ഡിജിറ്റൽ അറസ്റ്റ്; എം.പിയുടെ ഭാര്യയിൽനിന്ന് കവർന്ന പണം തിരിച്ചുപിടിച്ച് ബംഗളൂരു പൊലീസ്
text_fieldsസുധാകർ എം.പിയും പ്രീതിയും
ബംഗളൂരു: ഡിജിറ്റൽ അറസ്റ്റിലൂടെ എം.പിയുടെ ഭാര്യയിൽനിന്ന് കവർന്ന പണം ബംഗളൂരു പൊലീസ് തിരിച്ചുപിടിച്ചു. ചിക്കബെല്ലാപൂർ ബി.ജെ.പി എം.പിയും കർണാടക മുൻ മന്ത്രിയുമായ ഡോ. കെ. സുധാകറിന്റെ ഭാര്യ ഡോ. പ്രീതി സുധാകറിൽനിന്ന് ‘ഡിജിറ്റൽ അറസ്റ്റി’ലൂടെ സൈബർ തട്ടിപ്പുകാർ കവർന്ന പണം മറു ഓപറേഷനിലൂടെ ബംഗളൂരു പൊലീസ് തിരിച്ചുപിടിച്ചു. മുംബൈ സൈബർ ക്രൈം ഉദ്യോഗസ്ഥരായി ചമഞ്ഞെത്തിയവരുടെ തട്ടിപ്പിൽ 14 ലക്ഷം രൂപയാണ് എം.പിയുടെ ഭാര്യക്ക് നഷ്ടമായത്. ആഗസ്റ്റ് 26നാണ് സംഭവം. ബംഗളൂരു ബസവേശ്വര നഗറിൽ താമസിക്കുന്ന പ്രീതിയെ വിപുലമായ വിഡിയോ കാൾ ഓപറേഷനിലൂടെയാണ് തട്ടിപ്പുകാർ ‘ഡിജിറ്റൽ അറസ്റ്റ്’ നടത്തിയത്.
മുംബൈ സൈബർ വകുപ്പിലെ ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പുകാർ വാട്സ്ആപ് വിഡിയോ കാളിൽ ബന്ധപ്പെട്ടത്. വിദേശത്ത് നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകളുമായി ഡോ. പ്രീതിക്ക് (44) ബന്ധമുണ്ടെന്ന് ആരോപിച്ച് അവർ ‘അറസ്റ്റ് നടപടികൾ’ ആരംഭിച്ചു. ഹവാല ഇടപാടിന് പ്രീതിയുടെ സ്വകാര്യ രേഖകൾ ദുരുപയോഗം ചെയ്തതായും നിയമപരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് മുന്നറിയിപ്പും നൽകി. അനുസരിച്ചില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. റിസർവ് ബാങ്കിലേക്ക് വെരിഫിക്കേഷനുവേണ്ടി പണമയക്കണമെന്നും 45 മിനിറ്റിനുള്ളിൽ തിരികെ നൽകുമെന്നും ഉറപ്പുനൽകി. ഭീഷണിയെ തുടർന്ന് പ്രീതി തട്ടിപ്പുസംഘം നൽകിയ യെസ് ബാങ്കിന്റെ അക്കൗണ്ടിലേക്ക് 14 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തു.
പണം ലഭിച്ചയുടനെ തട്ടിപ്പുകാർ ബന്ധം വിച്ഛേദിച്ച് അപ്രത്യക്ഷരായി. വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ഡോ. പ്രീതി അന്നു വൈകീട്ടുതന്നെ ബംഗളൂരുവിലെ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തട്ടിപ്പുകാരുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു.
മരവിപ്പിച്ച അക്കൗണ്ടിൽ ലഭിച്ച പരാതിക്കാരിയുടെ പണം തിരികെ നൽകാൻ സെപ്റ്റംബർ മൂന്നിന് ബംഗളൂരുവിലെ 47ാം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി യെസ് ബാങ്കിനോട് ആവശ്യപ്പെട്ടു. തുടർന്ന് 14 ലക്ഷം രൂപയും തിരികെ നൽകി. സൈബർ തട്ടിപ്പ് ശൃംഖലയെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ബംഗളൂരു വെസ്റ്റ് ഡിവിഷൻ ഡി.സി.പി എസ്. ഗിരീഷ് പറഞ്ഞു.
തട്ടിപ്പിനിരയാകുന്നവർ ഉടൻ ദേശീയ സൈബർ ഹെൽപ് ലൈൻ നമ്പറായ 1930ൽ പരാതി അറിയിക്കുകയും ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്താൽ പണം തിരിച്ചുപിടിക്കാൻ നടപടി സ്വീകരിക്കാൻ കഴിയുമെന്ന് അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

