കോൺഗ്രസ് വസ്തുതാന്വേഷണ സമിതി യോഗത്തിൽ ഭിന്നസ്വരം
text_fieldsബെല്ലാരിയിൽ സംഘർഷത്തിൽ മരിച്ച രാജശേഖറിന്റെ കുടുംബാംഗങ്ങളെ ഭവനമന്ത്രി സമീർ അഹ്മദ് ഖാൻ ആശ്വസിപ്പിക്കുന്നു
ബംഗളൂരു: ബെല്ലാരിയിൽ പാർട്ടി പ്രവർത്തകന്റെ മരണത്തിലേക്ക് നയിച്ച ഏറ്റുമുട്ടലിന് പിന്നിലെ സത്യം കണ്ടെത്തുന്നതിനായി കെ.പി.സി.സി രൂപവത്കരിച്ച മുതിർന്ന നേതാവ് എച്ച്.എം. രേവണ്ണയുടെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സമിതി യോഗം ചേർന്നപ്പോൾ ഭിന്നസ്വരങ്ങൾ.
അക്രമാസക്തമായ ഏറ്റുമുട്ടലിന് ഇരുഭാഗത്തെയും കോൺഗ്രസ് നേതാക്കളിൽ ഒരുവിഭാഗം കുറ്റപ്പെടുത്തിയപ്പോൾ സ്ഥിതിഗതികൾ വഷളാക്കിയത് കോൺഗ്രസ് എം.എൽ.എ നര ഭാരത് റെഡ്ഡിയും അദ്ദേഹത്തിന്റെ സഹായി സതീഷ് റെഡ്ഡിയുമാണെന്ന് ചില നേതാക്കൾ തുറന്നടിച്ചു. മുൻ എം.പി ജയപ്രകാശ് ഹെഗ്ഡെ, ചല്ലക്കെരെ എം.എൽ.എ രഘുമൂർത്തി, എം.പി കുമാർ നായക്, എം.എൽ.എമാരായ ജക്കപ്പനാവർ, ബസനഗൗഡ ബദർലി എന്നിവരടങ്ങുന്ന കെ.പി.സി.സി കമ്മിറ്റി പാർട്ടി പ്രവർത്തകരിൽനിന്നും സംഭവവുമായി ബന്ധപ്പെട്ടവരിൽനിന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരിൽനിന്നും വിവരങ്ങൾ ശേഖരിച്ചു.
എം.എൽ.എമാരായ ഭരത് റെഡ്ഡിയെയും ജെ.എൻ ഗണേഷിനെയും വെവ്വേറെ വിളിച്ച് സംഭവത്തെക്കുറിച്ച് അവരുടെ അഭിപ്രായങ്ങൾ ചോദിച്ചു.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും കെ.പി.സി.സി പ്രസിഡന്റും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാറിന്റെയും നിർദേശങ്ങൾ പാലിച്ച്, വ്യാഴാഴ്ച രാത്രിയിലെ ഏറ്റുമുട്ടലിനെക്കുറിച്ചുള്ള തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിൽനിന്നും പൊലീസ് ഉദ്യോഗസ്ഥരിൽനിന്നും ദൃക്സാക്ഷികളിൽനിന്നും വിവരങ്ങൾ ശേഖരിച്ചുവെന്ന് സമിതി ചെയർമാൻ രേവണ്ണ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മൂന്ന് ദിവസത്തിനുള്ളിൽ സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ട് മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തില്ല. സർക്കാറാണ് റിപ്പോർട്ട് പരസ്യമാക്കുക.
മരിച്ച യുവാവിന്റെ കുടുംബാംഗങ്ങൾക്ക് സർക്കാറും പാർട്ടിയും നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം ബെല്ലാരി ജില്ല ചുമതലയുള്ള മന്ത്രി ബിസെഡ് സമീർ അഹ്മദ് ഖാൻ കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകനായ രാജശേഖറിന്റെ കുടുംബത്തെ സന്ദർശിച്ചു. ബന്ധുക്കൾക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം കൈമാറുകയും ചേരി ബോർഡിൽനിന്ന് വീട് നൽകുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

