ഡി.എൻ.എ പരിശോധന: ജില്ല കോടതി വിധിയിൽ ഇടപെടാതെ ഹൈകോടതി
text_fieldsബംഗളൂരു: സ്കൂൾ അധ്യാപകന്റെ ഡി.എൻ.എ പരിശോധനക്ക് നിർദേശിച്ചുള്ള വിജയപുര ജില്ല സെഷൻസ് കോടതി ഉത്തരവിൽ ഇടപെടാൻ കർണാടക ഹൈകോടതി വിസമ്മതിച്ചു. ജില്ല കോടതിയിൽ സ്ത്രീയുടെ വൈവാഹിക നിലയും കുട്ടിയുടെ പിതൃത്വവും ചോദ്യം ചെയ്തുള്ള അധ്യാപകന്റെ ഹരജിയാണ് ഹൈകോടതിയിലുള്ളത്.
അധ്യാപകന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ട സ്ത്രീ, തനിക്കും കുട്ടിക്കും ജീവനാംശം ആവശ്യപ്പെട്ട് വിജയപുര വിചാരണക്കോടതിയിൽ ഹരജി നൽകിയതോടെയാണ് തർക്കം ആരംഭിച്ചത്. 2020ൽ സി.ആർ.പി.സി സെക്ഷൻ 125 പ്രകാരം ഭാര്യക്കും മകൾക്കും 5000 രൂപ വീതം ജീവനാംശം വിചാരണക്കോടതി അനുവദിച്ചു.
ഈ ഉത്തരവിനെ ചോദ്യം ചെയ്ത്, ആ സ്ത്രീ തന്റെ ഭാര്യയല്ലെന്നും കുട്ടി തന്റെ മകളല്ലെന്നും വാദിച്ച് ഹരജിക്കാരൻ ജില്ല കോടതിയിൽ റിവിഷൻ ഹരജി ഫയൽ ചെയ്തു. ഈ വസ്തുത സ്ഥാപിക്കുന്നതിനായി മറ്റൊരു സ്ത്രീയുടെ വിവാഹത്തിന്റെ ഫോട്ടോയുള്ള വിവാഹ കാർഡ് ഹാജരാക്കി.
2025 ജൂലൈ 10ന്, ഭർത്താവിന്റെ ഡി.എൻ.എ പരിശോധന ആവശ്യപ്പെട്ട് സ്ത്രീ ഇടക്കാല അപേക്ഷ സമർപ്പിച്ചു. കോടതി ഈ അപേക്ഷ അനുവദിക്കുകയും അദ്ദേഹത്തിന്റെ രക്തസാമ്പ്ൾ എടുത്ത് ബംഗളൂരുവിലെ ഫോറൻസിക് സയൻസസ് ലബോറട്ടറിയിലേക്ക് (എഫ്.എസ്.എൽ) അയക്കാൻ വിജയപുര ജില്ല ആരോഗ്യ ഓഫിസറോട് നിർദേശിക്കുകയും ചെയ്തു.
ഈ ഉത്തരവിനെ ഹൈകോടതിയിൽ ചോദ്യം ചെയ്തുകൊണ്ട്, പുനഃപരിശോധനാ അധികാരപരിധി വിനിയോഗിച്ച് ഇത്തരമൊരു നിർദേശം പുറപ്പെടുവിക്കാൻ കഴിയില്ലെന്ന് അധ്യാപകൻ വാദിച്ചു. 2020ൽ ജീവനാംശം നൽകാൻ ഹരജിക്കാരനോട് നിർദേശിച്ചിട്ടുണ്ടെങ്കിലും അഞ്ചു വർഷം കഴിഞ്ഞിട്ടും ഹരജിക്കാരൻ ഒരു രൂപ പോലും നൽകിയിട്ടില്ലെന്ന് ജസ്റ്റിസ് മഗദം ചൂണ്ടിക്കാട്ടി.
ഡി.എൻ.എ പരിശോധനക്കുള്ള നിർദേശത്തെ സംബന്ധിച്ചിടത്തോളം ഉത്തരവ് അദ്ദേഹത്തിന് അനുകൂലമാണെന്നും തർക്കമുള്ള വസ്തുതകൾ പരിഹരിക്കുന്നതിന് അത് അത്യാവശ്യമാണെന്നും കോടതി പറഞ്ഞു.
സി.ആർ.പി.സി സെക്ഷൻ 125 പ്രകാരമുള്ള നടപടിക്രമങ്ങളിൽ, ഭർത്താവ് തന്നെ ദാമ്പത്യ ബന്ധത്തെയോ പിതൃത്വത്തെയോ തള്ളുമ്പോൾ സത്യാവസ്ഥ കണ്ടെത്തുന്നതിന് ഡി.എൻ.എ പരിശോധനക്ക് നിർദേശിക്കാൻ കോടതിക്ക് അധികാരമുണ്ട്. ഡി.എൻ.എ പ്രഫൈലിങ് പോലുള്ള ശാസ്ത്രീയ തെളിവുകൾ ലഭിച്ചാൽ സത്യത്തിന് നേരെ കണ്ണടയ്ക്കാനാവില്ലെന്ന് സുപ്രീംകോടതിവിധി (നന്ദ്‌ലാൽ വാസുദിയോ ബദ്‌വായിക് /ലത നന്ദ്‌ലാൽ ബദ്‌വായിക് കേസിൽ) ചൂണ്ടിക്കാട്ടി ജസ്റ്റിസ് മഗദം പറഞ്ഞു.
നിരാലംബയായ ഭാര്യക്കും കുട്ടിക്കും ഉടനടി ആശ്വാസം നൽകുകയെന്ന ലക്ഷ്യത്തോടെയുള്ളതുമാണ് വിധി. എന്നാൽ, ജീവനാംശം നൽകുന്ന നടപടിക്രമങ്ങൾ കൂടുതൽ വൈകിപ്പിക്കാൻമാത്രമാണ് അധ്യാപകന്റെ ഹരജിയെന്നും കോടതി നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

