അര്‍ഹരായവരുടെ പുനരധിവാസം പ്രീണന രാഷ്ട്രീയമല്ല -ഡി.കെ. ശിവകുമാര്‍
text_fieldsബംഗളൂരു: കൊഗിലുവിലെ അനധികൃതമായി നിർമിച്ച വീടുകൾ പൊളിച്ചുമാറ്റിയ സംഭവത്തില്‍ വീടുകൾ നൽകാനുള്ള സംസ്ഥാന സർക്കാറിന്റെ തീരുമാനത്തെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ന്യായീകരിച്ചു. രേഖകള്‍ സമഗ്രമായി പരിശോധിച്ചശേഷം അർഹരായ തദ്ദേശവാസികൾക്ക് മാത്രമേ വീടുകള്‍ അനുവദിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
പൊളിച്ചുമാറ്റിയ അനധികൃത വീടുകളിൽ ഭൂരിഭാഗവും മുസ്‍ലിംകളുടേതാണെന്നതിനാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ന്യൂനപക്ഷ പ്രീണന രാഷ്ട്രീയം നടത്തുകയാണെന്ന ബി.ജെ.പി നേതാക്കളുടെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രീണന രാഷ്ട്രീയത്തിന്റെ പ്രശ്നമില്ല. ആരും നിയമവിരുദ്ധമായ കൈയേറ്റങ്ങളിൽ ഏർപ്പെടരുത്. അനധികൃത കൈയേറ്റക്കാർക്ക് ഒരു സമ്മാനവും നൽകാൻ ഞങ്ങൾ തയാറല്ല.
മുഖ്യമന്ത്രിയുടെ ഭവന പദ്ധതി പ്രകാരം അർഹരായവർക്ക് മാനുഷിക പരിഗണന നൽകി വീടുകൾ നൽകുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഡിസംബർ 20ന് കൊഗിലുവിലെ വസീം ലേഔട്ടിലും ഫക്കീർ കോളനിയിലും ബംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് നിർദിഷ്ട ഖരമാലിന്യ സംസ്കരണ യൂനിറ്റിനായി കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനായി മുന്നറിയിപ്പില്ലാതെ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് വീടുകൾ പൊളിച്ചുമാറ്റിയിരുന്നു.
ഔദ്യോഗിക അനുമതിയില്ലാതെയാണ് വീടുകൾ നിർമിച്ചതെന്നും താമസക്കാരിൽ ഭൂരിഭാഗവും മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കൈയേറ്റത്തിന് പിന്നിലുള്ളവർക്കെതിരെ ഞങ്ങൾ നിയമനടപടി സ്വീകരിക്കും. അവിടെ വീടുകൾ നിർമിക്കാൻ ചിലർ പണം പിരിച്ചതായി ആളുകൾ പരാതികള്‍ നൽകിയിട്ടുണ്ടെന്നും ശിവകുമാർ പറഞ്ഞു.
വസീം ലേഔട്ടിലും ഫക്കീർ കോളനിയിലും വീടുകൾ പൊളിച്ചുമാറ്റിയതിനെ ‘ബുൾഡോസർ രാജ്’ എന്ന് വിശേഷിപ്പിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയുള്‍പ്പെടെയുള്ള രാഷ്ട്രീയ എതിർപ്പുകളെ തുടർന്നാണ് സർക്കാറിന്‍റെ പുനരധിവാസ പ്രഖ്യാപനം. പിണറായി വിജയന്‍റെ പ്രസ്താവനക്കുശേഷം കേരളത്തിൽനിന്നുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉടൻ പ്രശ്നത്തില്‍ ഇടപെടുകയും എ.ഐ.സി.സിയുടെ ആശങ്ക മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും അറിയിക്കുകയും ചെയ്തിരുന്നു.
കർണാടകയുടെ ഭരണത്തിൽ അയൽ സംസ്ഥാനത്തിന്‍റെ ഇടപെടൽ ആവശ്യമില്ലെന്ന തന്‍റെ പ്രസ്താവനയെ കേരള രാഷ്ട്രീയക്കാർ അപലപിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് ‘‘അവർ അപലപിക്കട്ടെ, അവർക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെ. അനാവശ്യമായ ഇടപെടലുകൾ ഞങ്ങൾക്ക് വേണ്ട. കേരള സർക്കാറിന് വേണമെങ്കിൽ, കൈയേറ്റക്കാരെ അവരുടെ സംസ്ഥാനത്തേക്ക് കൊണ്ടുപോയി അവർക്ക് വേണ്ടത് നൽകട്ടെ. വയനാട് ദുരന്തസമയത്ത് സംസ്ഥാനത്തെ ജനങ്ങള്‍ക്കു നൽകിയ വാഗ്ദാനം കേരള സർക്കാർ പാലിച്ചിട്ടില്ല. ഞങ്ങളുടെ ജനങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കർണാടക സർക്കാറിന് അറിയാം. സര്‍ക്കാര്‍ ആ കടമ നിറവേറ്റും’’ എന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

