ഡി.കെ. ശിവകുമാർ ഉടൻ മുഖ്യമന്ത്രിആകുമെന്ന് കോൺഗ്രസ് എം.എൽ.എ
text_fieldsഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
ബംഗളൂരു: ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉടൻ മുഖ്യമന്ത്രിയാകുമെന്ന് രാമനഗര എം.എൽ.എ എച്ച്.എ. ഇഖ്ബാൽ ഹുസൈൻ. അന്തിമ തീരുമാനം ഹൈകമാൻഡിൽനിന്ന് വരുമെന്നും എം.എൽ.എ കൊപ്പലിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
മുഖ്യമന്ത്രി മാറ്റത്തിൽ ആശയക്കുഴപ്പമോ കൂടുതൽ വ്യക്തതയോ വരുത്തേണ്ടതില്ല. മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ, പ്രിയങ്ക എന്നിവരടക്കം ഹൈകമാൻഡ് നേതൃത്വം നേരത്തെ തീരുമാനം എടുത്തതാണ്.
അതേസമയം തന്റെ പ്രസ്താവന വ്യക്തിപരമാണെന്നും ഇഖ്ബാൽ ഹുസൈൻ കൂട്ടിച്ചേർത്തു. ഇതേ പ്രസ്താവന നടത്തിയതിന് ശിവകുമാറിന്റെ ബന്ധു കൂടിയായ കുനിഗൽ എം.എൽ.എ എച്ച്.ഡി. രംഗനാഥും മുൻ എം.പി എൽ.ആർ. ശിവരാമ ഗൗഡയും കർണാടക പി.സി.സിയിൽനിന്ന് നോട്ടീസ് കൈപ്പറ്റിയിരിക്കേയാണ് ഇഖ്ബാൽ ഹുസൈനും രംഗത്തുവരുന്നത്.
മുഖ്യമന്ത്രി മാറ്റത്തെക്കുറിച്ച് ആരും ചർച്ച ചെയ്യരുതെന്നും കടുത്ത അച്ചടക്ക നടപടികൾ നേരിടേണ്ടിവരുമെന്നും പാർട്ടി പ്രവർത്തകർക്ക് കോൺഗ്രസ് താക്കീത് നൽകിയിരുന്നു. 2023ൽ ചുമതലയേൽക്കുമ്പോൾ ആദ്യ ടേം സിദ്ധരാമയ്യക്കും രണ്ടാം ടേം ശിവകുമാറിനും എന്ന ധാരണ ഉണ്ടായിരുന്നു എന്നാണ് പാർട്ടി പ്രവർത്തകരുടെ നിലപാട്.
സിദ്ധരാമയ്യ നവംബറിൽ മുഖ്യമന്ത്രി പദത്തിൽ രണ്ടര വർഷം പൂർത്തിയാക്കും. ഈ സാഹചര്യത്തിലാണ് നേതൃമാറ്റം വീണ്ടും ചർച്ചയാവുന്നത്. അതേ സമയം താൻ അഞ്ചുവർഷവും തുടരുമെന്നാണ് സിദ്ധരാമയ്യ ദസറ ആഘോഷങ്ങൾക്കിടെ പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രി പറയുന്നതെന്താണോ അതാണ് അവസാന വാക്കെന്നുപറഞ്ഞ് ശിവകുമാറും പാർട്ടി പ്രവർത്തകരുടെ വായടപ്പിച്ചിരുന്നു.
മന്ത്രിമാരെ അത്താഴവിരുന്നിന് ക്ഷണിച്ച് സിദ്ധരാമയ്യ
ബംഗളൂരു: കർണാടകയിൽ നവംബറിനുമുമ്പ് മന്ത്രിസഭ പുനഃസംഘടന നടക്കുമെന്ന് സൂചന. 13ന് മുഖ്യമന്ത്രി മന്ത്രിമാർക്കായി അത്താഴവിരുന്ന് ഒരുക്കിയ സാഹചര്യത്തിലാണ് ഇത്തരം വാർത്തകൾ പുറത്തുവരുന്നത്. പരസ്പരം ഇടപഴകാനുള്ള അവസരം എന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും നിലവിലെ രാഷ്ട്രീയസാഹചര്യത്തിൽ സ്വന്തം കസേര ഉറപ്പിക്കാനുള്ള ശ്രമമെന്നാണ് പാർട്ടിക്കകത്തെ ശിവകുമാർ വിഭാഗത്തിന്റെ വിലയിരുത്തൽ. പകുതിയോളം മന്ത്രിമാർക്ക് മാറ്റം വരുമെന്നാണ് വിവരം. പുനഃസംഘടനയെക്കുറിച്ച് അറിയില്ലെന്നും അത്താഴവിരുന്ന് നല്ലതല്ലേ എന്നുമാണ് ശിവകുമാറിന്റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

