കൗമാരക്കാരിൽ ഡിജിറ്റല്‍ ആസക്തി വര്‍ധിക്കുന്നു -നിംഹാന്‍സ്
text_fieldsബംഗളൂരു: സമൂഹ മാധ്യമങ്ങളുടെ നിരന്തര ഉപയോഗം, ലൈവ് സ്ട്രീമിങ്, ഓണ്‍ലൈന്‍ വ്യാപാരം എന്നിവയുടെ ചതിക്കുഴിയില്‍ കുടുങ്ങി കരകയറാന്‍ സഹായം തേടി വരുന്ന യുവാക്കളുടെ എണ്ണം മുന്‍കാലത്തെ അപേക്ഷിച്ച് ഗണ്യമായി വര്‍ധിച്ചുവരുകയാണെന്ന് നിംഹാന്‍സ് ആശുപത്രി അധികൃതർ. സാങ്കേതിക ആസക്തി ചികിത്സിക്കുന്ന സര്‍വിസ് ഫോര്‍ ഹെല്‍ത്തി യൂസ് ഓഫ് ടെക്നോളജി (ഷട്ട്) ക്ലിനിക്കിന്റെ കണക്കുകൾ പ്രകാരം ഏറെ ആശങ്കജനകമായ പ്രവണതയാണിത്.
കൗമാരക്കാരില്‍ ഗെയിമിങ് ഡിസോര്‍ഡര്‍ കണ്ടുവരുന്നുവെങ്കിലും പുത്തന്‍ സാങ്കേതിക വിദ്യകളായ സമൂഹ മാധ്യമങ്ങള്‍, ഫാന്‍ അധിഷ്ഠിത ലൈവ് സ്ട്രീമിങ് എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ വ്യാപകമായി കണ്ടുവരുന്നുവെന്ന് ക്ലിനിക് അധികൃതര്‍ പറയുന്നു. ഓണ്‍ലൈന്‍ കണ്ടന്റ് ക്രിയേറ്റര്‍മാരുടെ വാലിഡേഷന്‍ ലഭിക്കുന്നതിനും വെര്‍ച്വല്‍ ഗിഫ്റ്റിങ്, നിശ്ചിത തുക നല്‍കിയുള്ള ചാനല്‍ സബ്സ്ക്രിബ്ഷന് എന്നിവക്കുമായി കൗമാരക്കാര്‍ സമയവും പണവും കൂടുതലായി വിനിയോഗിക്കുന്നുണ്ട്.
ലൈവ് സ്ട്രീമിങ് ആപ്പുകള്‍ മുഖേന കൗമാരക്കാര്‍ കണ്ടന്റ് ക്രിയേറ്റര്‍മാരുമായി വൈകാരിക ബന്ധം സ്ഥാപിക്കുന്ന കേസുകളും കൂടുതലായി ക്ലിനിക്കില്‍ വരുന്നു. മുൻപത്തെ പോലെ വെറും ഗെയിമിങ് മാത്രമല്ല ഇപ്പോള്‍ നടക്കുന്നത്, ലൈവ് സ്ട്രീമിങ് കാണുന്നതിനും ചാറ്റിങ്, വെര്‍ച്വല്‍ ഗിഫ്റ്റിങ് എന്നിവക്കായി പുതുതലമുറ മണിക്കൂറുകളോളം സമൂഹ മാധ്യമത്തില്‍ ചെലവഴിക്കുന്നുവെന്ന് നിംഹാൻസിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. മനോജ് കുമാര്‍ ശര്‍മ പറയുന്നു.
