നവജാത ശിശുവിനെ മോഷ്ടിച്ച് 14.5 ലക്ഷം രൂപക്ക് വിറ്റ കേസിൽ ഡോക്ടർക്ക് 10 വർഷം തടവും പിഴയും
text_fieldsബംഗളൂരു: നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി 14.5 ലക്ഷം രൂപക്ക് വിറ്റ കേസിൽ മനോരോഗ വിദഗ്ധക്ക് ബംഗളൂരു സിറ്റി കോടതി 10 വർഷം കഠിന തടവും ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. നാഗർഭാവി നിവാസിയായ രശ്മി ശശികുമാറിനാണ് (33) ജഡ്ജി സിബി സന്തോഷ് ശിക്ഷ വിധിച്ചത്. ജാമ്യത്തിലിറങ്ങിയ രശ്മി വിധി പ്രസ്താവിക്കുമ്പോൾ കോടതിയിൽ ഉണ്ടായിരുന്നു. ഉടൻതന്നെ അവരെ കസ്റ്റഡിയിലെടുത്ത് ബംഗളൂരു സെൻട്രൽ ജയിലിലേക്ക് അയച്ചു. 2020 മേയ് 29ന് ചാമരാജ്പേട്ടയിലെ ബി.ബി.എം.പി (സിവിക് ബോഡി) ആശുപത്രിയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
കുഞ്ഞിന് ജന്മം നൽകിയ മാതാവ് ഡോക്ടർ നിർദേശിച്ച മരുന്നുകൾ കഴിച്ചശേഷം ഉറങ്ങിപ്പോയി. 45 മിനിറ്റിനുശേഷം ഉണർന്നപ്പോൾ കുഞ്ഞിനെ കാണാനില്ലായിരുന്നു. പൊലീസിൽ പരാതി നൽകിയെങ്കിലും കുട്ടിയെ കണ്ടെത്തി രശ്മിയെ അറസ്റ്റ് ചെയ്യാൻ ഏകദേശം ഒരു വർഷമെടുത്തു. 2021 മേയ് 29ന് വാടക ഗർഭധാരണത്തിലൂടെ കുഞ്ഞ് തങ്ങളുടേതാണെന്ന് തെറ്റിദ്ധരിപ്പിക്കപ്പെട്ട വടക്കൻ കർണാടകയിലെ ദമ്പതികളിൽനിന്ന് പൊലീസ് കുഞ്ഞിനെ കണ്ടെടുത്തു. ഉദ്യോഗസ്ഥർ അവരുടെ വീട്ടിലെത്തിയപ്പോൾ വഞ്ചനയെക്കുറിച്ച് അറിയാതെ ദമ്പതികൾ സന്തോഷത്തോടെ കുട്ടിയുടെ ഒന്നാം ജന്മദിനം ആഘോഷിക്കുകയായിരുന്നു.
700ലധികം സാക്ഷികളുടെ അഭിമുഖങ്ങൾ, 300 സി.സി.ടി.വി റെക്കോഡിങ്ങുകളുടെ വിശകലനം, 5,000 ഫോൺ കാൾ റെക്കോഡുകൾ എന്നിവയുടെ പരിശോധന ഉൾപ്പെട്ട ശ്രമകരമായ അന്വേഷണമാണ് പൊലീസ് നടത്തിയത്. 2015ൽ ഹുബ്ബള്ളിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെയാണ് രശ്മി ദമ്പതികളെ കണ്ടുമുട്ടിയത്. ദമ്പതികൾക്ക് പ്രത്യേക പരിഗണന ആവശ്യമുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. വാടക ഗർഭധാരണം ആരോഗ്യമുള്ള ഒരു കുഞ്ഞിനെ ജനിപ്പിക്കാൻ സഹായിക്കുമെന്ന് രശ്മി അവർക്ക് ഉറപ്പുനൽകി. 2019ൽ ബംഗളൂരുവിൽനിന്ന് ഒരു വാടക അമ്മയെ കണ്ടെത്തിയെന്ന് തെറ്റായി അവകാശപ്പെട്ട് അവർ പിതാവിൽനിന്ന് ജൈവ സാമ്പിളുകൾ ശേഖരിച്ചു. 2020 മേയ് മാസത്തോടെ ഒരു കുഞ്ഞ് ജനിക്കുമെന്ന് വാഗ്ദാനം ചെയ്ത് അവർ അവരിൽനിന്ന് 14.5 ലക്ഷം രൂപയും വാങ്ങി. തീയതി അടുത്തെത്തിയപ്പോൾ ബി.ബി.എം.പി ആശുപത്രിയിലെ സുരക്ഷ സംവിധാനങ്ങൾ കുറവായിരുന്നതിനാൽ ആശുപത്രിയാണ് സുരക്ഷിതമെന്ന് രശ്മി തിരിച്ചറിഞ്ഞു.
തട്ടിക്കൊണ്ടുപോകൽ നടത്തുന്നതിന് മുമ്പ് അവൾ പലതവണ പ്രസവ വാർഡ് സന്ദർശിച്ചു. മേയ് 29ന് മാതാവിന് ഉറക്ക ഗുളികകൾ നൽകാൻ ഒരു ആശുപത്രി അറ്റൻഡന്റിനോട് നിർദേശിക്കുകയായിരുന്നു. മാതാവ് അബോധാവസ്ഥയിലായപ്പോൾ രശ്മി കുഞ്ഞിനെ എടുത്തുകൊണ്ടുപോകുകയായിരുന്നു. വിജയനഗറിലെ ഒരു സുഹൃത്തിന്റെ വീട്ടിൽ കുട്ടിയെ ദമ്പതികൾക്ക് കൈമാറി. ജൈവ മാതാപിതാക്കളും വടക്കൻ കർണാടക ദമ്പതികളും തങ്ങളുടെ അനുഭവങ്ങൾ വിവരിച്ചപ്പോൾ വൈകാരിക നിമിഷങ്ങളാൽ നിറഞ്ഞതായിരുന്നു വിചാരണ.
കുട്ടിയുടെ മാതാപിതാക്കൾക്ക് തങ്ങളുടെ മകനെ വീണ്ടും കാണാമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു. അതേസമയം, ഒരു വർഷത്തോളം അവനെ വളർത്തിയ സ്ത്രീ സത്യം പഠിച്ചപ്പോൾ തകർന്നുപോയി. ഡി.എൻ.എ പരിശോധനയിൽ കുട്ടിയുടെ യഥാർഥ മാതാപിതാക്കളെ സ്ഥിരീകരിച്ചതായി പബ്ലിക് പ്രോസിക്യൂട്ടർ ബി.എച്ച്. ഭാസ്കർ പറഞ്ഞു. രശ്മി ദമ്പതികളിൽനിന്ന് 14.5 ലക്ഷം രൂപ കൈപ്പറ്റിയതായി ബാങ്ക് രേഖകൾ വ്യക്തമാക്കുന്നു. ഫോൺ രേഖകൾ അവർ തമ്മിലുള്ള ദീർഘകാല ബന്ധവും വെളിപ്പെടുത്തുന്നു. തട്ടിക്കൊണ്ടുപോകൽ നടന്ന ദിവസം രശ്മി ആശുപത്രിയിൽ ഉണ്ടായിരുന്നു എന്നതിന്റെ സൂചനയാണ് മൊബൈൽ ടവർ ഡേറ്റ നൽകുന്നത്. അവളുടെ ശിക്ഷ ഉറപ്പാക്കുന്നതിൽ ഈ തെളിവുകൾ നിർണായകമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

