മെഡിക്കൽ വിദ്യാർഥികളിലെ മയക്കുമരുന്ന് ഉപയോഗം; എല്ലാ ജില്ലകളിലും കൗൺസലിങ് കേന്ദ്രം ആരംഭിക്കും
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: ജീവിത ശൈലിയും അക്കാദമിക് സമ്മർദവും യുവാക്കളിൽ ലഹരി ഉപയോഗം വർധിപ്പിക്കുന്നുവെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തുടനീളം കൗൺസലിങ് കേന്ദ്രം തുടങ്ങുമെന്ന് രാജീവ് ഗാന്ധി യൂനിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് (ആർ.ജി.യു.എച്ച്.എസ്) വൈസ് ചാൻസലർ ഡോ. ബി.സി. ഭഗവാൻ. എല്ലാ ജില്ലകളിലും കൗൺസലിങ് കേന്ദ്രങ്ങൾ സ്ഥാപിക്കും. മയക്കുമരുന്നിന് അടിപ്പെട്ട വിദ്യാർഥികൾക്ക് കൗൺസലിങ്, മെഡിക്കൽ സഹായം എന്നിവക്കൊപ്പം കൃത്യമായ പരിശോധനയും ബോധവത്കരണ ക്ലാസുകളും നൽകും. പ്രത്യേക മെഡിക്കൽ സംഘങ്ങളെ ഇതിനായി നിയമിക്കും.
സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ മെഡിക്കൽ വിദ്യാർഥികളാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗവുമെന്ന് കണ്ടെത്തിയിരുന്നു. കോളജുകളിൽ നിയന്ത്രണങ്ങൾ ഉണ്ടായിട്ടും കുട്ടികൾ മറ്റ് മാർഗങ്ങളിലൂടെ മയക്കുമരുന്ന് കൈവശപ്പെടുത്തുകയാണ്. മെഡിക്കൽ, ഡെന്‍റല്‍, ആയുർവേദം, യുനാനി തുടങ്ങി 1500ഓളം സ്ഥാപനങ്ങൾ ആർ.ജി. യു.എച്ച്.എസിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഓരോ കാമ്പസുകളിലും ലഹരി വിരുദ്ധ പരിപാടികൾ സംഘടിപ്പിക്കും. പുകയില ഉപയോഗം നിയന്ത്രിക്കുന്നതിനും കർശന നടപടി സ്വീകരിക്കും.
ഇതര സംസ്ഥാനങ്ങളിൽ നിന്നുവരുന്ന വിദ്യാർഥികളാണ് ലഹരിക്കടിപ്പെടാൻ സാധ്യത കൂടുതൽ. ലഹരി ഉപയോഗം പ്രാരംഭഘട്ടം മുതൽ അറിയുന്നതിന് എല്ലാ കാമ്പസുകളിലും കൃത്യമായ പരിശോധന നടത്തും. ലഹരി ഉപയോഗിക്കുന്ന വിദ്യാർഥികളെ കൗൺസലിങ് കേന്ദ്രങ്ങളിലെത്തിക്കും. ആരോഗ്യമുള്ള സമൂഹം പടുത്തുയർത്തിയെടുക്കുക എന്നത് കൂട്ടായ ഉത്തരവാദിത്തമാണ്. രാഷ്ട്ര രൂപവത്കരണത്തിൽ നിർണായക പങ്കുവഹിക്കുന്ന യുവാക്കളെ ലഹരിയുടെ പിടിയില്‍ നിന്നും മോചിപ്പിക്കണം. അടുത്ത വർഷത്തിനകം മയക്കുമരുന്ന് രഹിത വിദ്യാർഥി സമൂഹം എന്ന ലക്ഷ്യം സാക്ഷാത്കരിക്കണമെന്നും വൈസ് ചാൻസലർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

