ഡ്രൈവർമാർ ആപ്പുകൾ ഒഴിവാക്കി, ഓട്ടോക്കൂലി പഴയതുതന്നെ
text_fieldsബംഗളൂരു: കർണാടകയിൽ ബുധനാഴ്ച മുതൽ ഓൺലൈൻ ഓട്ടോകൾ ഇല്ലാതായതോടെ മിക്ക ഡ്രൈവർമാരും ഓൺലൈൻ കമ്പനികളുടെ ആപ്പുകൾ ഒഴിവാക്കി. ഒല, ഉബർ, റാപ്പിഡോ എന്നീ ഓൺലൈൻ കമ്പനികളുടെ ആപ്പുകളാണ് നീക്കിയത്. ബുധനാഴ്ച മുതൽ തങ്ങൾ ഓട്ടോറിക്ഷകളുടെ സേവനം ഓൺലൈനായി നൽകില്ലെന്ന് കമ്പനി അധികൃതരും ഗതാഗതവകുപ്പിന് ഉറപ്പുനൽകിയിരുന്നു.
ഇത് ലംഘിച്ചാൽ ഒരു വണ്ടിക്ക് 5000 രൂപ വീതം പിഴ അടക്കേണ്ടിവരും. ഓൺലൈൻ കമ്പനികളാകും പിഴ അടക്കേണ്ടി വരിക. ഇതോടെയാണ് ഡ്രൈവർമാരും കമ്പനികളുടെ ആപ്പുകൾ ഒഴിവാക്കിയത്. സർക്കാർ നിശ്ചയിച്ച തുകയേക്കാൾ കൂടുതൽ ഓട്ടത്തിന് ഈടാക്കുന്നൂവെന്ന പരാതിയെ തുടർന്നാണ് ഓൺലൈൻ ഓട്ടോ ടാക്സികളെ സർക്കാർ നിരോധിച്ചത്.
കർണാടക സർക്കാർ നിശ്ചയിച്ച ഓട്ടോറിക്ഷകളുടെ മിനിമം നിരക്ക് (ആദ്യ രണ്ടു കിലോമീറ്റര്‍) 30 രൂപയാണ്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 15 രൂപ വേണം. രാത്രി പത്തിനും പുലര്‍ച്ചെ അഞ്ചിനുമിടയിലുള്ള യാത്രക്ക് 50 ശതമാനം അധികനിരക്ക് ഈടാക്കും. കാത്തുനില്‍ക്കുന്നതിന് ഓരോ 15 മിനിറ്റിനും അഞ്ചു രൂപ വീതവും. എന്നാൽ ഓൺലൈൻ ഓട്ടോകൾ രണ്ട് കിലോമീറ്റർ താഴെയുള്ള ഓട്ടത്തിനും നൂറു രൂപയാണ് ഈടാക്കിയിരുന്നത്. നഗരത്തിൽ നിന്ന് നേരിട്ടു വിളിക്കുന്ന ഓട്ടോകളാകട്ടെ മീറ്റർ ഇട്ട് ഓടാതെ യഥാർഥ നിരക്കിന്റെ ഇരട്ടിയിലുമധികം ഈടാക്കും. ഇതിനാലാണ് സർക്കാർ നിശ്ചയിച്ച തുകയെക്കാൾ വാങ്ങുമെങ്കിലും താരതമ്യേന നിരക്ക് കുറവ് എന്നതിനാൽ ഓൺലൈൻ ഓട്ടോകളെ യാത്രക്കാർ ആശ്രയിച്ചിരുന്നത്.
അതേസമയം, ഡ്രൈവർമാർ ആപ്പുകൾ ഒഴിവാക്കിയതോടെ പഴയതുപോലെ വൻതുകയാണ് യാത്രക്കാർ നൽകേണ്ടിവരുന്നത്. ഇതിന് പരിഹാരമായി ഗതാഗതവകുപ്പിന്റെ നേതൃത്വത്തിൽ ആപ് സംവിധാനം ഏർപ്പെടുത്തണമെന്നാണ് ആവശ്യം. നേരത്തേ 100 രൂപക്ക് ഓടിയാൽ 60 രൂപയും ഓൺലൈൻ കമ്പനികൾക്ക് നൽകേണ്ടിവന്നിരുന്നതായി ഡ്രൈവർമാർ പറയുന്നു. സർക്കാർ തലത്തിൽ ആപ് വന്നാൽ യാത്രക്കാർക്കും ഡ്രൈവർമാർക്കും അത് ഏറെ പ്രയോജനകരമാകും.
എന്നാൽ അതിനുള്ള നടപടി ഉണ്ടാകുന്നില്ല. അതേസമയം, ഒല, ഉബർ എന്നിവക്ക് പകരമായി ബംഗളൂരുവിലെ ഓട്ടോ യൂനിയനുകളുടെ നേതൃത്വത്തിൽ സ്വന്തമായി തയാറാക്കിയ മൊബൈൽ യാത്രാആപ് നവംബർ ഒന്നിന് പുറത്തിറക്കും. ഓട്ടോറിക്ഷ യൂനിയനായ എ.ആർ.ഡി.യു, ബെക്കൻ ഫൗണ്ടേഷന്റെ സഹായത്തോടെയാണ് 'നമ്മ യാത്രി'എന്ന പേരിലുള്ള ആപ് തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

