ലഹരി വേട്ട; മൈസൂരുവിൽ പിടിച്ചെടുത്തത് 390 കോടിയുടെ മയക്കുമരുന്ന്
text_fieldsമൈസൂരുവിൽ പിടിച്ചെടുത്ത മയക്കുമരുന്നുമായി അന്വേഷണ സംഘം
ബംഗളൂരു: ജൂലൈ 26ന് മൈസൂരുവിൽ മുംബൈ പൊലീസും മൈസൂരു പൊലീസും സംയുക്തമായി നടത്തിയ ഓപറേഷനിൽ പിടിച്ചെടുത്തത് അന്താരാഷ്ട്ര മാർക്കറ്റിൽ 390 കോടി വിലവരുന്ന മയക്കുമരുന്നെന്ന് പൊലീസിന്റെ വെളിപ്പെടുത്തൽ. ആകെ 192.53 കിലോ മെഫിഡ്രോൺ (എം.ഡി) ആണ് പിടിച്ചെടുത്തതെന്ന് മുംബൈ സോൺ 10 ഡി.സി.പി ദത്ത നൽവാഡെ മൈസൂരുവിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മുംബൈ പൊലീസിലെ സോൺ 10 സകിനാല പൊലീസ് സ്റ്റേഷനിലെ ആന്റിനാർകോട്ടിക്സ് സെല്ലാണ് റെയ്ഡിന് ചുക്കാൻ പിടിച്ചത്. കേസിൽ ഇതുവരെ ഏഴ് മുംബൈ സ്വദേശികളും ഒരു മൈസൂരു സ്വദേശിയും അറസ്റ്റിലായി. മൈസൂരുവിലെ ഒരു വാഹന ഗാരേജിന്റെ മറവിലാണ് ലഹരി നിർമാണം നടന്നിരുന്നത്. ഇവിടെ നിർമിച്ചിരുന്ന മയക്കുമരുന്ന് മുംബൈയിലേക്ക് കടത്തിയാണ് വിൽപന നടത്തിയിരുന്നത്. പ്രതികളിൽനിന്ന് 13 കിലോ എം.ഡി.എം.എയും നിർമാണം അവസാന ഘട്ടത്തിലായ 50 കിലോ മയക്കുമരുന്നും പിടിച്ചെടുത്തിരുന്നു.
കുംബരകൊപ്പാൽ സ്വദേശി മഹേഷ് എന്നയാളുടേതാണ് ഗാരേജ് നിന്നിരുന്ന സ്ഥലം. മൈസൂരു സ്വദേശിയായ അജ്മൽ ഇത് 20,000 രൂപ വാടകക്കെടുത്ത് ഇവിടെ കാർഷെഡ് നിർമിച്ചു. മുൻവശത്ത് കാർഗാരേജ് പ്രവർത്തിപ്പിക്കുകയും ഗാരേജിന്റെ പിൻവശം പ്രതിമാസം രണ്ടു ലക്ഷം രൂപ വാടക നിരക്കിൽ മുംബൈ സ്വദേശിയായ റിയാൻ എന്നയാൾക്ക് കൈമാറുകയുമായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ മഹാരാഷ്ട്ര പൊലീസ് മുംബൈയിൽനടത്തിയ റെയ്ഡിൽ പിടിയിലായവരിൽനിന്നാണ് മൈസൂരുവിലെ നിർമാണ കേന്ദ്രം സംബന്ധിച്ച സൂചന ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

