ധർമസ്ഥല ബലാത്സംഗം; കൊലപാതക പരമ്പര അന്വേഷണത്തിന് എസ്.ഐ.ടി രൂപവത്കരിക്കണം -വനിത കമീഷൻ
text_fieldsമംഗളൂരു: രണ്ട് പതിറ്റാണ്ടുകളായി ധർമസ്ഥലയിൽ നടന്ന തിരോധാനങ്ങൾ, അസ്വാഭാവിക മരണങ്ങൾ, ലൈംഗികാതിക്രമങ്ങൾ എന്നിവ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപവത്കരിക്കണമെന്ന് കർണാടക സംസ്ഥാന വനിത കമീഷൻ അധ്യക്ഷ നാഗലക്ഷ്മി ചൗധരി മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടു. ദക്ഷിണ കന്നട ജില്ലയിലെ ധർമസ്ഥല ഒരു പ്രധാന തീർഥാടന കേന്ദ്രമാണ്.അവിടെ മഞ്ജുനാഥനാണ് പ്രധാന ദേവൻ. സമീപകാല മാധ്യമ റിപ്പോർട്ടുകളും നൂറുകണക്കിന് മൃതദേഹങ്ങൾ പ്രദേശത്ത് കുഴിച്ചിട്ടിട്ടുണ്ടെന്ന് അവകാശപ്പെട്ട ഒരു വ്യക്തി കോടതിയിൽ നടത്തിയ പ്രസ്താവനയും ഉദ്ധരിച്ച ചൗധരി, സ്ഥിതിഗതികൾ അഗാധമായി ആശങ്കാജനകമാണ്, ഇതിന് ഉടനടി നിഷ്പക്ഷമായ അന്വേഷണം ആവശ്യമാണ് എന്ന് വിശേഷിപ്പിച്ചു.
മാധ്യമ റിപ്പോർട്ടുകൾ കമീഷൻ ഗൗരവമായി എടുത്തിട്ടുണ്ട്. അതിൽ മനുഷ്യന്റെ തലയോട്ടി കണ്ടെടുത്തുവെന്ന അവകാശവാദങ്ങളും ഉൾപ്പെടുന്നു. കാണാതായ ഒരു മെഡിക്കൽ വിദ്യാർഥിയുടെ കുടുംബം ആശങ്കകൾ ഉന്നയിച്ചു. ഈ വെളിപ്പെടുത്തലുകൾ സ്ത്രീകളും വിദ്യാർഥികളും ഉൾപ്പെടുന്ന വ്യവസ്ഥാപിതമായ ദുരുപയോഗം, കൊലപാതകം, ബലാത്സംഗം, വിശദീകരിക്കാനാകാത്ത മരണങ്ങൾ എന്നിവയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് മുഖ്യമന്ത്രിക്കയച്ച കത്തിൽ ചൗധരി പറഞ്ഞു. കാണാതായവരെ സംബന്ധിച്ച് നിരവധി കുടുംബങ്ങൾ മുമ്പ് പൊലീസിനെ സമീപിച്ചിരുന്നു. എന്നാൽ, പലർക്കും അധികൃതരിൽ നിന്ന് നിസ്സംഗമായ പ്രതികരണമാണ് ലഭിച്ചതെന്ന് ചെയർപേഴ്സൻ ആരോപിച്ചു.
സ്ത്രീകളെ കാണാതായതിനെക്കുറിച്ചോ അസ്വാഭാവിക മരണങ്ങളെക്കുറിച്ചോ കുടുംബങ്ങൾ പരാതികൾ രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുമ്പോൾ പൊലീസ് ഉദ്യോഗസ്ഥർ വേണ്ടവിധം പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന ആരോപണമുണ്ടെന്ന് അവർ പറഞ്ഞു. ആരോപണങ്ങളുടെ ഗൗരവമേറിയ സ്വഭാവവും ദീർഘകാലമായി പരിഹരിക്കപ്പെടാതെ കിടക്കുന്ന കുറ്റകൃത്യങ്ങളുടെ സാധ്യതയും കണക്കിലെടുത്ത്, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാണ് ആവശ്യം.
കഴിഞ്ഞ 20 വർഷത്തിനിടെ ധർമസ്ഥല മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ത്രീകളെയും വിദ്യാർഥികളെയും കാണാതായ കേസുകൾ, അസ്വാഭാവിക മരണങ്ങൾ, കൊലപാതകങ്ങൾ, ലൈംഗികാതിക്രമ സംഭവങ്ങൾ എന്നിവയിൽ സമഗ്രവും പക്ഷപാതപരവുമായ അന്വേഷണം നടത്താൻ ഒരു ഉന്നതതല എസ്.ഐ.ടി രൂപവത്കരിക്കണമെന്ന് അഭ്യർഥിക്കുന്നതായും ചൗധരി കത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

