ബംഗളൂരു സിലിക്കൺ സിറ്റിയിൽ കുടിവെള്ളക്ഷാമം രൂക്ഷം
text_fieldsബംഗളൂരു: സിലിക്കൺ സിറ്റിയിലെ 58 സ്ഥലങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷം. സിറ്റിയിൽ മഹാദേവ്പുർ, ബൊമ്മനഹള്ളി, യലഹങ്ക, ദാസറഹള്ളി എന്നിവിടങ്ങളിലാണ് വെള്ളം കിട്ടാക്കനിയാകുന്നത്. ബംഗളൂരു പ്രദേശത്ത് പ്രതിവർഷം 19 ടി.എം.സി വെള്ളം അനുവദിക്കുകയും പ്രതിദിനം 1,472 എം.എൽ.ഡി വെള്ളം വിതരണം നടത്തുകയും ചെയ്യുന്നു. ഫെബ്രുവരി മുതൽ ജൂലൈ വരെ 9.48 ടി.എം.സി വെള്ളമാണ് വേണ്ടത്. നഗരത്തിലെ 10,955 കുഴൽക്കിണറുകളിൽ 1214 എണ്ണം വറ്റി. 3700 കുഴൽക്കിണറുകളിൽ ജലനിരപ്പ് കുറഞ്ഞു.
നഗരത്തിൽ ജലക്ഷാമമുള്ളിടത്ത് 200 മുതൽ 300 വരെ ടാങ്കറുകൾ ഉപയോഗിച്ച് സൗജന്യമായി വെള്ളം വിതരണം ചെയ്യാൻ ബി.ബി.എം.പിയും ജലമണ്ഡലവും തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. ഇതിനായി സ്വകാര്യവ്യക്തികളിൽ നിന്ന് ടാങ്കറുകൾ ഏറ്റെടുക്കും. സ്വകാര്യ വ്യക്തികളിൽനിന്ന് വാങ്ങുന്ന 200 ടാങ്കറുകളിൽ 100 ടാങ്കറുകൾ 110 വില്ലേജുകൾക്കും ബാക്കി 100 ടാങ്കറുകൾ ജലപ്രശ്നമുള്ള മധ്യമേഖലകളിൽ ജലവിതരണത്തിനും ഉപയോഗിക്കും. കൂടാതെ ജലബോർഡിന്റെ 68 ടാങ്കറുകൾ ഉപയോഗിക്കുമെന്ന് ബി.ബി.എം.പി ചീഫ് കമീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. നഗരത്തിൽ മൂവായിരത്തോളം ടാങ്കറുകൾ ഉണ്ട്. ആവശ്യമെങ്കിൽ വരും ദിവസങ്ങളിൽ എല്ലാ ടാങ്കറുകളും ദുരന്തനിവാരണ നിയമപ്രകാരം പിടിച്ചെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

