ബംഗളൂരു നഗരത്തില്‍ ഡബിൾ ഡെക്കര്‍ വൈദ്യുതി ബസുകള്‍ വരുന്നു
text_fieldsബംഗളൂരു: ബംഗളൂരു നഗരത്തിലെ നിരത്തുകളിൽ ഡബിള്‍ ഡെക്കര്‍ വൈദ്യുതി ബസുകള്‍ വരുന്നു. ബി.എം.ടി.സിയുടെ പദ്ധതിയിൽ ആദ്യഘട്ടത്തില്‍ അഞ്ചു ബസുകളാണ് നിരത്തിലിറക്കുക. ഇതിനുള്ള പ്രാരംഭനടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ബംഗളൂരു കോർപറേഷന്‍റെ സഹായത്തോടെയാണ് ബസുകള്‍ നിരത്തിലിറക്കുന്നത്. നഗരത്തില്‍ പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ നടപ്പാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ബംഗളൂരു കോർപറേഷന് അനുവദിച്ച 140 കോടി രൂപയില്‍ 10 കോടി രൂപ ബി.എം.ടി.സിക്ക് കൈമാറും.
ഇതിനുപുറമെ അഞ്ച് ഡബിൾ ഡക്കര്‍ ബസുകള്‍കൂടി വാങ്ങാനുള്ള പദ്ധതി ബി.എം.ടി.സി സ്വന്തം നിലയിലും തയാറാക്കി വരുകയാണ്.ഡബിള്‍ ഡക്കര്‍ ബസുകള്‍ നിരത്തിലെത്തുന്നതോടെ നഗരത്തിലെ ടൂറിസം മേഖലക്കും നേട്ടമാകും. നേരത്തേ നഗരത്തില്‍ ഡബിള്‍ ഡക്കര്‍ ബസുകള്‍ സര്‍വിസ് നടത്തിയിരുന്നു.
ഔട്ടര്‍ റിങ് റോഡ് ഉള്‍പ്പെടെയുള്ള റൂട്ടുകളാണ് ഇത്തരം ബസുകളുടെ സര്‍വിസിനായി ബി.എം.ടി.സി പരിഗണിക്കുന്നത്. സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ്- ഹെബ്ബാള്‍ റൂട്ട് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. താഴ്ന്നുനില്‍ക്കുന്ന മരങ്ങളോ മറ്റു തടസ്സങ്ങളോ ഇല്ലാത്ത റോഡുകളാണ് ഡബിൾ ഡക്കർ ബസുകൾക്ക് ആവശ്യം. നഗരത്തിലെ റോഡുകളുടെ ഓരത്തെല്ലാം മരങ്ങളാണ്. ഈ സാഹചര്യവും അധികൃതരെ കുഴക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

