വിലമതിക്കാനാകില്ല, ഈ ദമ്പതികളുടെ മഹാദാനത്തിന്
text_fieldsബംഗളൂരു: സഹജീവി സ്നേഹത്തിനായി ബംഗളൂരുവിൽ നിന്നൊരു മഹാദാനം. ബംഗളൂരു സ്വദേശിയായ സയിദ് ഖലീല്‍ റഹ്മാനും ഭാര്യ ബദ്റുന്നിസയുമാണ് തങ്ങളുടെ അഞ്ചക്കോടി വിപണി വില മതിക്കുന്ന നഗരത്തിലെ സ്വത്തുക്കള്‍ എ.ഐ.കെ.എം.സി.സിയുടെ കാരുണ്യപ്രവർത്തനങ്ങൾക്ക് ദാനമായി നല്‍കിയത്.
ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയുടെ പേരിലാണ് സാധാരണ കുടുംബത്തിലെ അംഗങ്ങളായ ഇവർ ബനശങ്കരിയിലെ 2460 ചതുരശ്ര അടി സ്ഥലവും 7000ത്തോളം ചതുരശ്രയടിയുള്ള കെട്ടിടവും ദാനമായി നല്‍കിയത്.
ഇരുവരുടെയും ജീവിതാഭിലാഷമായിരുന്നു തങ്ങളുടെ സ്വത്തിന്റെ ഒരു വിഹിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കുകയെന്നത്. വര്‍ഷങ്ങളായി ഇവര്‍ അര്‍ഹരായവരെ അന്വേഷിക്കുകയായിരുന്നു.
തുടർന്നാണ് ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയെ പറ്റി അറിയുന്നത്. ഒരു വര്‍ഷത്തോളം പ്രവർത്തനം പരിശോധിച്ചതിനൊടുവിലാണ് സ്വത്തുക്കൾ നൽകിയത്. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ബംഗളൂരുവിലെത്തി രേഖകള്‍ സ്വീകരിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂറോ സൈക്യാട്രി സെന്ററായ സിംഹാൻസിന് അടുത്താണ് 2019ൽ ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റി പ്രവർത്തനമാരംഭിച്ചത്.
സിംഹാൻസിൽ ചികിത്സക്കെത്തുന്ന ഒട്ടനവധി രോഗികൾക്ക് ഏറെ ആശ്വാസമായി സ്ഥാപനം മാറിക്കഴിഞ്ഞു. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും താമസിക്കാനുള്ള മുറികൾ, പാലിയേറ്റിവ് ഹോം കെയർ, രക്തദാനം, മയ്യിത്ത് പരിപാലനം, വിദ്യാഭ്യാസ സ്കോളർഷിപ്, സമൂഹ വിവാഹങ്ങൾ തുടങ്ങി ഏറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സ്ഥാപനം നേതൃത്വം നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

