മുസ്‌ലിം വിദ്യാർഥിക്ക് നേരെ തീവ്രവാദി ആക്ഷേപം; ഡോ.മുരളീധർ ദേശ്പാണ്ഡെയെ സസ്പെൻഡ് ചെയ്തു
text_fieldsഡോ.മുരളീധർ ദേശ്പാണ്ഡെ
ബംഗളൂരു: ബംഗളൂരു പി.ഇ.എസ് സർവകലാശാല ക്ലാസ് മുറിയിൽ മുസ്‌ലിം വിദ്യാർഥിക്ക് നേരെ ആവർത്തിച്ച് തീവ്രവാദി അധിക്ഷേപം നടത്തി എന്ന പരാതിയെത്തുടർന്ന് അധ്യാപകനെ സർവകലാശാല സസ്പെൻഡ് ചെയ്തു.
പ്രഫ.ഡോ. മുരളീധർ ദേശ്പാണ്ഡേക്ക് എതിരെയാണ് നടപടി. വെള്ളിയാഴ്ച ക്ലാസ് മുറിയിൽ 13 തവണ തുടർച്ചയായി അധ്യാപകൻ അധിക്ഷേപം ചൊരിഞ്ഞതിന്റെ മിനിറ്റുകൾ ദൈർഘ്യമുള്ള വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് വിദ്യാർഥി സംഘടന എൻ.എസ്.യു.ഐ ബംഗളൂരു സെൻട്രൽ ജില്ല കമ്മിറ്റി പ്രസിഡന്റ് രാഘവേന്ദ്ര ലക്ഷ്യരാജ് വി പൊലീസിന് നൽകിയ പരാതിയെത്തുടർന്നാണ് വൈസ് ചാൻസലർ ഉടൻ പ്രാബല്യത്തോടെ സസ്പെൻഷൻ ഉത്തരവിറക്കിയത്. സംഭവത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കാതെ, വിദ്യാർഥി പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുന്നു എന്ന ഒറ്റ വരിയാണ് ഉത്തരവ്.
അഫാൻ എന്ന വിദ്യാർഥിയാണ് അധിക്ഷേപത്തിന് ഇരയായത്. ‘നിങ്ങളെപ്പോലുള്ള ആളുകൾ കാരണമാണ് ഇറാൻ യുദ്ധം ഉണ്ടായത്,ട്രംപ് നിങ്ങളെ കൊണ്ടുപോകും,നിങ്ങൾ വിഡ്ഢികളാണ്, നിങ്ങൾ നരകത്തിലേക്ക് പോകും എന്ന് പ്രഫസർ പറയുന്നുണ്ട്. 60 ഓളം വിദ്യാർഥികൾക്ക് മുന്നിലാണ് ഈ പരാമർശങ്ങൾ നടത്തിയത്. തെളിവാകാൻ സാധ്യതയുള്ള സിസി.ടിവി ദൃശ്യങ്ങൾ ഇല്ലാതാക്കിയതായി ആരോപണം ഉയരുന്നുണ്ട്. അഫനെ പിന്തുണച്ച ചില വിദ്യാർഥികളെ ക്ലാസിനിടെ സംസാരിച്ചതിന് സസ്‌പെൻഡ് ചെയ്തതായാണ് ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത വിവരം. പിന്നീട് കോളജിനോട് ക്ഷമാപണം നടത്തിയ പ്രഫസർ അഫാനോട് നേരിട്ട് സംസാരിച്ചില്ലെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

