ധർമസ്ഥല; എസ്.ഐ.ടി തലവൻ പ്രണബ് മൊഹന്തിയെ ഡി.ജി.പി സ്ഥാനത്തുനിന്ന് മാറ്റി
text_fieldsപ്രണബ് കുമാർ മൊഹന്തി, അരുൺ ചക്രവർത്തി
മംഗളൂരു: ധർമസ്ഥല വെളിപ്പെടുത്തൽ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) തലവൻ പ്രണബ് കുമാർ മൊഹന്തിയെ ചുമതലയിൽ നിന്ന് മാറ്റാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ചടുലനീക്കം. ആഭ്യന്തര സുരക്ഷ ഡി.ജി.പി സ്ഥാനത്തുനിന്ന് മൊഹന്തിയെ മാറ്റി പകരം എ.ഡി.ജി.പി അരുൺ ചക്രവർത്തിക്ക് സ്ഥാനക്കയറ്റം നൽകി നിയമിച്ചു.
അസാധാരണമായി ഒന്നും സംഭവിച്ചില്ലെങ്കിൽ ഇദ്ദേഹമാവും എസ്.ഐ.ടിയെ നയിക്കുക. നിഷ്പക്ഷ അന്വേഷണം സാധ്യമാവാൻ മൊഹന്തിയാവണം എസ്.ഐ.ടി അധ്യക്ഷൻ എന്ന വിരമിച്ച ജസ്റ്റിസിന്റെയും കൂട്ട ശവസംസ്കാര വെളിപ്പെടുത്തൽ നടത്തിയ പരാതിക്കാരന്റെ അഭിഭാഷകരുടെയും നിർദേശമായിരുന്നു സർക്കാർ പരിഗണിച്ചത്.
എന്നാൽ, കേസ് അന്വേഷണം ശവക്കുഴികൾ തോണ്ടുന്ന ഘട്ടത്തിലെത്തിയതോടെ മൊഹന്തിയെ കേന്ദ്രം എടുത്തു. കേന്ദ്ര ഡെപ്യൂട്ടേഷന് 35 ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതിൽ കർണാടകയിൽ നിന്ന് ഡി.ജി.പി പ്രണബ് കുമാർ മൊഹന്തിയെ മാത്രം ഉൾപ്പെടുത്തി.
കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയാലും മൊഹന്തിയെ എസ്.ഐ.ടി തലവൻ സ്ഥാനത്ത് നിലനിർത്താനാവുമോ എന്ന കാര്യം ചർച്ച ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര ബുധനാഴ്ച പറഞ്ഞെങ്കിലും അതിനകം തന്നെ മൊഹന്തിയെ കർണാടക സർവിസിൽനിന്ന് മാറ്റി പകരം നിയമനം നടത്തി ഭരണ വിഭാഗം അണ്ടർ സെക്രട്ടറി കെ.വി. അശോക ഉത്തരവ് ഇറക്കിക്കഴിഞ്ഞിരുന്നു. ഇതിന്റെ പകർപ്പ് ക്രമനമ്പർ പതിമൂന്നായി ആഭ്യന്തര മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് അയക്കുകയും ചെയ്തു.
പഞ്ചായത്തിന്റെ വാദം പൊളിഞ്ഞെന്ന് സുജാത ഭട്ടിന്റെ അഭിഭാഷകൻ
മംഗളൂരു: ധർമസ്ഥലയിൽ എസ്.ഐ.ടി നടത്തുന്ന അന്വേഷണത്തിനിടെ 15 അസ്ഥി അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെ ധർമസ്ഥല പഞ്ചായത്തിന്റെ വാദം പൊളിഞ്ഞതായി ധർമസ്ഥലയിൽ കാണാതായ അനന്യ ഭട്ട് എന്ന പെൺകുട്ടിയുടെ മാതാവ് സുജാത ഭട്ടിന്റെ അഭിഭാഷകൻ മഞ്ജുനാഥ്.
പഞ്ചായത്തിന് കീഴിൽ നടത്തിയ സംസ്കാര ചടങ്ങുകളെല്ലാം ഔദ്യോഗിക നടപടിക്രമത്തിലൂടെയാണെന്നും എല്ലാത്തിനും കൃത്യമായ രേഖകളുണ്ടെന്നുമുള്ള പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീനിവാസ റാവുവിന്റെ വാദമാണ് വ്യാഴാഴ്ച എസ്.ഐ.ടിയുടെ നിർണായക കണ്ടെത്തലിൽ പൊളിഞ്ഞത്.
എത്തിച്ചേരാൻ ഏറെ പ്രയാസമുള്ളതും അപകടകരവുമായ ഭാഗത്തുനിന്നാണ് അസ്ഥി അവശിഷ്ടങ്ങൾ കണ്ടെത്തിയതെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വാദങ്ങൾക്ക് വിരുദ്ധമാണിതെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
മനുഷ്യാസ്ഥികൾ കണ്ടെത്തിയ നിമിഷംതന്നെ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ കസ്റ്റഡിയിലെടുക്കണമായിരുന്നെന്നും അദ്ദേഹത്തെ ചോദ്യംചെയ്യുന്നതിലൂടെ മുടിവെക്കാൻ ശ്രമിക്കുന്ന സത്യങ്ങൾ പുറത്തുവരുമെന്നും അഭിഭാഷകൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

