ധർമസ്ഥല: എസ്.ഐ.ടി അന്വേഷണം ചിന്നയ്യക്കും തിമറോഡിക്കും എതിരെ
text_fieldsതിമറോഡിയുടെ വീട്ടിൽ ധർമസ്ഥല പ്രത്യേക അന്വേഷണ സംഘം റെയ്ഡിനെത്തുന്നു
മംഗളൂരു: ധർമസ്ഥല കൂട്ട ശവസംസ്കാര കേസ് അന്വേഷിക്കാൻ കഴിഞ്ഞ മാസം 19ന് സംസ്ഥാന സർക്കാർ രൂപവത്കരിച്ച പ്രത്യേക സംഘം (എസ്.ഐ.ടി) വെളിപ്പെടുത്തൽ നടത്തിയ മാണ്ഡ്യ സ്വദേശി ചിന്നയ്യ, ജസ്റ്റിസ് ഫോർ സൗജന്യ ആക്ഷൻ കമ്മിറ്റി ചെയർമാൻ മഹേഷ് ഷെട്ടി തിമറോഡി, അനന്യ ഭട്ടിന്റെ മാതാവ് സുജാത എന്നിവർക്കെതിരെ അന്വേഷണം തിരിച്ചുവിട്ടു.
ചിന്നയ്യയെ സംഘം ചൊവ്വാഴ്ച മഹേഷ് ഷെട്ടി തിമറോഡിയുടെ വസതിയിൽ കൊണ്ടുപോയി. സുജാത ഭട്ടിനെ നോട്ടീസ് അയച്ച് വിളിപ്പിച്ച് ബെൽത്തങ്ങാടി എസ്.ഐ.ടി ഓഫിസിൽ മൊഴിയെടുത്തു. തിമറോഡിയുടെയും സഹോദരൻ മോഹൻ ഷെട്ടിയുടെയും ഉജിരെയിലുള്ള വീട്ടിൽ താൻ അഭയം തേടിയതായി പരാതിക്കാരൻ ചിന്നയ്യ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. രാവിലെ അന്വേഷണ ഉദ്യോഗസ്ഥൻ ജിതേന്ദ്ര കുമാർ ദയാമയുടെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിൽ പരിശോധന നടത്തിയത്.
അന്വേഷണത്തിനായി ഉദ്യോഗസ്ഥർ തിങ്കളാഴ്ച ബെൽത്തങ്ങാടി കോടതിയിൽനിന്ന് സെർച്ച് വാറന്റ് നേടിയിരുന്നു. പരാതിക്കാരനും സാക്ഷിയുമായ ഇയാളെ കള്ളസാക്ഷ്യം ചുമത്തി അറസ്റ്റ് ചെയ്തതിനാൽ അദ്ദേഹത്തിന്റെ ഫോണും വസ്ത്രങ്ങളും ഉൾപ്പെടെയുള്ളവ എസ്.ഐ.ടി ഉദ്യോഗസ്ഥർ കണ്ടുകെട്ടി. കാണാതായെന്ന് പറയുന്ന അനന്യ ഭട്ടിന്റെ മാതാവ് സുജാത ഭട്ട് ചൊവ്വാഴ്ച പുലർച്ചെ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) ഓഫിസിൽ ഹാജരായി. ചൊവ്വാഴ്ച പുലർച്ചെ ബംഗളൂരുവിൽനിന്ന് കാറിൽ ബെൽത്തങ്ങാടിയിലെത്തിയ ഭട്ട് എസ്.ഐ.ടി ഓഫിസിൽ ഹാജരാക്കുകയായിരുന്നു.
മെഡിക്കൽ വിദ്യാർഥിനിയായിരുന്ന മകൾ അനന്യ 22 വർഷം മുമ്പ് ധർമസ്ഥലയിൽനിന്ന് അപ്രത്യക്ഷയായെന്ന് ജൂലൈ 15നാണ് അവർ ധർമസ്ഥല പൊലീസിന് പരാതി നൽകിയത്. കേസ് പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ഈയിടെ അവർ മൊഴിമാറ്റിയെങ്കിലും പരാതി പിൻവലിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

