ധർമസ്ഥലയിലെ വെളിപ്പെടുത്തൽ; എസ്.ഐ.ടി ഉടൻ അന്വേഷണം ഏറ്റെടുക്കുമെന്ന് ആഭ്യന്തര മന്ത്രി
text_fieldsബംഗളൂരു: ധർമസ്ഥലയിലെ ദുരൂഹ മരണങ്ങൾ സംബന്ധിച്ച അന്വേഷണം ഉടൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഏറ്റെടുക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര പറഞ്ഞു. എസ്.ഐ.ടി സംഘം അടുത്ത ദിവസം ദക്ഷിണ കന്നടയിലെ ധർമസ്ഥല സന്ദർശിച്ച് അന്വേഷണമാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര സുരക്ഷാ വിഭാഗം ഡി.ജി.പി ഡോ. പ്രണബ് മൊഹന്തിയാണ് എസ്.ഐ.ടി തലവൻ. ഐ.പി.എസ് ഉദ്യോഗസ്ഥരായ റിക്രൂട്ട്മെന്റ് വിഭാഗം ഡി.ഐ.ജി എം.എൻ. അനുഛേദ്, സെൻട്രൽ ആംഡ് റിസർവ് ഡി.സി.പി സൗമ്യലത, ആഭ്യന്തര സുരക്ഷാ വിഭാഗം എസ്.പി ജിതേന്ദ്ര കുമാർ ദയാമ എന്നിവരാണ് മറ്റംഗങ്ങൾ.
സ്ത്രീകളും കുട്ടികളുമടക്കം കൊല്ലപ്പെട്ട നൂറിലേറെ പേരെ നിർബന്ധപൂർവം കുഴിച്ചിടേണ്ടിവന്നെന്ന ധർമസ്ഥല മുൻ ശുചീകരണ തൊഴിലാളി കോടതിക്ക് മുന്നിൽ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് വിശദ അന്വേഷണത്തിനായി കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. നിലവിൽ ധർമസ്ഥല എസ്.ഐയാണ് കേസ് അന്വേഷിക്കുന്നത്.
ഉടൻ ധർമസ്ഥലയിലെത്തി അന്വേഷണം ആരംഭിക്കാൻ എസ്.ഐ.ടിക്ക് നിർദേശം നൽകിയതായി ആഭ്യന്തര മന്ത്രി പറഞ്ഞു. ധർമസ്ഥല പൊലീസ് സ്റ്റേഷനിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസ് അന്വേഷണം ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട എന്തു വിവരമുണ്ടെങ്കിലും കൈമാറണമെന്ന് ലോക്കൽ പൊലീസ് മുതൽ ഡയറക്ടർ ജനറൽ വരെയുള്ളവർക്ക് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.
എസ്.ഐ.ടി സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥർ വ്യകതിപരമായ കാരണങ്ങളാൽ അന്വേഷണത്തിൽ ചേരാൻ താൽപര്യം പ്രകടിപ്പിക്കുന്നില്ലെന്ന് മാധ്യമപ്രവർത്തകർ ചോദ്യമുയർത്തിയപ്പോൾ, ആരെങ്കിലും അത്തരത്തിൽ അപേക്ഷ നൽകിയാൽ അവരെ മാറ്റി പകരം ആളെ എസ്.ഐ.ടിയിൽ നിയമിക്കുമെന്ന് പരമേശ്വര പ്രതികരിച്ചു.
അതേസമയം, എസ്.ഐ.ടി ടീമിലുൾപ്പെട്ട ഡി.ഐ.ജി എം.എൻ. അനുഛേദും ഡി.സി.പി സൗമ്യ ലതയും സർക്കാറിന് കത്തുനൽകിയതായാണ് വിവരം. തങ്ങളെ അന്വേഷണ സംഘത്തിൽനിന്ന് മാറ്റണമെന്നാണ് ഇരുവരുടെയും ആവശ്യം. ഇരുവരെയും വൈകാതെ അന്വേഷണ സംഘത്തിൽനിന്ന് മാറ്റിയേക്കുമെന്നാണ് ആഭ്യന്തര മന്ത്രി നൽകുന്ന സൂചന.
അഭിഭാഷകരായ ഓജസ്വി ഗൗഡ, സച്ചിൻ ദേശ്പാണ്ഡെ എന്നിവർ ജൂൺ 22ന് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കത്തിൽനിന്നാണ് സ്തോഭജനകമായ വാർത്ത ആദ്യം പുറംലോകമറിയുന്നത്. അജ്ഞാതനായ ഒരാൾ സ്ത്രീകളുടെ നൂറുകണക്കിന് മൃതദേഹങ്ങൾ സംസ്കരിച്ചിട്ടുണ്ടെന്നും ഒരു മൃതദേഹത്തിന്റെ തലയോട്ടി ബെൽത്തങ്ങാടി പൊലീസിന് കൈമാറിയിട്ടുണ്ടെന്നും അവർ പുറത്തുവിട്ട കത്തിൽ പറഞ്ഞിരുന്നു.
പിന്നീട്, ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയായ 48 കാരനെ ഇരുവരും കോടതിയിൽ ഹാജരാക്കി മൊഴി നൽകി. ജൂലൈ മൂന്നിന് അഭിഭാഷകരുടെ സഹായത്തോടെ ഇയാൾ ദക്ഷിണ കന്നട എസ്.പിക്ക് പരാതി നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ധർമസ്ഥല പൊലീസ് ഭാരതീയ ന്യായ സംഹിതയിലെ 211 എ വകുപ്പുചേർത്ത് 39/2025 എന്ന നമ്പറിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
രാജ്യത്തെ ഞെട്ടിച്ച വെളിപ്പെടുത്തലിൽ ലോക്കൽ പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്ന ആരോപണമുയർന്ന സാഹചര്യത്തിൽ, കൂട്ടക്കൊല സംബന്ധിച്ച വസ്തുതകൾ പുറത്തുകൊണ്ടുവരാൻ സർക്കാർ എസ്.ഐ.ടി അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
കർണാടക വനിതാ കമീ ഷനും റിട്ട. സുപ്രീംകോടതി ജഡ്ജ് ജസ്റ്റിസ് വി.ഗോപാല ഗൗഡയുടെ നേതൃത്വത്തിലുള്ള മനുഷ്യാവകാശ കൂട്ടായ്മയും വെളിപ്പെടുത്തൽ നടത്തിയ ശുചീകരണ തൊഴിലാളിയുടെ അഭിഭാഷകരും മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ഇതേ ആവശ്യമുന്നയിച്ചിരുന്നു.
സമഗ്ര അന്വേഷണം വേണം-സ്പീക്കർ
മംഗളൂരു: ധർമസ്ഥലയിൽ നടന്നതായി ആരോപിക്കപ്പെടുന്ന കൂട്ട ശവസംസ്കാര കേസിൽ സമഗ്ര അന്വേഷണം നടക്കണമെന്ന് കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന സർക്കാർ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം സത്യം പുറത്തുകൊണ്ടുവരട്ടെയെന്ന് അദ്ദേഹം പ്രത്യാശിച്ചു.
അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ മുൻവിധിയോടെയുള്ള നിഗമനങ്ങളിലോ വിധിന്യായത്തിലോ എത്തുന്നത് ശരിയല്ല. ഒരു പുണ്യസ്ഥലത്തിന്റെ പവിത്രതയിൽ വിട്ടുവീഴ്ച ചെയ്യരുത്. അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് വിധിന്യായത്തിൽ എത്തുന്നതിനെക്കുറിച്ച് ആത്മപരിശോധന നടത്തേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

