ദക്ഷിണേന്ത്യയിലെ ആദ്യ ഡബ്ൾ ഡക്കർ പാലം ബംഗളൂരുവിൽ ഇന്ന് തുറക്കും
text_fieldsബുധനാഴ്ച ഗതാഗതത്തിന് തുറന്നുനൽകുന്ന റോഡ് കം മെട്രോ ഫ്ലൈ ഓവർ
ബംഗളൂരു: ദക്ഷിണേന്ത്യയിലെ ആദ്യ റോഡ് കം മെട്രോ ഫ്ലൈ ഓവർ ബുധനാഴ്ച ഗതാഗതത്തിനായി തുറന്നുനൽകുമെന്ന് അധികൃതർ അറിയിച്ചു. നമ്മ മെട്രോ യെല്ലോ ലൈനിൽ റാഗിഗുഡ്ഡെ മെട്രോ സ്റ്റേഷൻ മുതൽ സിൽക്ക് ബോർഡ് ജങ്ഷൻ വരെ 3.36 കിലോമീറ്ററിൽ ഇരട്ടത്തട്ടുള്ള പാലമാണ് തുറക്കുന്നത്.
പ്രവൃത്തികൾ അവസാന ഘട്ടത്തിലുള്ള യെല്ലോ ലൈനിൽ ഡിസംബർ അവസാനത്തിൽ മെട്രോ ഓടിത്തുടങ്ങുമെന്നാണ് ബി.എം.ആർ.സി.എല്ലിന്റെ പ്രഖ്യാപനം. മുകളിൽ മെട്രോ പാലവും അതിനു താഴെ ഇരുവശങ്ങളിലുമായി രണ്ട് ലൈൻ വീതമുള്ള റോഡുമാണ് ഇരട്ടപ്പാലത്തിലുള്ളത്. പാലം കടന്നുപോകുന്ന മേഖലയിൽ ജയദേവ ഹോസ്പിറ്റൽ, ബി.ടി.എം ലേഔട്ട്, സിൽക്ക് ബോർഡ് ജങ്ഷൻ എന്നീ മെട്രോ സ്റ്റേഷനുകളുണ്ട്. ഔട്ടർ റിങ് റോഡും ഹൊസുർ റോഡും ചേരുന്ന സിൽക്ക് ബോർഡ് ജങ്ഷനിൽ ഏതു സമയത്തും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. പാലം ഗതാഗതത്തിനായി തുറന്നു നൽകുന്നതോടെ തിരക്ക് കുറക്കാനാവുമെന്നാണ് പ്രതീക്ഷ.
ബുധനാഴ്ച വൈകീട്ട് മൂന്നിന് ബംഗളൂരു നഗരവികസന ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി എന്നിവർ പാലത്തിലൂടെ ട്രയൽ വാക്ക് നടത്തും. അതിനുശേഷമാകും പാലം ഗതാഗതത്തിനായി തുറന്നുനൽകുകയെന്ന് ബി.എം.ആർ.സി.എൽ എം.ഡി എം. മഹേശ്വര റാവു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

