ദസറത്തിരക്കിലലിഞ്ഞ് മൈസൂരു
text_fieldsബംഗളൂരു: കർണാടകയുടെ സംസ്ഥാന ഉത്സവമായ മൈസൂരു ദസറക്ക് സന്ദർശകത്തിരക്കേറുന്നു. കഴിഞ്ഞ ദിവസങ്ങളിലായി വിവിധ പ്രദർശനങ്ങളും മറ്റും കാണാൻ ആയിരങ്ങളാണ് എത്തിയത്. ഒക്ടോബർ 15ന് തുടങ്ങിയ ദസറ 24ന് സമാപിക്കും. എയ്റോ ഷോ ആയിരിക്കും ഇത്തവണത്തെ മുഖ്യ ആകർഷണം. ഒക്ടോബർ 23ന് ബന്നിമന്തപ്പ പരേഡ് ഗ്രൗണ്ടിൽ ഒരു മണിക്കൂറാണ് എയ്റോ ഷോ നടക്കുക.
കോവിഡ് മൂലം രണ്ടു വർഷത്തെ ഇടവേളക്കുശേഷം കഴിഞ്ഞ വർഷമാണ് ദസറ ആഘോഷം വിപുലമായി നടന്നത്. ആനകളുടെ ജംബോ സവാരി, മൈസൂരു നഗരത്തിലെ ദീപാലങ്കാരം എന്നിവയാണ് പ്രധാന ആകർഷണം. ഫ്ലവർഷോ, ദസറ എക്സിബിഷൻ, കവി സമ്മേളനം, മൈസൂരു കൊട്ടാരത്തിലെ വിവിധ സാംസ്കാരിക കലാപരിപാടികൾ അടക്കമുള്ളവ ദസറയുടെ ഭാഗമായി നടക്കുന്നുണ്ട്. 24ന് വിജയദശമിദിനത്തിൽ ബന്നിമന്തപ്പ ഗ്രൗണ്ടിൽ നടക്കുന്ന ടോർച്ച് ലൈറ്റ് പരേഡോടെയാണ് ദസറക്ക് തിരശ്ശീല വീഴുക. മൈസൂരു നഗരത്തിൽ വൻസുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കർണാടകയുടെ വിവിധ ഭാഗങ്ങൾക്കു പുറമേ കേരളം, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽനിന്നും സന്ദർശകർ എത്തും. അവസാന ദിനങ്ങളിൽ ആളുകളുടെ എണ്ണം കൂടും. കുപ്പണ്ണ പാർക്കിലാണ് പുഷ്പമേള നടക്കുന്നത്. രണ്ടു ദിവസങ്ങളിലായി പുഷ്പമേളക്കായി 30,000ത്തിലധികം പേരാണ് എത്തിയത്. മൈസൂരു മൃഗശാലയിലും തിരക്കേറി. 20,000ത്തോളം പേർ ഇവിടെ എത്തി. ദസറയോടനുബന്ധിച്ച ശ്രീരംഗപട്ടണ ദസറ കഴിഞ്ഞ ദിവസം തുടങ്ങി. വെള്ളിയാഴ്ച അവസാനിക്കും.
കര്‍ണാടക ആര്.ടി.സിയും സ്വകാര്യ ടൂര്‍ ഓപറേറ്റര്‍മാരും വിനോദസഞ്ചാരികള്‍ക്ക് പ്രത്യേക പാക്കേജുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. 250 രൂപ മുതല്‍ 1000 രൂപ വരെയാണ് ഇത്തരം പാക്കേജുകള്‍ക്ക് ഒരാളില്‍നിന്ന് ഈടാക്കുന്നത്. കര്‍ണാടക ആര്.ടി.സി നഗരത്തിലെ കാഴ്ചകള്‍ക്കു പുറമേ സമീപജില്ലകളിലെ കാഴ്ച കാണാനും അവസരമൊരുക്കുന്നുണ്ട്. കര്‍ണാടക ആര്.ടി.സിയുടെ വെബ്സൈറ്റിലൂടെയാണ് പാക്കേജുകള്‍ ബുക്ക് ചെയ്യേണ്ടത്.
ഓട്ടോറിക്ഷകളിലും ടാക്സികളിലും അമിത നിരക്ക് ഈടാക്കുന്നുവെന്ന് മുന്‍ വര്‍ഷങ്ങളില്‍ വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇത്തവണ അമിത നിരക്ക് ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. ഇത്തരം ടാക്സി- ഓട്ടോതൊഴിലാളികള്ക്കെതിരെ നടപടി സ്വീകരിക്കാന്‍ പ്രത്യേക സ്ക്വാഡിന് രൂപം നല്‍കിയിട്ടുണ്ട്.
മൈസൂരുവിൽ ഗതാഗത നിയന്ത്രണം
ദസറയോടനുബന്ധിച്ച് മൈസൂരു നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ടി. നഗരസിപുര ഭാഗത്തുനിന്ന് നഗരത്തിലെത്തുന്ന സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ മഹാദേവപുര റോഡിലേക്ക് പ്രവേശിച്ച് റിങ് റോഡ്, പുഷ്പശര്മ ജങ്ഷന് എന്നിവിടങ്ങളില്‍ ഒരുക്കിയിരിക്കുന്ന പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ നിര്‍ത്തണം.
ബെന്നൂര്‍ ഭാഗത്തുനിന്നു വരുന്ന ബസുകള്‍ ദേവഗൗഡ സര്‍ക്കിള്‍ വഴി മൈസൂരു-ബംഗളൂരു റോഡിന്റെ വിവിധ ഭാഗങ്ങളിലായി തയാറാക്കിയ പാര്‍ക്കിങ് കേന്ദ്രങ്ങളിലും കെ.എസ്.ആര് ഭാഗത്തുനിന്നുവരുന്ന ബസുകള്‍ ദാസപ്പ സര്‍ക്കിള്‍ വഴി ഹുന്‍സൂര്‍ റോഡിനു സമീപത്തായി തയാറാക്കിയിരിക്കുന്ന പാര്‍ക്കിങ് കേന്ദ്രങ്ങളിലെത്തണം.
കാറുകള്‍ ഉള്‍പ്പെടെയുള്ള മറ്റു സ്വകാര്യ വാഹനങ്ങള്‍ക്കായി നഗരത്തിലെ വിവിധ ഭാഗങ്ങളിലായി പാര്‍ക്കിങ് കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

