഒഴിവാക്കി. സെപ്റ്റംബർ 22 മുതൽ ഒക്ടോബർ രണ്ടു വരെ നീളുന്ന ദസറ ആഘോഷകാലത്ത് മാത്രമേ ഈ ഇളവ് ബാധകമാകൂ. വിനോദസഞ്ചാരികളുടെ വരവ് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ നടപടി.
ഗതാഗത വകുപ്പിന്റെ ഔദ്യോഗിക വിജ്ഞാപനപ്രകാരം, മൈസൂരുവിലേക്കും മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്തിലേക്കും വരുന്ന വാഹനങ്ങൾക്കാണ് ഇളവ് ബാധകമാകുക. ശ്രീരംഗപട്ടണയിലാണ് ബൃന്ദാവൻ ഗാർഡൻസ്, കെ.ആർ.എസ് അണക്കെട്ട്, രംഗനതിട്ടു പക്ഷിസങ്കേതം തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളുള്ളത്.
കര്ണാടകക്ക് പുറത്തുള്ള സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത, പ്രത്യേക പെർമിറ്റോടെ ഓടുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്കാണ് ഇളവ് ബാധകമെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി. 1957ലെ മോട്ടോർ വാഹന നികുതി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം പൊതുതാൽപര്യത്തിനായി ഇളവ് അനുവദിച്ചതാണെന്നും വിജ്ഞാപനത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

