നേതൃമാറ്റ ചര്‍ച്ച; ആവശ്യമെങ്കില്‍ സിദ്ധരാമയ്യയെയും ശിവകുമാറിനെയും വിളിക്കും -ഖാര്‍ഗെ
text_fieldsമുഖ്യമന്ത്രി സിദ്ധരാമയ്യഎ.ഐ.സി.സി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെക്കൊപ്പം
ബംഗളൂരു: കോണ്‍ഗ്രസില്‍ അധികാര കൈമാറ്റ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും ആവശ്യമെങ്കില്‍ ചര്‍ച്ചക്കായി ഡല്‍ഹിയിലേക്ക് വിളിക്കുമെന്ന് എ.ഐ.സി.സി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. നവംബർ 20ന് കോൺഗ്രസ് സർക്കാർ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയത് മുതല്‍ അധികാര കൈമാറ്റ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 2023ൽ സർക്കാർ രൂപവത്കരണ സമയത്ത് സിദ്ധരാമയ്യയും ശിവകുമാറും തമ്മിൽ നടന്ന അനൗചാരിക കരാര്‍ പ്രകാരം അധികാര പങ്കിടൽ കരാറിനെ തുടർന്നാണ് സിദ്ധാരാമയ്യ മുഖ്യമന്ത്രിയായി അധികാരമേറ്റത്.
ഏറ്റവും കൂടുതല്‍ കാലം ഭരണത്തിലിരുന്ന മുഖ്യമന്ത്രി എന്ന റെക്കോഡ് അടുത്തിടെ സ്വന്തമാക്കിയ സിദ്ധരാമയ്യ അഞ്ചു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുമെന്നും അന്തിമ തീരുമാനം ഹൈക്കമാൻഡിന്‍റേതാണെന്നും പറഞ്ഞിരുന്നു. കഠിനാധ്വാനമാണ് രാഷ്ട്രീയത്തിൽ ഇത്രയും ദൂരം സഞ്ചരിക്കാന്‍ പ്രാപ്തനാക്കിയതെന്നും കോൺഗ്രസ് പാർട്ടിയുടെ ഭാവി തീരുമാനത്തിൽ ആത്മവിശ്വാസമുണ്ടെന്നും ഡി.കെ. ശിവകുമാര്‍ പറഞ്ഞു. ശിവകുമാറിന്‍റെ വിശ്വസ്തരായി കണക്കാക്കപ്പെടുന്ന നിരവധി കോൺഗ്രസ് എം.എൽ.എമാരും ഡൽഹി സന്ദർശിച്ച് നേതൃമാറ്റം വേണമെന്ന് പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. കർണാടകയിൽ നേതൃത്വ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലും സ്ഥിതിഗതികൾ പരിഹരിക്കുന്നതിനായി സിദ്ധരാമയ്യയും ശിവകുമാറും പരസ്പരം വീടുകള്‍ സന്ദര്‍ശിക്കുകയും പ്രഭാതഭക്ഷണ യോഗങ്ങൾ നടത്തുകയും ചെയ്തിരുന്നു.
പുറത്തുള്ളവരേക്കാൾ, സ്വന്തം സമുദായത്തിൽ നിന്നുള്ള ചിലർ അസൂയ കൊണ്ടാണ് തന്നെ വിമർശിക്കുന്നതെന്ന് ഡി.കെ. ശിവകുമാര്‍ പറഞ്ഞു. അവർ പിന്നിൽ നിന്ന് കുത്തുകയാണ്. രാഷ്ട്രീയത്തിൽ ഇതെല്ലാം സ്വാഭാവികമാണ്. നമ്മൾ സത്യസന്ധരായിരിക്കണം. കേന്ദ്രമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായിരുന്നപ്പോൾ സത്യസന്ധമായി പ്രവർത്തിച്ചിരുന്നു. എങ്കിലും കുമാരസ്വാമി എന്നെ പിന്നിൽ നിന്ന് കുത്തി. എനിക്ക് ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല. എന്‍റെ മനഃസാക്ഷിയെ തൃപ്തിപ്പെടുത്തിയാൽ മതി -ഡി.കെ. ശിവകുമാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

