കോൺഗ്രസ് എം.എൽ.എയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതം -ഡി.കെ. ശിവകുമാർ
text_fieldsസതീഷ് കൃഷ്ണ സെയിൽ, ഡി.കെ ശിവകുമാർ
ബംഗളൂരു: കോൺഗ്രസ് എം.എൽ.എ സതീഷ് കൃഷ്ണ സെയിലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ പറഞ്ഞു. സതീഷ് കൃഷ്ണ സെയിലിനെ അറസ്റ്റ് ചെയ്യേണ്ട ഒരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്നും 2010 മുതൽ നടക്കുന്ന കേസാണിതെന്നും രാഷ്ട്രീയപരമായ കാരണങ്ങളാൽ തന്റെ പാർട്ടി നേതാക്കൾ ടാർഗറ്റ് ചെയ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിൽനിന്ന് ഇരുമ്പയിര് കയറ്റുമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ നടത്തിയെന്ന് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് കാർവാർ എം.എൽ.എയായ സതീഷ് സെയിലിനെ (59) ഇ.ഡി അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി ചോദ്യംചെയ്യാൻ സതീഷ് സെയിലിനെ കസ്റ്റഡിയിലെടുത്ത ഇ.ഡി ബംഗളൂരുവിലെ സോണൽ ഓഫിസിൽ ഏറെ നേരത്തെ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 2010ൽ കർണാടക ലോകായുക്ത രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി ഇപ്പോൾ അന്വേഷണം നടത്തുന്നത്.
ബെള്ളാരിയിൽനിന്ന് എട്ടു ലക്ഷം ടൺ ഇരുമ്പയിര് ബെലകെരി തുറമുഖം വഴി വിദേശത്തേക്ക് കടത്തിയെന്നതാണ് കേസ്. അടുത്തിടെ ഇ.ഡി. അറസ്റ്റ് ചെയ്യുന്ന കർണാടകയിലെ രണ്ടാമത്തെ കോൺഗ്രസ് എം.എൽ.എയാണ് സതീഷ് സെയ്ൽ. കഴിഞ്ഞമാസം ചിത്രദുർഗ എം.എൽ.എ കെ.സി. വീരേന്ദ്ര എന്ന പപ്പിയെ അനധികൃത വാതുവെപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

