ധർമസ്ഥല; അസ്ഥികൾക്കിടയിൽ 2023ൽ കാണാതായ യുവാവിന്റെ ഡ്രൈവിങ് ലൈസൻസ്
text_fieldsമംഗളൂരു: ധർമസ്ഥലയിലെ കൂട്ട ശവസംസ്കാരം അന്വേഷിക്കുന്ന പ്രത്യേക സംഘം നേത്രാവതി കുളിക്കടവിനടുത്ത ബംഗ്ലാഗുഡ്ഡെ വനത്തിൽ അസ്ഥികൂട അവശിഷ്ടങ്ങൾക്കിടയിൽനിന്ന് മറ്റൊരു തിരിച്ചറിയൽ കാർഡ് കൂടി കണ്ടെത്തിയതായി എസ്.ഐ.ടി അറിയിച്ചു. തുമകൂരു ജില്ലയിൽ ഗുബ്ബി താലൂക്കിലെ ദസറക്കല്ലഹള്ളി സ്വദേശി ആദിശേഷ നാരായണി (27)ന്റേതാണിത്.
2013 ഒക്ടോബർ രണ്ടിന് ബാറിൽ ജോലിക്കായി ബംഗളൂരുവിലേക്ക് പോകുന്നതിനിടെ ഈ യുവാവിനെ കാണാതായിരുന്നുവെന്ന് സഹോദരി പത്മ എസ്.ഐ.ടിക്ക് മൊഴി നൽകി. ഈ മാസം 17, 18 തീയതികളിൽ ബംഗ്ലാഗുഡ്ഡെയിൽ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയ ഏഴ് അസ്ഥികൂടങ്ങളിൽ ഒന്ന് ആദിശേഷയുടേതാണെന്ന നിഗമനത്തിലാണ് പൊലീസ്. ഡി.എൻ.എ പരിശോധനയിലൂടെ ഇത് സ്ഥിരീകരിക്കും.
കാണാതായ ദിവസം ആദിശേഷ കുറച്ചു നേരത്തേക്ക് വീട്ടിൽ തിരിച്ചെത്തിയിരുന്നതായി സഹോദരി പറഞ്ഞു. മൊബൈൽ ഫോൺ വീട്ടിൽ ഉപേക്ഷിച്ച് അപ്രത്യക്ഷനായി. ആദിശേഷ പലപ്പോഴും വീട് വിട്ടുപോയി ദീർഘകാലം കഴിഞ്ഞ് തനിയെ മടങ്ങിയെത്താറുള്ളതിനാൽ കാണാതായതായി പൊലീസിൽ പരാതി നൽകിയിരുന്നില്ല.
കുടക് പൊന്നമ്പേട്ട് താലൂക്കിലെ ടി. ഷെട്ടിഗേരി ഗ്രാമത്തിൽ താമസിച്ചിരുന്ന 71 വയസ്സുള്ള ഉലുവഗഡ ബി. അയ്യപ്പ എന്നയാളുടെ പഴയ തിരിച്ചറിയൽ കാർഡും മൃതദേഹ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തിരുന്നു. മകൻ ജീവനും ബന്ധുക്കളും എത്തി തിരിച്ചറിഞ്ഞു.
2017 ജൂൺ 18ന് രാവിലെ അയ്യപ്പ വീട്ടിൽ നിന്ന് ഇറങ്ങി. വൈദ്യചികിത്സക്കായി മൈസൂരുവിലേക്ക് പോകുകയാണെന്നായിരുന്നു വീട്ടുകാരെ അറിയിച്ചത്. അന്ന് രാവിലെ 11.55ന് ഫോണിലൂടെയാണ് അദ്ദേഹം അവസാനമായി വീട്ടുകാരുമായി സംസാരിച്ചത്.
താമസിയാതെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയി. ദിവസങ്ങൾ കഴിഞ്ഞ് മകൻ ജീവൻ മൈസൂരു ആശുപത്രിയിൽ അന്വേഷിച്ചപ്പോഴാണ് അവിടെ എത്തിയിട്ടില്ലെന്ന് അറിഞ്ഞത്. ആ മാസം 25ന് ജീവൻ ശ്രീമംഗല പൊലീസ് സ്റ്റേഷനിൽ, പിതാവിനെ കാണാനില്ലെന്ന് പരാതി നൽകി. പക്ഷേ, എട്ടു വർഷമായിട്ടും തുമ്പ് കിട്ടിയിരുന്നില്ല. ഇതും ഡി.എൻ.എ പരിശോധനാ നടപടികളിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

