മൂല്യങ്ങളുടെ വീണ്ടെടുപ്പിന് ഹൃദയവിശുദ്ധിയിലേക്ക് മനുഷ്യനെ നയിക്കുക -ജി.കെ. എടത്തനാട്ടുകര
text_fieldsഡയലോഗ് സെന്റർ ബംഗളൂരു ചാപ്റ്റർ സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമത്തിൽ ജി.കെ. എടത്തനാട്ടുകര സംസാരിക്കുന്നു
ബംഗളൂരു: മൂല്യങ്ങൾ വീണ്ടെടുക്കണമെങ്കിൽ ഹൃദയവിശുദ്ധിയിലേക്ക് മനുഷ്യനെ നയിക്കുകയാണ് ഏക വഴിയെന്ന് എഴുത്തുകാരനും പ്രബോധകനുമായ ജി.കെ. എടത്തനാട്ടുകര അഭിപ്രായപ്പെട്ടു.
ഡയലോഗ് സെന്റർ ബംഗളൂരു ചാപ്റ്റർ സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്റെ കർമ്മങ്ങൾക്ക് ഭൗതികമായി മാത്രമല്ല ധാർമ്മികമായ മാനവുമുണ്ട്.
അവിടെ മനുഷ്യൻ വിജയിക്കണമെങ്കിൽ ഭൂമിയിൽ ഏറ്റവും നല്ല മനുഷ്യരായി ജീവിക്കുക എന്നുളളതാണ്. ജീവിതത്തിലെ ലക്ഷ്യവും ജീവിതത്തിന്റെ ലക്ഷ്യവും വ്യത്യസ്ഥമാണ്.
ഇന്ന് മനുഷ്യൻ ജീവിതത്തിലെ ലക്ഷ്യങ്ങളുടെ പുറകെയാണ് പോകുന്നത്. എന്നാൽ ജീവിതത്തിന്റെ ലക്ഷ്യം മറക്കുന്നു. ലക്ഷ്യം മറന്നുളള നെട്ടോട്ടത്തിനിടയിൽ ജീവിതം പരാജയപ്പെട്ടുപോകുന്നുവെന്നും വേദഗ്രന്ഥങ്ങളിലെ അധ്യാപനങ്ങളെ വീണ്ടുവിചാരങ്ങൾക്ക് വിധേയമാക്കേണ്ട സന്ദർഭമാണിതെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യൽ മീഡിയ നിയന്ത്രിക്കുന്ന വെറുപ്പിന്റെ ലോകക്രമത്തിൽ ജാതി- മത-ദേശ-വർണ ചിന്തക്കപ്പുറം മനുഷ്യരാണെന്ന സാഹോദര്യത്തോടെ ജീവിക്കുകയും മറ്റുള്ളവരെ ജീവിക്കാൻ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്തുകൊണ്ടേയിരിക്കണമെന്ന് നടനും സിനിമാ നാടക പ്രവർത്തകനുമായ പ്രകാശ് ബാരെ പറഞ്ഞു.
മാറത്തഹളളി എഡിഫിസ് വൺ ബാങ്ക്വറ്റ് ഹാളിൽ നടന്ന സൗഹൃദ ഇഫ്താർ സംഗമത്തിൽ ഷമീർ ആർകിടെക്ട്, ആർ.വി. ആചാരി, സുധാകരൻ രാമന്തളി, പ്രകാശ്ബാരെ, ഡോ. സുഷമ ശങ്കർ, ജി.കെ. എടത്തനാട്ടുകര, ശാന്തകുമാർ എലപ്പുളളി, വിനു, ടോമി ആലുങ്കൽ, മീര നാരായണൻ, സിന കെ.എസ്, ഹിത വേണുഗോപാൽ, ബിലു സി. നാരായണൻ, ടോമി, ഷാഹിന ഉമ്മർ, മുഹമ്മദ് കുനിങ്ങാട്, അമീൻ കുന്നുംപുറം, ശംസീർ വടകര തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി സഹൽ സ്വാഗതവും എ.എ. മജീദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

