വോട്ടർപട്ടിക പുതുക്കാൻ അധ്യാപകരെ നിയോഗിക്കരുത് -വിദ്യാഭ്യാസ വകുപ്പ്
text_fieldsബംഗളൂരു: 2026-27 അധ്യയന വർഷം അവസാനിക്കുന്നതുവരെ സർക്കാർ സ്കൂൾ അധ്യാപകരെയും പ്രീ-യൂനിവേഴ്സിറ്റി കോളജ് അധ്യാപകരെയും വോട്ടർപട്ടിക പുതുക്കൽ ജോലികൾക്ക് നിയോഗിക്കരുതെന്ന് കർണാടക വിദ്യാഭ്യാസ വകുപ്പ് തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടു. വരാനിരിക്കുന്ന പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പരിഷ്കരണ നടപടികളിൽനിന്ന് അധ്യാപകരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി വി. രശ്മി മഹേഷ് നവംബർ 17ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ വി. അന്ബുകുമാറിന് കത്തയച്ചു. ജൂൺ മുതൽ ഒക്ടോബർ വരെ നീണ്ട പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്.ഐ.ആര്) നടപടികളിൽ സംസ്ഥാനത്തെ നിരവധി അധ്യാപകരെയും അധ്യാപക-അധ്യാപകേതര ജീവനക്കാരെയും ബൂത്ത് ലെവൽ ഓഫിസർമാരായും സൂപ്പർവൈസർമാരായും നിയോഗിച്ചിരുന്നു. ഇത് മൂലം അധ്യാപന പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതായും വകുപ്പ് വ്യക്തമാക്കി. ജനുവരിയിൽ സെൻസസ് നടപടികൾ ആരംഭിക്കാനിരിക്കെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ആവശ്യം.

