ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: മംഗളൂരു സ്വദേശിനിക്ക് 3.16 കോടി നഷ്ടമായി
text_fieldsമംഗളൂരു: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ മംഗളൂരു സ്വദേശിയായ സ്ത്രീക്ക് 3.16 കോടി രൂപ നഷ്ടപ്പെട്ടതായി 40കാരി സൈബർ ഇക്കണോമിക് ആൻഡ് നാർക്കോട്ടിക് ക്രൈം (സി.ഇ.എൻ) പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കഴിഞ്ഞ മാസം ആറിന് നാഷനൽ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ (എൻ.സി.ആർ.പി) നിന്നുള്ള ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെടുന്ന ഒരാളിൽ നിന്നാണ് പരാതിക്കാരിക്ക് ഫോൺകാൾ ലഭിച്ചത്. ഭർത്താവിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ഒരു സിം കാർഡ് ‘ദുരുപയോഗം’ ചെയ്യുന്നുണ്ടെന്ന് പറഞ്ഞ ശേഷം തുടർ നടപടി സംബന്ധിച്ച വിവരങ്ങൾക്കായി ഫോൺ കോൾ പലതവണ ട്രാൻസ്ഫർ ചെയ്തു. ഒടുവിൽ പബ്ലിക് പ്രോസിക്യൂട്ടറായി അഭിനയിച്ച ഒരാൾക്ക് കാൾ കൈമാറി.
തുടർന്നുള്ള ആഴ്ചകളിൽ തട്ടിപ്പുകാർ പരാതിക്കാരിയുടെ സ്വകാര്യ വിവരങ്ങളും ബാങ്കിങ് വിവരങ്ങളും ശേഖരിക്കുകയും നിരവധി ഫണ്ട് ട്രാൻസ്ഫറുകൾ നടത്താൻ നിർദേശിക്കുകയും ചെയ്തു. പണം തിരികെനൽകുമെന്ന ഉറപ്പിലായിരുന്നു ഇത്. ജൂൺ 10നും 27നും ഇടയിൽ പ്രതികൾ നൽകിയ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അവർ 3.16 കോടി രൂപ ട്രാൻസ്ഫർ ചെയ്തു. വഞ്ചിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞതിന് ശേഷം മാത്രമാണ് പരാതിക്കാരി തങ്ങളെ സമീപിച്ചതെന്ന് പൊലീസ് അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

