ഈ രാജ്യം കെട്ടിപ്പടുത്തത് നെഹ്റു സ്ഥാപിച്ച അടിത്തറയിൽ -ഡി.കെ. ശിവകുമാർ
text_fieldsബംഗളൂരുവിലെ കെ.പി.സി.സി ഓഫിസിൽ നടന്ന നെഹ്റു അനുസ്മരണ പരിപാടിയിൽ കെ.പി.സി.സി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ, മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവർ നെഹ്റുവിന്റെ ഛായാചിത്രത്തിനു മുന്നിൽ ആദരമർപ്പിക്കുന്നു
ബംഗളൂരു: ജവഹർലാൽ നെഹ്റു തന്റെ ഭരണകാലത്ത് ഹരിത വിപ്ലവം, വ്യവസായിക വിപ്ലവം, വിദ്യാഭ്യാസ വിപ്ലവം എന്നിവയിലൂടെ പാകിയ അടിത്തറയിലാണ് നമ്മുടെ രാജ്യം കെട്ടിപ്പടുത്തതെന്ന് കെ.പി.സി.സി പ്രസിഡന്റ് കൂടിയായ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. കോൺഗ്രസ് ഓഫിസിൽ ജവഹർലാൽ നെഹ്റു അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മഹാനായ നേതാവായിരുന്നു നെഹ്റു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സമ്പത്തിന്റെയും ചരിത്രം നമുക്കറിയാം. അലഹബാദിലുള്ള തന്റെ വീടും സ്ഥലവും, ഏകദേശം 30 ഏക്കർ ഭൂമിയും അദ്ദേഹം സർക്കാറിന് നൽകി. മറ്റു സ്വത്തുക്കളും അദ്ദേഹം ദാനം ചെയ്തിട്ടുണ്ട്. തന്റെ സ്വത്തുക്കൾ രാജ്യത്തിന്റെ സ്വത്താണെന്ന് നെഹ്റു വിശ്വസിച്ചു. ആ കുടുംബത്തിനെതിരെയാണ് ബി.ജെ.പി നിരവധി വ്യാജ കേസുകൾ ഫയൽ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. നെഹ്റു ഇല്ലാതെ ഈ രാജ്യം നിലനിൽക്കില്ല. കർണാടകയിലെ ഭെൽ, ഐ.ടി.ഐ, എച്ച്.എ.എൽ, ഇസ്രോ, ബെമെൽ തുടങ്ങിയ പൊതു സ്ഥാപനങ്ങൾ സ്ഥാപിച്ചത് നെഹ്റുവാണ്. അന്നും ബംഗളൂരുവിൽ നെഹ്റുവിന് വലിയ വിശ്വാസമുണ്ടായിരുന്നു. അംബേദ്കറെ അംഗീകരിച്ച് നിയമമന്ത്രിയാക്കിയത് നെഹ്റുവാണ്.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽനിന്നുമുള്ള ആളുകൾ നെഹ്റുവുമായി ചേർന്നു പ്രവർത്തിച്ചു. ഭരണഘടന, ദേശീയ പതാക, അദ്ദേഹത്തിന്റെ പഞ്ചവത്സര പദ്ധതി എന്നിവയാണ് നമ്മുടെ രാജ്യത്തെ നിർമിച്ചത്. ഭക്ഷ്യക്ഷാമം അനുഭവിക്കുന്ന ഒരു രാജ്യത്തെ ഭക്ഷ്യോൽപാദനത്തിൽ സ്വയംപര്യാപ്തമാക്കിയത് നെഹ്റുവാണ്. നെഹ്റുവിന്റെ വിദേശനയവും മറ്റു രാജ്യങ്ങളുമായുള്ള ബന്ധവും മാതൃകയായിരുന്നു. എന്നാൽ, ഇന്നത്തെ സാഹചര്യത്തിൽ, നമ്മുടെ അയൽപക്കത്തുള്ള ചെറിയ രാജ്യങ്ങൾക്ക് നമ്മളുമായി നല്ല ബന്ധമില്ല. തദ്ഫലമായി, നമ്മൾ ശത്രുക്കളാൽ ചുറ്റപ്പെട്ടിരിക്കുന്നു. അദ്ദേഹം നമ്മുടെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തി. നെഹ്റുവിന്റെ തത്ത്വങ്ങളും ആശയങ്ങളും നമ്മൾ പ്രചരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

