ബി.ജെ.പിയിൽ വിഭാഗീയത; ജനറൽ സെക്രട്ടറി സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ച് സുനിൽ കുമാർ
text_fieldsവി. സുനിൽ കുമാർ
ബംഗളൂരു: കർണാടക ബി.ജെ.പിയിൽ വിഭാഗീയത രൂക്ഷമാകുന്നതിനിടെ, പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാകാൻ സന്നദ്ധത പ്രകടിപ്പിച്ച് കാർക്കള എം.എൽ.എയും മുൻ മന്ത്രിയുമായ വി. സുനിൽ കുമാർ. ജനറൽ സെക്രട്ടറി പദവിയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുനിൽ കുമാർ പാർട്ടി നേതൃത്വത്തോട് അഭ്യർഥിച്ചതായാണ് വിവരം.
കർണാടക ബി.ജെ.പിയിൽ കടുത്ത ആഭ്യന്തര തർക്കങ്ങൾ നിലനിൽക്കുകയാണ്. സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര, ബസനഗൗഡ പാട്ടീൽ യത്നാൽ, രമേശ് ജാർക്കിഹോളി എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗങ്ങൾ തമ്മിൽ കടുത്ത അഭിപ്രായവ്യത്യാസം നിലനിൽക്കുന്നുണ്ട്. ഇത് പലപ്പോഴും പ്രത്യക്ഷമായ വാക്പോരിൽവരെ എത്തിയിരുന്നു.
മുൻമുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെയും മകൻ ബി.വൈ. വിജയേന്ദ്രയുടെയും നിത്യവിമർശകനാണ് വടക്കൻ കർണാടകയിലെ വിജയപുരയിൽ നിന്നുള്ള ലിംഗായത്ത് നേതാവായ ബസനഗൗഡ പാട്ടീൽ യത്നാൽ. ബി.വൈ. വിജയേന്ദ്രയുടെ നേതൃത്വം അംഗീകരിക്കാൻ ബസനഗൗഡ പാട്ടീലും അനുയായികളും തയാറായിട്ടില്ല. കർണാടക ബി.ജെ.പി നേതൃത്വത്തിന്റെ ശാസന മറികടന്ന് വഖഫ് വിഷയത്തിൽ പാട്ടീലിന്റെ നേതൃത്വത്തിൽ ഒരു പറ്റം നേതാക്കൾ വിമതപ്രവർത്തനവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന ബി.ജെ.പി സംസ്ഥാന തല യോഗത്തിലും പാട്ടീൽ വിജയേന്ദ്രക്കെതിരെ വിമർശനമുയർത്തിയതായി അറിയുന്നു.
നളിൻ കുമാർ കട്ടീൽ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് വിജയേന്ദ്രയെ സംസ്ഥാന ബി.ജെ.പി പ്രസിഡന്റായി നിയമിച്ചത്. സുനിൽ കുമാറിനെ സംസ്ഥാന ജനറൽ സെക്രട്ടറിയായും നിയമിച്ചു. പാർട്ടിയിൽ വിഭാഗീയത രൂക്ഷമായതോടെ സുനിൽകുമാർ പദവിയൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