ഇത്തരം ആപ്പുകള്‍ ഉപഭോക്താക്കൾക്ക് കണ്ടന്റ് ക്രിയേറ്റര്‍മാരുമായി പണമിടപാടുകള്‍ നാടത്താനുള്ള സൗകര്യം പ്രദാനം ചെയ്യുന്നു. ഇത് ആപ്പുകളുടെ ദീര്‍ഘകാല ഉപയോഗത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. ഏകാന്തത, ആത്മവിശ്വാസക്കുറവ് എന്നിവയുള്ള കൗമാരക്കാരില്‍ ഇവ അനാരോഗ്യകരമായ ആശ്രിതത്വം വളര്‍ത്തിയെടുക്കാന്‍ വഴിയൊരുക്കുന്നു. ഇത്തരം പ്ലാറ്റ്ഫോമുകള് തങ്ങള്‍ പരസ്പരം ബന്ധപ്പെട്ട് നിൽക്കുന്നുവെന്നും തങ്ങള്‍ക്ക് സമൂഹത്തിൽ ഒരു സ്ഥാനം ഉണ്ട് എന്നൊരു അവബോധം സൃഷ്ടിക്കാനും സഹായിക്കുന്നുവെന്നാണ് കൗമാരക്കാരുടെ വാദം.
ഷോര്‍ട്ട് വിഡിയോ ആപ്പുകളും സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളായ ഇന്‍സ്റ്റഗ്രാം തുടങ്ങിയവയുടെ അമിത ഉപയോഗം നിമിത്തം ക്ലിനിക്കില്‍ എത്തുന്ന രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വർധന രേഖപ്പെടുത്തുന്നുണ്ട്. റീല്‍സ്, സ്റ്റോറീസ്, ലൈക് എന്നിവ ഉപഭോക്താക്കളെ നിരന്തരം സമൂഹ മാധ്യമം ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുന്നു.
ഗെയിം കളിക്കാനായി വരുന്നവര്‍ മണിക്കൂറുകളോളം മറ്റു സമൂഹ മാധ്യമങ്ങളില്‍ സമയം ചെലവിടുന്നു. വിഡിയോകള്‍ അമിതമായി കാണുകയോ മുതിർന്നവർക്കായുള്ള കണ്ടന്റ് കാണുകയോ ചെയ്യുന്നു.പകർച്ചവ്യാധികള്‍ പോലെ കുട്ടികളെ ബാധിച്ചിരിക്കുന്ന പെരുമാറ്റ ദൂഷ്യങ്ങള്‍ രക്ഷിതാക്കളിൽ ആശങ്ക ജനിപ്പിക്കുന്നുണ്ട്. ഷട്ട് ക്ലിനിക്കിനെ സമീപിക്കുന്ന രക്ഷിതാക്കളില്‍ മിക്കവരും കുട്ടികളുടെ സ്ക്രീന്‍ ടൈം നിയന്ത്രണ വിധേയമാക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നുവെന്ന് പറയുന്നു.
സമൂഹ മാധ്യമത്തിലെ സമപ്രായക്കാരുടെ അമിത സ്വാധീനം ഒരു മുഖ്യ ഘടകമാണ്. രക്ഷിതാക്കള്‍ മിക്കപ്പോഴും തങ്ങളുടെ കുട്ടികള്‍ ഒറ്റപ്പെട്ടവരാണെന്നും അസ്വസ്ഥരാണെന്നും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാത്തവര്‍ ആണെന്നും പറയുന്നു. ഈ കുട്ടികളിലെല്ലാം ഗെയിമിങ് ആപ്പുകള്‍ മാത്രമല്ല ഒന്നിലധികം ആപ്പുകളുടെ നിരന്തര ഉപയോഗം കണ്ടെത്താന്‍ സാധിച്ചു. ഫോളോവേഴ്സ്, ലൈക്കുകള്‍, ഓണ്‍ ലൈന്‍ അപ്രൂവല്‍ എന്നിവ ലഭിക്കുന്നതിനായി കൗമാരക്കാര്‍ ശ്രമിക്കുന്നതാന് പ്രധാന കാരണം. ഇത്തരം കേസുകളില്‍ സാധാരണ കൊഗ്നിറ്റിവ് ബിഹേവിയറല്‍ തെറപ്പി, ഫാമിലി കൗൺസലിങ്, ഡിജിറ്റല്‍ ടിറ്റോക്സ് പ്ലാന്‍ എന്നിവ സംയോജിപ്പിച്ചുകൊണ്ടുള്ള ചികിത്സയാണ് ഫലപ്രദം.
