മയക്കുമരുന്ന് ശൃംഖലകൾ ഇല്ലാതാക്കും -ആഭ്യന്തരമന്ത്രി ജി. പരമേശ്വര
text_fieldsകോറമംഗല കെ.എസ്.ആർ.പി. പരേഡ് ഗ്രൗണ്ടിൽ നടന്ന ‘പൊലീസ് പതാക ദിനത്തില്‍’ മുഖ്യമന്ത്രി സിദ്ധരാമയ്യ, ആഭ്യന്തരമന്ത്രി ജി. പരമേശ്വര എന്നിവര്‍
ബംഗളൂരു: യുവതലമുറ മയക്കുമരുന്നിന് അടിപ്പെടുന്ന കാലഘട്ടത്തില്‍ സംസ്ഥാനത്ത് മയക്കുമരുന്ന് ശൃംഖലകൾ പൂർണമായും ഇല്ലാതാക്കാൻ നടപടികൾ സ്വീകരിച്ചതായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര.
വ്യാഴാഴ്ച കോറമംഗല കെ.എസ്.ആർ.പി. പരേഡ് ഗ്രൗണ്ടിൽ നടന്ന ‘പൊലീസ് പതാക ദിനത്തില്‍’ മെഡൽ ജേതാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ണാടക മയക്കുമരുന്ന് മുക്തമാക്കണം എന്ന ഉദ്ദേശ്യം മുന്‍ നിര്‍ത്തി സര്‍ക്കാര്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആയിരക്കണക്കിന് കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു. മയക്കുമരുന്ന് റാക്കറ്റില്‍ ഉള്‍പ്പെട്ട നിരവധി പേരെ അറസ്റ്റ് ചെയ്യുകയും അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്തു. സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യത്ത് ആദ്യമായി ഒരു സൈബർ കമാൻഡ് യൂനിറ്റ് സ്ഥാപിച്ചത് കര്‍ണാടകയാണ്. അതിന്റെ മേല്‍നോട്ടത്തിനായി ഡി.ജി.പി. റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കുകയും ചെയ്തു.
ഇതോടെ സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ കുറക്കാന്‍ സാധിച്ചു. 1965 ഏപ്രിൽ രണ്ടിന് പൊലീസ് ആക്ട് നടപ്പാക്കിയതിലൂടെ സംസ്ഥാന പൊലീസിനെ ഏകീകരിച്ചതിന്റെ ഓർമക്കായാണ് പൊലീസ് പതാകദിനം ആഘോഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമാധാനം, ശാന്തത, ക്രമസമാധാനം എന്നിവ നിലനിർത്താൻ പൊലീസ് പരിശ്രമിക്കുന്നു. ഇതിൽ അവർ വിജയിച്ചിട്ടുണ്ട്. ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട് അനുസരിച്ച് ഇരകൾക്ക് നീതി നൽകുന്നതിൽ കർണാടക രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. രാജ്യത്തെ മൂന്നാമത്തെ മികച്ച പൊലീസ് സ്റ്റേഷനായി കേന്ദ്ര ആഭ്യന്തര വകുപ്പ് റായ്ച്ചൂർ ജില്ലയിലെ കവിതാല പൊലീസ് സ്റ്റേഷനെ അംഗീകരിച്ചിട്ടുണ്ട്.
എല്ലാ പൊലീസ് സ്റ്റേഷനുകളും ഈ രീതിയില്‍ ഉയര്‍ന്നു വരണമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് വകുപ്പ് നിത്യവും ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്നു. എങ്കിലും അതെല്ലാം തരണം ചെയ്തു സമാധാനം നില നിര്‍ത്താന്‍ പരിശ്രമിക്കുന്നു.
വർഷങ്ങൾക്കുമുമ്പ് ആന്റി-നക്സൽ ഫോഴ്സ് സ്ഥാപിച്ചതിലൂടെ കർണാടകയെ രാജ്യത്തെ ആദ്യത്തെ നക്സൽ രഹിത സംസ്ഥാനമാക്കി മാറ്റാന്‍ സാധിച്ചു. വകുപ്പിലെ സ്ഥലംമാറ്റ നിയമനങ്ങളില്‍ ആധുനികവത്കരണം ഉപയോഗപ്പെടുത്തും. വരും ദിവസങ്ങളിൽ പൊലീസ് വകുപ്പിൽ കൂടുതൽ പരിഷ്കാരങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