പല കേസുകളിലും ഉത്കണ്ഠ, വിഷാദം, ആത്മവിശ്വാസക്കുറവ് തുടങ്ങി ആഴത്തിലുള്ള വൈകാരിക പ്രശ്നങ്ങളാണ് പ്രധാന കാരണം. ഇവയില്‍നിന്നുള്ള രക്ഷപ്പെടലിനായി കൗമാരക്കാര്‍ അമിതമായി സ്ക്രീന്‍ ഉപയോഗിക്കുന്നു.ഏകാന്തത, സമ്മര്‍ദം എന്നിവയില്‍നിന്നുള്ള മോചനത്തിനായി പലരും സമൂഹ മാധ്യമങ്ങളില്‍ അഭയം തേടുകയും പതുക്കെ ഈ ശീലങ്ങള്‍ അവരുടെ ജീവിത ശൈലിയുടെ ഭാഗമായി മാറുകയും ചെയ്യുന്നു. സമൂഹ മാധ്യമങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുംതോറും അവരുടെ മാനസികാവസ്ഥ കൂടുതല്‍ വഷളാവുകയും അമിതമായി ഇത്തരം പ്ലാറ്റ്ഫോമുകള് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
സമപ്രായക്കാരുടെ സ്വാധീനം ഇത്തരം ആസക്തികള്‍ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ഗ്രൂപ് ചാറ്റുകളില്നിന്നോ വൈറല്‍ ട്രെന്റുകളില്നിന്നോ ഒഴിവാക്കാതിരിക്കാനായി കൗമാരക്കാര്‍ ഓണ്‍ ലൈനില്‍ തുടരാന്‍ നിര്‍ബന്ധിതരാകുന്നു. സൗഹൃദം നഷ്ടപ്പെടുമെന്ന ഭയമാണ് കുട്ടികളെ ഇത്തരം പ്ലാറ്റ്ഫോമുകളില്‍ പിടിച്ചുനിര്‍ത്തുന്നത്.
രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് സ്ക്രീന്‍ പരിധികള്‍ നിശ്ചയിച്ചിട്ടുണ്ട് എങ്കിലും അവരുടെ സുഹൃത്തുകള്‍ ഓണ്‍ലൈനില്‍ ഉള്ളിടത്തോളം സമയം അവരും ഉണ്ടാവണം എന്നാഗ്രഹിക്കുന്നവരാണ് കുട്ടികള്‍.സ്ക്രീന്‍ സമയത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് പകരം കുടുംബാംഗങ്ങൾ തമ്മിൽ ആശയവിനിമയം വളര്‍ത്തിയെടുക്കുക, ഡിജിറ്റല്‍ അതിർത്തി സെറ്റ് ചെയ്യുക, മാനസിക പ്രശ്നങ്ങള്‍ മനസ്സിലാക്കുക എന്നിവയിലൂടെ ഇത്തരം ആസക്തികള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും.
സമൂഹ മാധ്യമങ്ങളുടെ അമിത ഉപയോഗത്തെക്കുറിച്ചും ഡിജിറ്റല്‍ ബേണ്‍ ഔട്ടിനെക്കുറിച്ചും കുട്ടികളില്‍ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളുകളുമായി ഷട്ട് ടീം സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. അനിയന്ത്രിത ഉപയോഗം തിരിച്ചറിയുക, അതിന്റെ കാരണങ്ങള്‍ കണ്ടെത്തുക, സ്ക്രീന്‍ സമയത്തിന് പകരം ഓഫ് ലൈന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, ആവശ്യമെങ്കിൽ ഷട്ട് പ്രവർത്തകരുടെ സഹായം തേടുക എന്നീ നാലു നിർദേശങ്ങളാണ് കുടുംബങ്ങള്‍ക്കു ഘട്ടംഘട്ടമായി പ്രാവര്‍ത്തികമാക്കന്‍ കഴിയുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

